ചാലിയാറിന്റെ തീരത്ത്‌

പ്രശാന്തസുന്ദരമായി ഒഴുകുന്ന ചാലിയാര്‍ പുഴയുടെ തീരത്ത് പച്ചപ്പട്ടുവിരിച്ചു നില്‍ക്കുന്ന സുന്ദരമായ ഗ്രാമമാണ് ‘അരീക്കോട്.’ നഗരത്തിനോട് ചേര്‍ന്നു കിടക്കുന്ന സ്വച്ഛശാന്തമായ ഈ ഗ്രാമത്തിന്റെ സുഖശീതളിമയ്ക്കു നടുവിലാണ് പ്രവാസിയായ തൊയീബ് അലിയുടെയും കുടുംബത്തിന്റെയും അതിമനോഹരമായ വീട്.പഴമയുടെ അംശങ്ങളും ഒപ്പം ആധുനികസൗകര്യങ്ങളും ഒത്തുചേര്‍ന്ന് രൂപം കൊണ്ടതാണ് അരീക്കോടുള്ള ഈ ഗേഹം. ”പരമ്പരാഗതശൈലിക്കു പ്രാധാന്യം നല്‍കിയുള്ള ഒരുക്കങ്ങള്‍ വേണം. എന്നാല്‍ അകത്തളങ്ങളില്‍ ആധുനിക സൗകര്യങ്ങളും ഉണ്ടാവണം” എന്നതായിരുന്നു വീട്ടുടമസ്ഥന്റെ ആവശ്യം. മണലാരണ്യത്തിന്റെ ചൂടുപിടിപ്പിക്കുന്ന ജീവിതസാഹചര്യങ്ങളില്‍ നിന്നൊഴിഞ്ഞ് ഒരു ഫാം ഹൗസിന്റേതായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന ഒരു ട്രഡീഷണല്‍ കണ്‍ട്രി സ്റ്റൈല്‍ വീടായിരുന്നു ക്ലയന്റിന്റെ മനസ്സിലുണ്ടായിരുന്നത്. ക്ലയന്റിന്റെ ഈ ആഗ്രഹത്തെ മനോഹരമായി നിര്‍വ്വഹിച്ചിരിക്കുകയാണ് 33.5 സെന്റ് പ്ലോട്ടില്‍, 5178 സ്‌ക്വയര്‍ഫീറ്റുള്ള ഈ വീട്ടില്‍ ആര്‍ക്കിടെക്റ്റ് മുഹമ്മദ് ആഷിക് (ഇവോള്‍വിങ് റാഡിക്കല്‍ ഏയ്‌സ്‌തെറ്റിക്‌സ് (ഋഞഅ), കോഴിക്കോട്).

കന്റംപ്രറിയാണ് ഡിസൈനിങ് നയം. പണ്ടുകാലത്ത് കാണുന്ന രീതിയിലുള്ള ചെരിഞ്ഞ മേല്‍ക്കൂരയും തുറന്നനയവും ആഷും വെളുപ്പും ഇടകലര്‍ന്ന നിറവും കൂടിയായപ്പോള്‍ എലിവേഷന്‍ സുന്ദരമായി. വീടിനു മുന്നില്‍ നേരെ തന്നെയുള്ള കാര്‍പോര്‍ച്ചില്‍ നിന്നും നീളത്തിലും വിശാലവുമായി ഡിസൈന്‍ ചെയ്ത വരാന്തയിലേക്കാണ് പ്രവേശനം. അവിടെനിന്നും ഫോയര്‍വഴി ഓപ്പണ്‍ കണ്‍സെപ്റ്റിലൊരുക്കിയ വിശാലമായ ലിവിങ് – ഡൈനിങ് ഏരിയകളിലേക്ക് കടക്കാം. ലിവിങ്, ഡൈനിങ്, മുകളിലും താഴെയുമായി അഞ്ച് കിടപ്പുമുറികള്‍, സ്വിമ്മിങ്പൂള്‍, സ്‌റ്റെയര്‍കേസ് ഏരിയ, പ്രയര്‍റൂം, കിച്ചന്‍, വര്‍ക്കേരിയ എന്നിങ്ങനെയാണ് ഇന്റീരിയര്‍ സ്‌പേസുകള്‍.

ഓപ്പണ്‍ഫീലില്‍ പ്രധാനവാതില്‍ കടന്ന് വലതു ഭാഗത്തായാണ് ഡബിള്‍ ഹൈറ്റിലൊരുക്കിയ ലിവിങ്‌റൂം സജ്ജീകരിച്ചിരിക്കുന്നത്. മറ്റ് ഏരിയകളിലെ ഫ്‌ളോര്‍ ലെവലില്‍ നിന്നും ഒരുപടി താഴെയായിട്ടാണ് ലിവിങ്‌റൂം. ഡൈനിങ് ഏരിയയ്ക്ക് ഒരു പാര്‍ട്ടീഷന്‍ പോലെ വര്‍ത്തിക്കുന്ന കര്‍വ്വ് ആകൃതിയിലുള്ള നെടുനീളന്‍ ഭിത്തിയാണ് ലിവിങ്ങിനെ ശ്രദ്ധേയമാക്കുന്നത്. നാച്വറല്‍ ഗ്രനൈറ്റ് ക്ലാഡിങ് ചെയ്ത ഭിത്തിയില്‍ മറൈന്‍പ്ലൈവുഡില്‍ ചെയ്ത മൂന്ന് ലഡ്ജുകളും കൊടുത്തു. വുഡന്‍ ഫ്‌ളോറിങ്ങും ഈ ഏരിയയെ ശ്രദ്ധേയമാക്കുന്നു. ഡൈനിങ്ങിലെ വുഡന്‍ ഡൈനിങ് ടേബിളും സീലിങ്ങിലെ വുഡന്‍ പാനലിങ്ങും ശ്രദ്ധേയമാണ്. വാം ലൈറ്റിങ്ങാണ് ഡൈനിങ് ഏരിയയെ പ്രകാശപൂരിതമാക്കുന്നത്. ഡൈനിങ്ങിനോട് ചേര്‍ന്ന് സ്റ്റോറേജോടു കൂടിയ വാഷ് ഏരിയയും ഒരുക്കിയിരിക്കുന്നു.
ഡൈനിങ്ങില്‍ നിന്നാണ് അപ്പര്‍ ലെവലിലേക്കുള്ള സ്റ്റെയര്‍കേസ് ആരംഭിക്കുന്നത്. സ്റ്റെയര്‍കേസിനോട് ചേര്‍ന്ന് രണ്ട് പടി താഴെയായി ഒരു ഇന്റേണല്‍ കോര്‍ട്ട്‌യാര്‍ഡിനും അതിനോട് ചേര്‍ന്ന് ഒരു പ്രെയര്‍ ഏരിയയ്ക്കും സ്ഥാനം കൊടുത്തിരിക്കുന്നു.

പൂളാണ് കേന്ദ്രതാരം

വീടിന്റെ പ്രധാന ആകര്‍ഷണമാണ് പ്രധാന വാതില്‍ കടന്ന് ആദ്യം കാണുന്ന സ്വിമ്മിങ്പൂള്‍. വീടിന്റെ പ്രധാന ഏരിയകളില്‍ നിന്നെല്ലാം പൂളിലേക്ക് വ്യൂ ലഭിക്കുന്ന ഒരു ഡിസൈനാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇതിനെ ഫോക്കസ് ചെയ്യുന്ന രീതിയിലാണ് മറ്റ് ഏരിയകള്‍. പൂളിലേക്ക് ഗ്ലാസിന്റെ സ്ലൈഡിങ് ഡോറാണുള്ളത്. ഇവിടെ ചെറിയ സിറ്റിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഫാമിലി ലിവിങ്ങിനു പുറകിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ഐലന്റ് കിച്ചന്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. സ്‌ട്രെയിറ്റ് ലൈനിലാണ് കൗണ്ടര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കബോര്‍ഡുകള്‍ പ്ലൈവുഡില്‍ ഓട്ടോപെയിന്റ് ചെയ്തിരിക്കുന്നു. കൗണ്ടര്‍ടോപ്പിന് ഗ്രനൈറ്റും വാള്‍ക്ലാഡിങ്ങിന് നോര്‍മല്‍ ടൈലുമാണ് ഉപയോഗിച്ചിരിക്കുന്നത്.

കിടപ്പുമുറികളെല്ലാം തന്നെ ട്രഡീഷണല്‍ ശൈലിക്ക് പ്രാധാന്യം നല്‍കി ഒന്നിനോടൊന്നു വ്യത്യസ്തമായി ഒരുക്കിയവയാണ്. പഴമയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് മാസ്റ്റര്‍ ബെഡ്‌റൂമിലെ കട്ടിലിന്റെ ഡിസൈന്‍. പൂളിലേക്ക് നോട്ടം ലഭിക്കുന്ന രീതിയില്‍ ബെഡ്‌റൂമില്‍ നിന്നും രണ്ട് എന്‍ട്രികളും കൊടുത്തിട്ടുണ്ട്. വുഡന്‍ സീലിങ്ങും ശ്രദ്ധേയമാണ്.
കുട്ടികള്‍ക്കായി ഒരുക്കിയ മറ്റ് രണ്ടു ബെഡ്‌റൂമുകളും കട്ടിലിന്റെ ഡിസൈനും സീലിങ്ങും ലൈറ്റിങ്ങും എല്ലാം കൊണ്ട് വ്യത്യസ്തമാകുന്നു. വെളിച്ചത്തിനു പ്രാധാന്യം നല്‍കി ഒരുക്കിയ വെന്റിലേഷനുകളും സീലിങ്ങിലെ വുഡന്‍ റാഫ്റ്ററുകള്‍ ബീം പോലെ കൊടുത്തിരിക്കുന്നതും സ്റ്റോറേജ് സൗകര്യവും എല്ലാം മൂത്തകുട്ടിക്കായി ഒരുക്കിയ മുറിയുടെ പ്രത്യേകതകളാണ്. മുകള്‍നിലയില്‍ ഒരു ഹോംതീയേറ്ററിനും സ്ഥാനമുണ്ട്.

കന്റംപ്രറി ശൈലിയില്‍ പാരമ്പര്യമൂല്യങ്ങള്‍ക്കു പ്രാധാന്യം നല്‍കി ഒരുക്കിയ വീട് ഒരു ഫാം ഹൗസിന്റേതായ അന്തരീക്ഷം കാഴ്ച വയ്ക്കുന്നതാണ്. തങ്ങള്‍ മനസ്സില്‍ കരുതിയതിനേക്കാള്‍ ഭംഗിയായി വീടൊരുക്കി നല്‍കാന്‍ ആര്‍ക്കിടെക്റ്റിന് കഴിഞ്ഞതായി വീട്ടുകാരും സമ്മതിക്കുന്നു.