വയനാടിന്‍ മടിത്തട്ടില്‍

വയനാട് പഴയ വയനാടൊന്നും അല്ല ഇപ്പോള്‍. പണ്ടുണ്ടായിരുന്ന ഇടുങ്ങിയ വഴികളും കൊച്ചു ടൗണുകളും എല്ലാം വികസിച്ചു കഴിഞ്ഞു. പൂര്‍ണ്ണമായും മാഞ്ഞിട്ടില്ലാത്ത പച്ചപ്പിനു നടുവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കോണ്‍ക്രീറ്റ് സൗധങ്ങള്‍ പാതയോരങ്ങളിലുടനീളം കാണാം- മറ്റേതൊരു ജില്ലയിലേയും പോലെ തന്നെ ഗൃഹനിര്‍മ്മാണത്തിലെ തനതു വയനാടന്‍ ശൈലിയും മാറ്റങ്ങള്‍ക്കു വിധേയമായിക്കഴിഞ്ഞിരിക്കുന്നു.

കന്റംപ്രറി ശൈലിക്ക് ഇവിടെയും ആവശ്യക്കാരുണ്ട് എന്നു തെളിയിക്കുന്നവയാണ്. പാതയോരത്തെ കെട്ടിടങ്ങള്‍ പലതും. കല്പറ്റയ്ക്കടുത്ത് ചുണ്ടയില്‍ ഉള്ള ഈ വീടും കന്റംപ്രറി ശൈലിയെ പ്രതിനിധീകരിക്കുന്നു. ചുണ്ട ടൗണില്‍ നിന്നും തേയിലക്കാടുകള്‍ക്കിടയിലൂടെ ഒന്നര കിലോമീറ്ററോളം വളഞ്ഞും തിരിഞ്ഞും കുന്നു കയറി ചെല്ലുന്നത് കാപ്പിയും കുരുമുളകും ഏലവും ഇഞ്ചിയും മഞ്ഞളുമെല്ലാം വിളഞ്ഞു നില്‍ക്കുന്ന സമൃദ്ധമായ കൃഷിയിടത്തിലേക്കാണ്. അതിനു നടുവിലാണ് വീടിന്റെ സ്ഥാനം.

പച്ചപ്പിനു നടുവില്‍

ചുറ്റിനും നിറഞ്ഞ പച്ചപ്പായതിനാലും ചെറിയൊരു കുന്നിന്‍ പ്രദേശമായതിനാലും ചുറ്റുപാടും കാഴ്ചകള്‍ക്ക് പഞ്ഞമൊന്നുമില്ല. കാര്‍ഷിക മേഖലയായതിനാല്‍ മണ്ണിന്റെ മടിത്തട്ടിലിരിക്കുന്ന ഒരു അനുഭവമാണിവിടെ. ഈ വീടിരിക്കുന്നതും പ്രകൃതിയുടെ മടിത്തട്ടിലാണ്. കോഴിക്കോടുള്ള ഹൈറിസ് ഡിസൈനിലെ ഷാനവാസാണ് ഈ വീടിന്റെ മുഴുവന്‍ പണികള്‍ക്കും നേതൃത്വം നല്‍കിയിരിക്കുന്നത്.

വെള്ളത്തിനു അല്പം ബുദ്ധിമുട്ടുള്ള സ്ഥലമായിരുന്നതിനാല്‍ ഘട്ടം ഘട്ടമായിട്ടാണ് പണി തീര്‍ന്നത് എന്ന് ഷാനവാസ് പറഞ്ഞു. വീട്ടുടമകളായ മുഹമ്മദും കുടുംബവും ഒരു പാട് നിബന്ധനകളൊന്നും വച്ചിരുന്നില്ല. എല്ലാപണിയും കഴിയുമ്പോള്‍ 2500 സ്‌ക്വയര്‍ഫീറ്റില്‍ താഴെ നില്‍ക്കണം, വീടിന്റെ ഏരിയ. മുന്‍ഭാഗത്ത് മുറ്റം വേണം, സിറ്റൗട്ട് ഒരു വരാന്ത പോലെ നീളത്തില്‍ വേണം എന്നിങ്ങനെ ഏതാനും ചില നിര്‍ദ്ദേശങ്ങള്‍ മാത്രം പറഞ്ഞിരുന്നു.
വലിയൊരു പ്ലോട്ടിനു നടുവില്‍ 25 സെന്റ് സ്ഥലമാണ് ഇവര്‍ വീടുനിര്‍മ്മാണത്തിനു തെരഞ്ഞെടുത്തത്. അതിനാല്‍ വീടിനു ചുറ്റിനും ലാന്‍ഡ്‌സ്‌കേപ്പിനും പച്ചക്കറി കൃഷിക്കും എല്ലാം സ്ഥലം ലഭിച്ചിട്ടുണ്ട്. കന്റംപ്രറി ശൈലിയാണ് വീടിനു സ്വീകരിച്ചത്. ഫ്‌ളാറ്റ് റൂഫായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത് എങ്കിലും കാലാവസ്ഥാ ഘടകങ്ങളെ പരിഗണിച്ച് സ്ലോപിങ് റൂഫു തന്നെ ആക്കുകയായിരുന്നു. ‘ ഘ’ ആകൃതിയുള്ള തുറന്ന വരാന്ത പിന്നിട്ട് അകത്തേക്ക് കടന്നാല്‍ വെണ്‍മയുടെ പ്രഭയിലുള്ള അകത്തളത്തിലേക്കാണ് കാലെടുത്തു വയ്ക്കുക. വുഡന്‍ ബ്രൗണ്‍, വൈറ്റ് നിറങ്ങളുടെ ചേരുവയാണ് ഉള്ളിലെമ്പാടും സ്വീകരിച്ചിരിക്കുന്നത്.

മിനിമലിസ്റ്റിക് നയത്തില്‍

ലിവിങ്, ഡൈനിങ്, പ്രെയര്‍ ഏരിയ, ഒരു കിടപ്പുമുറി, പാന്‍ട്രികിച്ചന്‍, വര്‍ക്കിങ് കിച്ചന്‍ -ഇത്രയും താഴെ നിലയില്‍. മുകളില്‍ മൂന്നു കിടപ്പുമുറികള്‍, അപ്പര്‍ ലിവിങ്, ഓപ്പണ്‍ടെറസ് എന്നിങ്ങനെയാണ് വീട്ടകത്തെ സൗകര്യങ്ങള്‍. മുകള്‍നിലയില്‍ ആദ്യം രണ്ട് കിടപ്പുമുറി മാത്രമേ പ്ലാന്‍ ചെയ്തിരുന്നുള്ളൂ. ഏതാണ്ട് പണി പൂര്‍ത്തിയാകാറായപ്പോഴാണ് വീട്ടുകാര്‍ മുകളില്‍ ഒരു റൂം കൂടി വേണമെന്ന് പറയുന്നത്. അങ്ങനെ ഒരു കിടപ്പുമുറി കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ വീടിന്റെ ഏരിയ 2400 സ്‌ക്വയര്‍ ഫീറ്റായി.അകത്തളങ്ങളില്‍ ഒരു കന്റംപ്രറി മിനിമലിസ്റ്റിക് നയമാണ്. ഫര്‍ണിച്ചറിന്റെ ആധിക്യമില്ല. ലിവിങ്, ഡൈനിങ്, കിടപ്പുമുറികള്‍ തുടങ്ങിയ ഏരിയകളെല്ലാം വുഡുപയോഗിച്ചുള്ള സീലിങ് വര്‍ക്കും ലൈറ്റിങ്ങും കൊണ്ട് ഹൈലൈറ്റ് ചെയ്തിരിക്കുന്നു.

ലിവിങ്ങും ഡൈനിങ്ങും തമ്മില്‍ ക്യൂരിയോസ് ഷെല്‍ഫു കൊണ്ടൊരു പാര്‍ട്ടീഷന്‍ തീര്‍ത്തിരിക്കുന്നു. വീടിന്റെ ഇരുനിലകളിലും മുന്‍ഭാഗത്ത് തുറസ്സായ വരാന്തകള്‍. ഇത് പുറത്തെ കാഴ്ചകളാസ്വദിക്കുവാന്‍ ലക്ഷ്യമിട്ടുള്ളതാകുന്നു. മുകള്‍നിലയുടെ ഭാഗമായ ടെറസില്‍ ഇരിപ്പിട സൗകര്യവുമുണ്ട്. പടിഞ്ഞാറ് ദിക്കിനഭിമുഖമായാണ് വീടിന്റെ സ്ഥാനം. കോടമഞ്ഞിന്റെയും കാറ്റിന്റെയും ഭംഗിയും തലോടലുമേറ്റ് സായാഹ്നങ്ങള്‍ ചെലവഴിക്കാം; പ്രഭാതത്തിന്റെ കുളിര് നുകരാം. മഴക്കാലത്താണ് വീടിന് കൂടുതല്‍ ഭംഗി എന്ന് വീട്ടുകാരും ഷാനവാസും പറയുന്നു. വീടിന്റെ ജനാലകള്‍ക്ക് വെള്ളനിറം തെരഞ്ഞെടുത്തതും വീടിന്റെ ഭംഗി കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു. വയനാടിന്റെ മണ്ണില്‍ ആധുനിക പരിവേഷമണിഞ്ഞു നില്‍ക്കുന്ന കന്റംപ്രറി ശൈലി വീട് കാലാവസ്ഥയോടും പ്രകൃതിയോടും ഇണങ്ങിത്തന്നെയാണ് നിലകൊള്ളുന്നത്.