ഹൃദയപൂര്‍വ്വം

ഈ അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമയെ അറിയാത്ത മലയാളികളുണ്ടാവില്ല;
കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി നിര്‍വ്വഹിച്ച,അനേകരുടെ ഹൃദയതാളത്തിനു സര്‍ജറിയിലൂടെയും, ചികിത്സയിലൂടെയും പുതുജീവന്‍ പകര്‍ന്നിട്ടുള്ള അനേകായിരം മലയാളികളുടെ പ്രിയ ഡോക്ടറായ പത്മശ്രീ ജോസ് ചാക്കോ പെരിയപ്പുറത്തിന്റേതാണ് ഈ അപ്പാര്‍ട്ട്‌മെന്റ്. ഹോസ്പിറ്റലിലെ തിരക്കുകളില്‍ നിന്നും മടങ്ങി സ്വന്തം വാസസ്ഥലത്ത് എത്തുമ്പോള്‍ ലഭിക്കുന്ന സ്വസ്ഥത. അത് ആസ്വദിക്കാനാവും വിധം സമാധാനം പകരുന്ന, ശാന്തിയേകുന്ന ഒരു താളം പകരുവാന്‍ കഴിയുന്നതാകണം താമസസ്ഥലം എന്നതായിരുന്നു ഡോക്ടറുടെ ആവശ്യം.

ഫ്‌ളാറ്റിന്റെ അകത്തളങ്ങള്‍ക്ക് ഹൃദ്യമായ താളം പകര്‍ന്ന ഡിസൈനര്‍ ബിനുകുമാര്‍ ഡോക്ടര്‍ പറഞ്ഞ ‘സ്വച്ഛത; സ്വസ്ഥത’ എന്ന നിര്‍ദ്ദേശങ്ങള്‍ മുഖ്യമായും പരിഗണിച്ചു. വര്‍ണ്ണപ്രപഞ്ചമില്ല, വെളുപ്പ് നിറത്തിനാണ് പ്രാമുഖ്യം. കൂടാതെ ബ്രൈറ്റ് കളറുകളിലെ ചില ഷേഡുകള്‍ അങ്ങിങ്ങ് ഉപയോഗിച്ചിരിക്കുന്നു. ഫര്‍ണിച്ചറിന്റെ ആധിക്യമില്ല. സീലിങ്ങിലും അല്ലാതെയും മൂഡ് ക്രിയേഷനു ഉതകുംവിധമുള്ള ലൈറ്റിങ് സംവിധാനം. ഒരു കന്റംപ്രറി ഡിസൈന്‍ നയമാണ് സ്വീകരിച്ചിട്ടുള്ളത്.

നിറങ്ങളുടെ കാര്യത്തില്‍ കടുംനിറങ്ങള്‍ വേണ്ട എന്ന് ഡോക്ടര്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. ഫര്‍ണിഷിങ് ഇനങ്ങളിലും മറ്റുമായി ഏതാനും വര്‍ണ്ണങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. മൊത്തത്തില്‍ മനസിനു ശാന്തിയേകുന്ന വെള്ളനിറത്തിനു തന്നെയാണ് പ്രാധാന്യം. തുറന്നതും വിശാലവുമായ നയമാണ് ഡിസൈനിങ്ങില്‍ സ്വീകരിച്ചിട്ടുള്ളത്. ഫാമിലി ലിവിങ്ങും, ഗസ്റ്റ് ലിവിങ്ങും പ്രത്യേകം വേണമെന്നുള്ളതും ഡോക്ടറുടെ മറ്റൊരു നിര്‍ബന്ധമായിരുന്നു. മറൈന്‍ ഡ്രൈവിലെ കായലിന്റെ തീരത്താണ് ഫ്‌ളാറ്റ് എന്നതിനാല്‍ പുറത്തേയ്ക്കുള്ള കാഴ്ചയ്ക്ക് ഭംഗിയേറും. കായല്‍ക്കാഴ്ചകളെ ഒപ്പിയെടുക്കുന്ന തരത്തിലുള്ള ബാല്‍ക്കണിയുള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഈ അപ്പാര്‍ട്ട്‌മെന്റിന്റെ മുഖ്യാകര്‍ഷണങ്ങളിലൊന്ന്.

ഫോയര്‍
ക്ലാഡിങ്, വുഡ് എന്നിവയുപയോഗിച്ചുള്ള അലങ്കാരവും ലൈറ്റിങ് സംവിധാനവുമാണ് ഫോയര്‍ ഏരിയയുടെ ഹൈലൈറ്റ്. ഭിത്തിയില്‍ മധ്യഭാഗത്ത് വുഡുപയോഗിച്ച് തീര്‍ത്തിരിക്കുന്ന ഷെല്‍ഫുകള്‍ക്കുള്ളില്‍ ഡോക്ടര്‍ ജോസ് ചാക്കോയ്ക്ക് ലഭിച്ച പുരസ്‌ക്കാരങ്ങളാണ്. ഇരിപ്പിടമായി സ്റ്റോറേജ് സൗകര്യമുള്ള ഒരു ചെറിയ സോഫ. ഇത് ഷൂറാക്ക് ആയും മറ്റ് സ്റ്റോറേജിനും ഉപയോഗിക്കുവാനാകും. ജിപ്‌സം ഉപയോഗിച്ച് ഫാള്‍സ് സീലിങ് ചെയ്ത് നല്‍കിയിരിക്കുന്ന കോവ് ലൈറ്റിങ് പകരുന്ന മനോഹാരിതയാണ് മറ്റൊന്ന്.

ഗസ്റ്റ് ലിവിങ്/ഫാമിലി ലിവിങ്
അതിഥികള്‍ക്കും വീട്ടുകാര്‍ക്കുമായി പ്രത്യേകം ലിവിങ് ഏരിയകള്‍ വേണമെന്നുള്ളത് ഈ കുടുംബത്തിന്റെ ആവശ്യമായിരുന്നു. ഫോയര്‍, ഫോര്‍മല്‍ ലിവിങ് ഏരിയകള്‍ തമ്മില്‍ ഭാഗികമായ ഒരു പാര്‍ട്ടീഷന്‍ മാത്രമേയുള്ളു. ചെറിയൊരു അരഭിത്തി, അതില്‍ കൗതുകവസ്തുക്കള്‍ നിരത്തുവാനുള്ള സൗകര്യത്തോടെ ഏതാനും ബോക്‌സ് മാതൃകകള്‍. മഞ്ഞ, വെള്ള നിറങ്ങള്‍ കൊണ്ട് ഇവ എടുത്തു നില്‍ക്കുന്നു. ഫാമിലി ലിവിങ്ങും, ഗസ്റ്റ് ലിവിങ്ങും തമ്മില്‍ സ്റ്റോറേജോടു കൂടിയ ഒരു ഹാഫ് ഭിത്തി മാത്രം. ഇരിപ്പിടങ്ങളുടെ പിന്നിലുള്ള ഭിത്തിക്ക് ഗ്രേ കളറാണ്. അതില്‍ നീളമുള്ള സ്ട്രിപ്പുകളായി നിഷുകള്‍ നല്‍കിയിരിക്കുന്നു. ഇരിപ്പിടങ്ങള്‍ക്ക് ഇളംനിറങ്ങളാണ്. ഫര്‍ണിഷിങ് ഇനങ്ങളായ കുഷ്യനിലും, കാര്‍പ്പെറ്റിലും മാത്രം അല്പം തെളിഞ്ഞ നിറങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. സീലിങ് ഹൈലൈറ്റ് ചെയ്യാന്‍ ഇവിടെ ജിപ്‌സവും വുഡും ഉപയോഗിച്ചിട്ടുണ്ട്. ഫാമിലി ലിവിങ്ങിലാണ് ടിവിയുടെ സ്ഥാനം. ഇവിടെ ഫാമിലി ഏരിയയ്ക്ക് നല്‍കിയിരിക്കുന്ന ബാല്‍ക്കണി കായല്‍ക്കാഴ്ചയും, കാറ്റും ഉറപ്പാക്കുന്നു.

ഡൈനിങ് ഏരിയ

ലിവിങ് ഏരിയകളില്‍ നിന്നും ഡൈനിങ് ഏരിയയെ വേര്‍തിരിക്കുന്നത്, പരസ്പരം കാണാനാവുന്ന വിധമുള്ള നാമമാത്രമായ ഒരു പാര്‍ട്ടീഷനാണ്. പ്രെയര്‍ ഏരിയ, ക്രോക്കറി ഇനങ്ങള്‍ എന്നിവയ്‌ക്കെല്ലാമുള്ള സൗകര്യം ഡൈനിങ് ഏരിയയുടെ ഭിത്തിയിലാണ്. പ്രെയര്‍ ഏരിയ സജ്ജമാക്കിയിട്ടുള്ള ഭിത്തിയില്‍ വുഡന്‍ പാനലിങ് നല്‍കി, ലൈറ്റിങ് സംവിധാനങ്ങളും കൊണ്ട് ആകര്‍ഷകമാക്കിയിരിക്കുന്നു. ഡൈനിങ് ഏരിയയില്‍ കൃത്യമായ വെളിച്ചം പകരാന്‍ കോവ്‌ലൈറ്റിങ്ങിനു പുറമെ രണ്ട് ഹാങ്ങിങ് ലൈറ്റുകള്‍ കൂടിയുണ്ട്. വിശാലതയിലും വെണ്‍മയിലും മുന്നിട്ടു നില്‍ക്കുന്നു, അകത്തളങ്ങളെല്ലാം. ഡൈനിങ്ങിനോട് ചേര്‍ന്നു തന്നെയാണ് വാഷ് ഏരിയയുടെയും സ്ഥാനം. എങ്കിലും ഇത് വളരെ ഒതുക്കത്തിലാണ്. ലാക്വേഡ് ഗ്ലാസ് ആണ് ഡൈനിങ് ഏരിയയില്‍ കബോഡിനും മറ്റും ഉപയോഗിച്ചിരിക്കുന്നത്.

കുട്ടികളുടെ മുറി
കുട്ടികളുടെ മുറികളും ഗസ്റ്റ് ബെഡ്‌റൂമും ഏതാണ്ട് പൂര്‍ണ്ണമായും തന്നെ
ബ്ലാക്ക് & വൈറ്റ് നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഫര്‍ണിഷിങ് ഇനങ്ങള്‍,പെയിന്റിങ് ഇവയിലൊക്കെ അങ്ങിങ്ങായി ചില വര്‍ണ്ണങ്ങള്‍ ഉപയോഗിച്ചിട്ടുമുണ്ട്. പഠന സൗകര്യത്തിനുതകും വിധമുള്ള ലൈറ്റിങ് സംവിധാനങ്ങള്‍. ജാലകങ്ങളിലൂടെ കായല്‍ക്കാഴ്ചകള്‍ ഇവിടെയും എത്തിനോക്കും.

മാസ്റ്റര്‍ ബെഡ്‌റൂം
വിശാലവും ബ്ലാക്ക് & വൈറ്റ് നിറത്തിന്റെ അകമ്പടിയോടെയുമാണ് മാസ്റ്റര്‍ ബെഡ്‌റൂം. വുഡന്‍ ഫ്‌ളോറിങ്ങാണിവിടെ. ഫര്‍ണിഷിങ് ഇനങ്ങള്‍ക്ക് മാത്രം വര്‍ണ്ണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. എഴുതുവാനും, വായിക്കുവാനും കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുമുള്ള പ്രത്യേകം സൗകര്യങ്ങള്‍. വാഡ്രോബുകള്‍ക്ക് ലാക്വേഡ് ഗ്ലാസ് ഉപയോഗിച്ചുള്ള ഷട്ടറുകളാണ്. ഇവ മുറിയുടെ വെണ്‍മ ഇരട്ടിയാക്കുന്നു. വാം/വൈറ്റ്/മിക്‌സഡ് എന്നിങ്ങനെ വിവിധ തരം ലൈറ്റിങ് രീതികള്‍ ആവശ്യാനുസരണം ഉപയോഗിക്കുവാന്‍ കഴിയും വിധമുള്ള, മൂഡ് ക്രിയേഷന് ഉതകുന്ന, മനസിനു ശാന്തിയേകുന്ന തരത്തിലുള്ള ഒരുക്കങ്ങളാണ് നല്‍കിയിരിക്കുന്നത്. ഒരു ഭിത്തിയില്‍ പൂര്‍ണ്ണമായും നല്‍കിയിരിക്കുന്ന സ്ലൈഡിങ് ഡോര്‍ തുറന്നു വച്ചാല്‍ കൊച്ചിക്കായലിന്റെ വിശാലതയും, മനോഹാരിതയും, പച്ചത്തുരുത്തുകളും മറ്റു കാഴ്ചകളും ഉള്ളിലെത്തുകയായി.

 കിച്ചന്‍
നാലു പേര്‍ക്കിരുന്നു ഭക്ഷണം കഴിക്കുവാന്‍ പാകത്തിന് ബ്രേക്ക് ഫാസ്റ്റ് സൗകര്യത്തോടെ വിശാലമായി തന്നെയാണ് അടുക്കളയുടെ ഡിസൈന്‍. എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും കൃത്യമായ ലൈറ്റിങ്ങും വെണ്‍മയും ചേര്‍ത്താണ് ആധുനിക അടുക്കള ഡിസൈന്‍ ചെയ്തിരിക്കുന്നത്. കിച്ചന്‍ കൗണ്ടര്‍ടോപ്പിനു നാനോ വൈറ്റും, കൗണ്ടര്‍ ടോപ്പിനു മുകളിലുള്ള ക്യാബിനറ്റുകളുടെ ഷട്ടറുകള്‍ക്ക് ലാക്വേഡ് വൈറ്റ് ഗ്ലാസുമാണ്. വെണ്‍മയുടെയും കായല്‍ക്കാഴ്ചകളുടേയും നിറവില്‍ മനസ്സിനു ശാന്തത പകരുന്ന അകത്തളം.