വെളുപ്പിനഴക്

കെട്ടിലും മട്ടിലും വിശാലമായ ശാന്തഭാവമുള്ള വീട്

സമകാലിക ശൈലിക്കു പ്രാമുഖ്യമുള്ള അകത്തളത്തില്‍ അലങ്കാരവേലകളുടെ അതിപ്രസരം ഒഴിവാക്കാന്‍ ശ്രദ്ധിച്ചു.

അലങ്കാരപ്പണികളൊന്നുമില്ലാതെ, കെട്ടിലും മട്ടിലും വിശാലമായ എന്നാല്‍ ശാന്തഭാവമുള്ള ഒരു വീടൊരുക്കണമെന്ന ആവശ്യവുമായാണ് അങ്കമാലി സ്വദേശി തോമസ് ഡിസൈനറെ സമീപിച്ചത്.

ഡിസൈനറായ ഷാനവാസ് കെ (ഷാനവാസ് & അസോസിയേറ്റ്സ്, കോഴിക്കോട്) ആണ് എലിവേഷനില്‍ പാരമ്പര്യത്തനിമയും അകത്തളത്തില്‍ സമകാലിക സൗന്ദര്യവും സമന്വയിക്കുന്ന വീടിന്‍റെ ശില്‍പ്പി.

പൂര്‍ണ്ണമായും ചെരിച്ചു വാര്‍ക്കുന്നതിനു പകരം മുകള്‍ഭാഗത്ത് ട്രസ്വര്‍ക്ക് ചെയ്ത് ആറ്റിക് സ്പേസ് സ്റ്റോറേജിനായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ്.

മുന്‍മുറ്റം കുറവായതിനാലാണ് തുറസ്സായ നയം പിന്തുടരുന്ന ചുറ്റുമതില്‍ ഉയരം കുറച്ചുകെട്ടിയത്. വിശാലമായ പോര്‍ച്ചില്‍ ഒരേ സമയം രണ്ട് കാറുകള്‍ പാര്‍ക്ക് ചെയ്യാനാകും.

സ്കൈലിറ്റായി ഒരുക്കിയ പോര്‍ച്ചിനു മുകളില്‍ ടെറസ് ഗാര്‍ഡനുമുണ്ട്. അപ്പര്‍ലിവിങ്ങ്, മുകള്‍നിലയിലെ കിടപ്പുമുറികള്‍ എന്നിവയ്ക്കനുബന്ധമായി നല്‍കിയ ബാല്‍ക്കണികള്‍ എലിവേഷനില്‍ ദൃശ്യമാകുന്നുണ്ട്.

വീട് അതീവ വിശാലമായി തോന്നുന്നതിനു വേണ്ടിയാണ് എലിവേഷനില്‍ നീളന്‍ ജനാലകള്‍ ധാരാളമായി ഉള്‍പ്പെടുത്തിയത്. ഫാള്‍സ് സീലിങ്ങിന് ജിപ്സവും, പാനലിങ്ങിന് മലേഷ്യന്‍ ഇരുളും, നിലമൊരുക്കാന്‍ വിട്രിഫൈഡ് ടൈലും ഉപയോഗിച്ചു.

പൂമുഖത്ത് നിന്ന് ഫോയറിലൂടെ വിശാലമായ ഒരു ഹാളിലേക്കാണ് കടക്കുന്നത്. ഈ ഹാളിന്‍റെ വിവിധ ഇടങ്ങളിലാണ് ഫോര്‍മല്‍ ലിവിങ്ങ്, ഫാമിലി ലിവിങ്ങ്, ഡൈനിങ്ങ് എന്നിവ ക്രമീകരിച്ചത.്

ജാളിവര്‍ക്കും വെനീര്‍ ഗ്ലാസ് കോമ്പിനേഷന്‍ പാര്‍ട്ടീഷനുമാണ് ഇവയെ തമ്മില്‍ വിഭജിക്കുന്നത്. ഫാള്‍സ് സീലിങ്ങ് ഒഴിച്ചുള്ള അലങ്കാരങ്ങള്‍ ഒരിടത്തുമില്ല.

ലപ്പോത്ര ഫിനിഷ് ഗ്രനൈറ്റ് പടവുകളുള്ള ഗോവണി, ടിവി യൂണിറ്റ് ഉള്‍ച്ചേര്‍ത്ത ഫാമിലി ലിവിങ്ങില്‍ നിന്നാണ് ആരംഭിക്കുന്നത്. ഫാമിലി ലിവിങ്ങിനു മുകളിലെ ഡെക്കിലും ഗോവണിയുടെ കൈവരി നിര്‍മ്മിക്കാനും മലേഷ്യന്‍ ഇരുളാണ് ഉപയോഗിച്ചത്.

എട്ടുപേര്‍ക്കിരിക്കാവുന്ന ഡൈനിങ്ങിന്‍റെ പിന്നിലാണ് ‘ഡ’ഷേപ്പ് ഓപ്പണ്‍ കിച്ചന്‍. പ്ലൈവുഡ് മൈക്ക കോമ്പിനേഷനിലൊരുക്കിയ ഈ ഏരിയയ്ക്ക് ലാമിനേറ്റ് ഫിനിഷാണ് നല്‍കിയത്. മിതമായ ഒരുക്കങ്ങളുള്ള വര്‍ക്കേരിയയും അടുക്കളയ്ക്കനുബന്ധമായുണ്ട്.

സര്‍വന്‍റ്സ്റൂം ഉള്‍പ്പെടെ നാല് ബാത് അറ്റാച്ച്ഡ് ബെഡ്റൂമുകളാണ് ഈ ഇരുനിലവീട്ടിലുള്ളത്. ഉപയുക്തത ആധാരമാക്കിയ ഒരുക്കമേ സര്‍വന്‍റ്സ്റൂമിലുള്ളൂ. മികച്ച വായുസഞ്ചാരം ഉറപ്പാക്കി ഒരുക്കിയ മറ്റ് നാല് കിടപ്പുമുറികളിലും ടിവി പാനലുകളുണ്ട്.

ഇവയുടെയെല്ലാം ഹെഡ്ബോര്‍ഡുകളില്‍ വ്യത്യസ്ത പാറ്റേണുകളിലുള്ള വെനീര്‍ സ്ട്രിപ്പുകളുണ്ട്. ഐവറി നിറത്തില്‍ പെയിന്‍റ് ചെയ്താണ് ഇവയുടെ ഹെഡ്സൈഡ് വാളുകള്‍ ഹൈലൈറ്റ് ചെയ്തത്.

മുകള്‍നിലയിലെ കിടപ്പുമുറികളുടെ ഹെഡ്ബോര്‍ഡുകള്‍ ‘ഘ’ ഷേപ്പിലാണ്. ഇരിപ്പിടങ്ങളാല്‍ സമൃദ്ധമായ അപ്പര്‍ലിവിങ്ങിനു പിന്നിലാണ് സര്‍വന്‍റ്സ്റൂം. വര്‍ക്കേരിയയില്‍ നിന്നുള്ള പ്രത്യേക ഗോവണി വഴിയാണ് ഇവിടേക്ക് പ്രവേശനം.

ഓപ്പണ്‍ ടെറസില്‍ സ്ഥാപിച്ച മെറ്റല്‍ ഗോവണി ആറ്റിക് സ്പേസിലേക്കാണ് നയിക്കുന്നത്. അമിതാഡംബരങ്ങളില്ലാതെ, കെട്ടുറപ്പോടെ ഒരുക്കാനായി എന്നതാണ് വീടിന്‍റെ പ്രത്യേകത.

Fact File

  • Designer: Shanavas Kuruppath (Shanavas & Associates, Architectural & Interior Designers, Calicut)
  • Project Type: Residential House
  • Owner: Thomas K.C
  • Location: Angamali, Ernakulam
  • Year Of Completion: 2018
  • Area: 4526 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
About vpadmin 141 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*