നേര്‍രേഖകളെ ആസ്പദമാക്കി

സമകാലിക ശൈലിക്കിണങ്ങും വിധം ലളിതമായ നേര്‍രേഖകളെ ആസ്പദമാക്കി ഒരുക്കിയ വീടാണിത്. വിശാലമായ പ്ലോട്ടിന്റെ വലതു വശത്താണ് ഗേറ്റ് എന്നതിനാല്‍ വീടിന്റെ മുന്‍ഭാഗവും വലതുഭാഗവും ഒരുപോലെ കാഴ്ചാപ്രാധാന്യം നല്‍കിയാണ് ഒരുക്കിയത്. വിവിധ തട്ടുകളിലെങ്കിലും ഒരേ പാറ്റേണിലുള്ള രണ്ടു ചെരിഞ്ഞ മേല്‍ക്കൂരകളാണ് വീടിന്റെ മുന്‍ഭാഗത്തുള്ളത്. വൈറ്റ്, ഡാര്‍ക്ക് ഗ്രേ, ലൈറ്റ് ഗ്രേ നിറങ്ങള്‍ സമന്വയിപ്പിച്ചൊരുക്കിയ മേല്‍ക്കൂരകളുടെ മുഖപ്പില്‍ സ്റ്റോണ്‍ ക്ലാഡിങ്ങും, ബ്ലൈന്‍ഡുകളെ അനുസ്മരിപ്പിക്കുന്നവിധത്തിലുള്ള സിമന്റ് പ്ലാസ്റ്ററിങ്ങും ചെയ്തിട്ടുണ്ട്. ഫാമിലിലിവിങ്, ഡൈനിങ് എന്നിവയുടെ മധ്യത്തിലും; സ്റ്റെയര്‍ ഏരിയയിലും സ്‌കൈലൈറ്റ് നല്‍കിയതിനാല്‍ പകല്‍ സമയത്ത് വീട്ടകം പ്രകാശസമൃദ്ധമായിരിക്കും. ധാരാളം ജനാലകള്‍ ഉള്‍ച്ചേര്‍ത്ത് ക്രോസ് വെന്റിലേഷന്‍ ഉറപ്പാക്കിയാണ് ഇവിടുത്തെ അകത്തളങ്ങള്‍ ഒരുക്കിയത്.

 വ്യത്യസ്ത ബോക്‌സ് മാതൃകകള്‍ക്കകത്താണ് പുറം ഭിത്തിയിലെ ഫ്രഞ്ച് ജനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വിശാലമായ മുന്‍മുറ്റത്തിനിരുവശവും പുല്‍ത്തകിടി ഒരുക്കിയിട്ടുണ്ട്. സ്വയം പ്രവര്‍ത്തിക്കുന്ന ലോണ്‍ സ്പ്രിങ്ക്‌ളിങ് സിസ്റ്റവും, സൂര്യപ്രകാശം മങ്ങുമ്പോള്‍ സ്വയം തെളിയുന്ന ലാന്‍ഡ്‌സ്‌കേപ്പ് ലൈറ്റുകളുമാണ് ഇവിടെയുള്ളത്. പ്രകൃതിദത്ത കല്ലുകള്‍ പാകിയ ഡ്രൈവ്‌വേയിലൂടെയാണ് വീട്ടിലേക്കെത്തുന്നത്. കോളം ഒഴിവാക്കി മുന്‍ഭാഗം പുറത്തേക്കു തള്ളിനില്‍ക്കും വിധം കാന്റിലിവര്‍ ചെയ്താണ് കാര്‍പോര്‍ച്ച് നിര്‍മ്മിച്ചത്. പൂമുഖപ്പടികള്‍ നനയാതിരിക്കാന്‍ വീടിന്റെ മുന്‍ഭാഗത്ത് സ്റ്റീല്‍, ഗ്ലാസ് പര്‍ഗോളയും നല്‍കിയിട്ടുണ്ട്. വീട് ഒരു വശത്ത് ഒതുങ്ങിപ്പോയി എന്ന പ്രതീതി ഒഴിവാക്കാന്‍ വേണ്ടി
ലാന്‍ഡ്‌സ്‌കേപ്പിലെ സിറ്റിങ് ഏരിയ വീടിനോട് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ആര്‍ക്കിടെക്റ്റ് കിരണ്‍ സുരേഷ് , ആര്‍ക്കിടെക്റ്റ് അശ്വതി അശോക്,

ഡിസൈന്‍: ആര്‍ക്കിടെക്റ്റ് കിരണ്‍ സുരേഷ് & ആര്‍ക്കിടെക്റ്റ് അശ്വതി അശോക്, 
ഫൈന്‍ സ്‌പേസ് ആര്‍ക്കിടെക്റ്റ്‌സ്,കൊല്ലം ഫോണ്‍:9495945567 
ക്ലയന്റ്:വി.കെ. സലീം സ്ഥലം: കരുനാഗപ്പള്ളി, കൊല്ലം
വിസ്തീര്‍ണ്ണം: 3275 സ്‌ക്വയര്‍ഫീറ്റ്‌പ്ലോട്ട്: 37 സെന്റ്‌