വിശാല സുന്ദരം; ഈ ഭവനം

കോഴിക്കോടുകാരന്‍ അബ്ദുള്‍ സമദ് വീടു ഡിസൈന്‍ ചെയ്യാന്‍ ആര്‍ക്കിടെക്റ്റിനെ സമീപിച്ചപ്പോള്‍ തനിക്ക് വീടിനകത്തു വേണ്ട അവശ്യസൗകര്യങ്ങളെപ്പറ്റിയാണ് അധികവും വാചാലനായത്. ഏതു ശൈലി, എന്തു രൂപം ഇതൊന്നും അദ്ദേഹത്തിനു വിഷയമല്ലായിരുന്നു. ‘L’ ഷേപ്പില്‍ നീളത്തിലുള്ള 14.50 സെന്റ് പ്ലോട്ടില്‍ പറഞ്ഞതിലുമധികം സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 3535 സ്‌ക്വയര്‍ ഫീറ്റില്‍ വീട് ഒരുക്കിക്കൊടുത്തത് ആര്‍ക്കിടെക്റ്റ് അക്ബര്‍ ഖാന്‍ (അക്ബര്‍ ഖാന്‍ അസോസ്സിയേറ്റ്‌സ്, കോഴിക്കോട്) ആണ്.സമകാലിക ശൈലിയില്‍ ഫ്രണ്ട് എലിവേഷന്‍ ചെയ്തിരിക്കുന്ന വീടിന്റെ റൂഫിങ് പൂര്‍ണ്ണമായും ഒരേ നിരപ്പിലാണ് ചെയ്തിരിക്കുന്നത്. ‘L’ ഷേപ്പില്‍ നീളം കൂടുതലും വീതി കുറവുമുള്ള പ്ലോട്ടിന്റെ ഒരറ്റത്തായാണ് വീടിരിക്കുന്നത്. ചുവപ്പ്-ഗ്രേ നിറച്ചേരുവയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മുഖപ്പ് ഗേറ്റ് കടന്ന് വരുന്ന ആരുടെയും ശ്രദ്ധ കവരും വിധം ആകര്‍ഷകമാണ്.

വീടിന് രണ്ട് പ്രവേശനമാര്‍ഗ്ഗങ്ങളാണുള്ളത്. അകത്തേക്കുള്ള പാസേജ് രണ്ട് ചെറുവഴികളായി ചെയ്തിരിക്കുന്നു. വശങ്ങളില്‍ ഗാര്‍ഡന്‍ ഒരുക്കിയിട്ടുണ്ട്. ഹരിതാഭമായ ഈ അന്തരീക്ഷമാണ് അതിഥികളെ അകത്തേക്ക് ആനയിക്കുക. വീടിന്റെ കാര്‍പോര്‍ച്ചിന് പായ്ക്കപ്പലിന് സമാനമായ ടെന്‍സൈല്‍ റൂഫ് നല്‍കിയിരിക്കുന്നത് ശ്രദ്ധേയമാണ്. ആറോളം പേര്‍ക്ക് സുഖമായിരുന്നു സംസാരിക്കാന്‍ കഴിയും വിധം ഒരുക്കിയിരിക്കുന്ന പൂമുഖത്തിന്റെ അതേ വിശാലത തന്നെയാണ് വീടും, വീട്ടകവും കാത്തുവച്ചിരിക്കുന്നത്. വീടിനകത്തും പുറത്തും നല്‍കിയിട്ടുള്ള നേര്‍രേഖകളുടെ ക്രിയാത്മകമായ കൂടിച്ചേരല്‍ ആണ് ഈ വീടിന്റെ ഹൈലൈറ്റ്. കര്‍വ്വുകള്‍ ഒഴിവാക്കി ഡിസൈന്‍ ചെയ്തിട്ടുള്ള വീടിന്റെ തനിമ നിലനിര്‍ത്തുന്നത് ഈ സ്‌ട്രെയിറ്റ് ലൈന്‍ നയമാണ്.

പ്രൗഢിയോടെ മുറികള്‍

ഒരു വീടിന്റെ പ്രൗഢിയെ മൊത്തത്തില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന അകത്തളത്തിലെ പ്രധാന ഇടങ്ങളിലൊന്നാണ് വീടിന്റെ ഫോര്‍മല്‍ ലിവിങ്. മറ്റു മുറികളിലേക്കൊന്നും പ്രവേശിക്കാതെ ഇവിടെ വരെ മാത്രം വന്നു പോകുന്ന അതിഥികളെ കംഫര്‍ട്ട് സോണില്‍ ഇരുത്താന്‍ കഴിയും
വിധമാണ് ഫോര്‍മല്‍ ലിവിങ്ങിന്റെ ഒരുക്കങ്ങള്‍. ഇഷ്ടികച്ചുവരുകള്‍ക്ക് പകരം ഒരു ഭാഗത്ത് ലാമിനേറ്റഡ് ടഫന്റ്ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു. മറ്റു ചുവരുകളില്‍ വെനീറും നല്‍കിയിരിക്കുന്നു. സമൃദ്ധമായ പുറംകാഴ്ചകള്‍ കണ്ട് പകല്‍ വെളിച്ചത്തിന്റെ അകമ്പടിയില്‍ അതിഥികള്‍ക്കിവിടെ വിശ്രമിക്കാം. ഡൈനിങ്ങിലും സമാനമായ ലാമിനേറ്റഡ് ടഫന്റ് ഗ്ലാസ് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. സുതാര്യമായ ഗ്ലാസുകളില്‍ വെയില്‍ വീഴാതെയുള്ള തരത്തിലാണ് റൂഫിങ് ചെയ്തിരിക്കുന്നത്.

കോമണ്‍ ഏരിയകളുടെ ഫ്‌ളോറിങ്ങിന് ഇറ്റാലിയന്‍ മാര്‍ബിളും മറ്റു മുറികളില്‍ സെറാമിക് ടൈലുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറില്‍ രണ്ട് മുറികള്‍ക്കാണ് സ്ഥാനം. തുറന്നനയത്തിലുള്ള അകത്തളത്തില്‍ ഡൈനിങ്ങിന് സമീപമായി ടിവി യൂണിറ്റും അതിനനുബന്ധമായി ഇരിപ്പിടങ്ങളും ഒരുക്കിയിരിക്കുന്നു. സ്റ്റെയര്‍ ആരംഭിക്കുന്നതിന് വശങ്ങളിലായാണ് ടിവി യൂണിറ്റിന്റെ സ്ഥാനം.കലാപരമായ രീതിയില്‍ രൂപഭംഗിയുള്ള കൈവരികളാണ് സ്റ്റെയറിന്റേത്. കൈവരികളിലെ പാറ്റേണ്‍ ഗ്രൗണ്ട് ഫ്‌ളോറില്‍ നിന്ന് ആരംഭിച്ച് ഫസ്റ്റ് ഫ്‌ളോറിന്റെ അരഭിത്തികള്‍ (അരമതിലുകള്‍) വരെ തുടര്‍ന്നിരിക്കുന്നു. ഫാമിലി ലിവിങ്ങിന്റെ അതിരുകള്‍ക്ക് ഇതൊരു അലങ്കാരമാകുന്നുണ്ട്.

വാം ലൈറ്റിങ്ങിന് പ്രാധാന്യം

കണ്ണിനിമ്പമാര്‍ന്ന വെളിച്ചവിതാനമാണ് വീട്ടിലുടനീളം ഒരുക്കിയിട്ടുള്ളത്. ഫോര്‍മല്‍ ലിവിങ്ങിലും ഡൈനിങ് ഏരിയയ്ക്ക് സമീപവും ഫാമിലി ലിവിങ്ങിലും ലൈറ്റിങ്ങില്‍ തുടര്‍ച്ച പാലിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്റ്റെയര്‍ കയറിച്ചെല്ലുന്നതിന് മുകളിലായി ഒന്നിലധികം ലാംപുകള്‍ വര്‍ത്തുളാകൃതിയില്‍ തൂക്കിയിരിക്കുന്നത് ശ്രദ്ധേയമാണ്. ഒരേ സമയം ഫസ്റ്റ് ഫ്‌ളോറിലും ഗ്രൗണ്ട് ഫ്‌ളോറിലും ഇവിടെ നിന്ന് വെളിച്ചമെത്തുന്നു.

വെനീര്‍ ഫിനിഷിന്റെ മായാജാലം

അഞ്ച് കിടപ്പുമുറികളില്‍ രണ്ടെണ്ണം ഗ്രൗണ്ട് ഫ്‌ളോറിലും മൂന്നെണ്ണം ഫസ്റ്റ് ഫ്‌ളോറിലുമാണ് സജ്ജീകരിച്ചിട്ടുള്ളത്. ഫര്‍ണിഷിങ്, ഇന്റീരിയര്‍, ഫാള്‍സ് സീലിങ് ഇവയ്ക്കായി പ്ലൈവുഡ്, പിവിസി ഷീറ്റ്, മൈക്ക എന്നിവ ഉപയോഗിച്ചിരിക്കുന്നു. വാഡ്രോബുകളിലും അകത്തളങ്ങളിലെ ചുവരുകളിലും തുടരുന്ന ‘യൂണിഫോമിറ്റി’ ഇത്തരത്തിലെ വെനീര്‍ ഫിനിഷ് മായാജാലത്താല്‍ സാധ്യമാക്കിയെടുത്തതാണ്. കിച്ചനിലും മൈക്കയും, പിവിസി ബോര്‍ഡുമാണ് അധികമായി ഉപയോഗിച്ചിരിക്കുന്നത്. വിശാലമായ വീടിന്റെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി താരതമ്യേന ചെറിയ കിച്ചനാണ് വീടിന്റേത്. ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോട് കൂടിയ ഐലന്റ് കിച്ചനില്‍ റസ്റ്റിക് ഗ്രീന്‍ നിറത്തിലുള്ള സുന്ദരമായ കബോര്‍ഡുകള്‍ മൈക്ക കൊണ്ട് ഒരുക്കിയെടുത്തിരിക്കുന്നു. ലളിതമായ കരകൗശല വസ്തുക്കളാല്‍ അകത്തളാലങ്കാരങ്ങള്‍ക്ക് മാറ്റ് കൂട്ടാനും കഴിഞ്ഞിട്ടുണ്ട്. ഉപയോഗപ്രദമായ, കാഴ്ചക്ക് കൗതുകകരമായ വസ്തുക്കളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഫോര്‍മല്‍ ലിവിങ്ങിലെ ക്ലോക്ക് തന്നെ ഇതിനൊരുദാഹരണമാണ്. വിശാലമായ ലാന്‍ഡ്‌സ്‌കേപ്പുമുണ്ട് വീടിന്. അകത്തും പുറത്തും അവശ്യമായ സൗകര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടും ഏറെ വിശാലമായുമാണ് ഈ വീടൊരുക്കിയിരിക്കുന്നത്.