മൂന്നു മുഖങ്ങളുള്ള വീട്‌

പുറംകാഴ്ചയില്‍ പാരമ്പര്യത്തനിമയും അകത്തളങ്ങളില്‍ ആധുനികതയും ഇഴചേര്‍ത്തൊരുക്കിയ വീടാണിത്. നീളന്‍ പൂമുഖവരാന്തയും വീടിന്റേയും പോര്‍ച്ചിന്റെയും ചെരിഞ്ഞ മേല്‍ക്കൂരയുമാണ് ആദ്യകാഴ്ചയില്‍ കണ്ണിലുടക്കുക. വീടിന്റെ വടക്കും, കിഴക്കും ഭാഗങ്ങള്‍ റോഡിനഭിമുഖമായതിനാല്‍ ഈ രണ്ടുവശങ്ങളും തുല്യപ്രാധാന്യത്തോടെയാണ് ഒരുക്കിയത്. ഈ രണ്ടു ഭാഗത്തും വരാന്തയുടെ ഇരുവശങ്ങളിലും പ്ലാന്റര്‍ ബോക്‌സ് നല്‍കിയിട്ടുണ്ട്. വരാന്തകളുടെ മേല്‍ക്കൂര മാത്രം ചെരിച്ചു വാര്‍ത്ത് മറ്റിടങ്ങളുടെ പരന്ന മേല്‍ക്കൂരയുടെ മുകളില്‍ ട്രസ്‌വര്‍ക്കും ചെയ്ത് ചെരിഞ്ഞ മേല്‍ക്കൂരയെന്ന പ്രതീതി ഉളവാക്കുകയായിരുന്നു.

വീടിന്റേയും പോര്‍ച്ചിന്റേയും മുഖപ്പില്‍ വുഡ് വര്‍ക്കും, സോഫ്റ്റ് ഗ്ലാസും ഇടം നേടിയിട്ടുണ്ട്. സിഎന്‍സി പാറ്റേണിലുള്ള വുഡ് വര്‍ക്കാണ് പൂമുഖത്തേയും പോര്‍ച്ചിലേയും തൂണുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത്. പില്ലറുകള്‍ക്കിടയിലെ വുഡ് വര്‍ക്കിനൊപ്പം പോര്‍ച്ചില്‍ കളേര്‍ഡ് ഗ്ലാസും, പൂമുഖത്ത് സോഫ്റ്റ് ഗ്ലാസുമാണ് ഇടംനേടിയത്. പൊതുഇടങ്ങള്‍ സ്ഥിതി ചെയ്യുന്ന വടക്കുഭാഗത്തെ ഭിത്തിയില്‍ ഗ്രില്ലില്ലാത്ത ആറു പാളികളുള്ള സ്ലൈഡിങ് ഫോള്‍ഡിങ് വിന്‍ഡോകളാണ് ഇടംപിടിച്ചത്. സുരക്ഷ മുന്‍നിര്‍ത്തി റിമോട്ട് ഉപയോഗിച്ചു നിയന്ത്രിക്കാവുന്ന പെര്‍ഫോറേറ്റഡ് ഷട്ടറുകളാണ് ഇവയില്‍ സ്ഥാപിച്ചത്. വിശാലമായ പ്ലോട്ടില്‍ സ്ഥിതി ചെയ്യുന്ന വീടിനു ചുറ്റും കരിങ്കല്ലു പാകി നടപ്പാതയും പുല്‍ത്തകിടിയും ഒരുക്കിയിട്ടുണ്ട്.

ഡിസൈന്‍: ആര്‍ക്കിടെക്റ്റ് രാഹുല്‍ പയസ് തോമസ് & ആര്‍ക്കിടെക്റ്റ് ശാന്തി രാഹുല്‍, ഡിസൈന്‍ ഐഡന്റിറ്റി, കോട്ടയം/കൊച്ചി 
ഫോണ്‍: 9539076054 ക്ലയന്റ്: സോണി ജോര്‍ജ്സ്ഥലം: ഏറ്റുമാനൂര്‍, കോട്ടയം വിസ്തീര്‍ണ്ണം: 6000 സ്‌ക്വയര്‍ഫീറ്റ്‌ പ്ലോട്ട്: 50 സെന്റ്‌