വാഡ്രോബുകള്‍- ആവശ്യവും അലങ്കാരവും

 

വസ്ത്രങ്ങളും, അനുബന്ധ വസ്തുക്കളും വൃത്തിയായും ഭംഗിയായും ക്രമീകരിക്കാനുള്ള ഇടം എന്ന അടിസ്ഥാന സങ്കല്‍പ്പത്തില്‍ നിന്ന് ഏറെ മുന്നേറി കഴിഞ്ഞു വാഡ്രോബുകള്‍.ആവശ്യം മാത്രമല്ല അലങ്കാരം കൂടിയാണ് ഇവ ഇന്ന്. ബെഡ്‌റൂമുകളുടെ ഭാഗമാണ് വാഡ്രോബുകളെന്നാണ് പൊതു ധാരണയെങ്കിലും, സ്വകാര്യതയുള്ള കോറിഡോറുകളുടെയും മുറികളുടെയും ഭാഗമായുള്ള വാക്ക്-ഇന്‍ വാഡ്രോബുകളുള്‍പ്പെടെ മുറികളുടെ ഇന്റീരിയര്‍ ഡിസൈനില്‍ മേധാവിത്തം പുലര്‍ത്താന്‍ തക്ക സ്വീകാര്യത ഇവയ്ക്ക് ഇപ്പോഴുണ്ട്.വാഡ്രോബുകള്‍ ഇല്ലാത്ത ബെഡ്‌റൂം എന്നത് അസൗകര്യമാണെന്നു മാത്രമല്ല അനാകര്‍ഷകമായ കാഴ്ചയും കൂടിയാണ്.

 നിറങ്ങളും, ടെക്‌സ്ചറുകളും, കണ്ണാടി കവചങ്ങളും ഉള്‍പ്പെടുന്ന മനോഹരമായ ഒരു ഷോ ഏരിയ കൂടിയായിട്ടാണ് വാഡ്രോബുകള്‍ മുറികളില്‍ സ്ഥാനം പിടിക്കുന്നത്.ബഹുധര്‍മ്മങ്ങള്‍ പലവിധ ധര്‍മ്മങ്ങളിലധിഷ്ഠിതമാണ് ഇന്നത്തെ വീടുകള്‍ക്കു വേണ്ട കണ്ടുപിടിത്തങ്ങളും, സൗകര്യങ്ങളും എല്ലാം, ഒന്നിലേറെ പ്രയോജനങ്ങളുള്ളവ സ്വീകരിക്കാനാണ് പൊതു താത്പര്യം. വഡ്രോബുകളും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. വസ്ത്രവും, പാദരക്ഷകളും സൗന്ദര്യവസ്തുക്കളും മറ്റും സൂക്ഷിക്കുന്നതിലുപരി ഡ്രസ്സിങ് ടേബിള്‍ വാഡ്രോബുകളും, ടി.വി പാനല്‍ വാഡ്രോബുകളും, കണ്ണാടി വാഡ്രോബുകളും സാധാരണമായിക്കഴിഞ്ഞു. സ്ഥലവും, സൗകര്യവും, താത്പര്യവും അനുസരിച്ച് തെരഞ്ഞെടുക്കാന്‍ ഒട്ടേറെ മാതൃകകളിലുള്ള വാഡ്രോബുകള്‍ ഇന്നുണ്ട്.

       വിവിധ രൂപങ്ങളില്‍, ഭാവങ്ങളില്‍

കാലാകാലമായുള്ളതാണ് ട്രഡീഷണല്‍ രീതിയിലുള്ള അലമാരകള്‍. മരത്തിനുപുറമേ മെറ്റല്‍, പ്ലാസ്റ്റിക്ക് എന്നിവ കൊണ്ടെല്ലാം ഉണ്ടാക്കുന്ന ഇവയുടെ പ്രധാന മെച്ചം പലയിടത്തേക്കും സ്ഥാനം മാറ്റാമെന്നതാണ്. പുറമേ വലുപ്പം തോന്നുന്ന ഇവയ്ക്ക് അകമേ സ്ഥലം കുറവായിരിക്കും.തറയിലെ വിലപ്പെട്ട സ്ഥലം അപഹരിക്കും എന്നുളളത് ഇത്തരം വാഡ്രോബുകളുടെ ദോഷമാണ്.അടുത്ത കാലത്തായി ഒട്ടേറേപേര്‍ തെരഞ്ഞെടുക്കുന്ന മാതൃകയാണ് സ്ലൈഡിങ് ഡോര്‍ വാഡ്രോബുകള്‍. റൂമുകളുടെ ഒഴിഞ്ഞ മൂലകളില്‍ സ്ഥാപിക്കാമെന്നതും ഡോറുകള്‍ക്കായി സ്ഥലം പാഴാക്കുന്നില്ല എന്നതും ഇവയുടെ മെച്ചമാണ്.പൗഡര്‍കോട്ടഡ് അലൂമിനിയം പ്രൊഫൈല്‍സ് ആണ് ഇവയുടെ ഫ്രെയിമുകള്‍. റബറൈസ്ഡ് വീല്‍ റണ്ണര്‍ ഉണ്ടാകും. വളരെ എളുപ്പത്തില്‍ തള്ളിനീക്കാനും കാലങ്ങളോളം ലോലമായ മിനുസം കാക്കാനും കഴിയുന്ന സാമഗ്രികളാണ് ഇവ.

 വാഡ്രോബുകളിലെ ആഡംബരമാണ് വാക്ക് ഇന്‍ വാഡ്രോബ്. വീട്ടില്‍ അധികമായുള്ള റൂമോ, ഇടനാഴിയുടെ ഭാഗമോ വാഡ്രോബ് ആയി പരിവര്‍ത്തനപ്പെടുത്തുകയാണ് ഇവിടെ. വീടുകളിലെ സ്വകാര്യ ലൈബ്രറിയുടെ മാതൃക ഓര്‍മിപ്പിക്കുന്നതാണ് ഇതിന്റെ വിന്യാസവും ക്രമീകരണവും.ഒരു വലിയ ബെഡ്‌റൂമില്‍ പാര്‍ട്ടീഷന്റെ ധര്‍മ്മവും ഇത്തരം വാഡ്രോബുകള്‍ വഹിക്കുന്നു. സാധനങ്ങളുടെ വിന്യാസം മനോഹരമാണെങ്കില്‍ ചില്ല് ഡോറുകള്‍ക്ക് അകത്ത് ഒരു ഷോ ഏരിയയുടെ ഭംഗി നല്‍കും വാക്ക്-ഇന്‍ വാഡ്രോബുകള്‍. ടോപ്പ്‌ലൈന്‍, ഇന്‍ലൈന്‍ വാഡ്രോബുകളും ഇപ്പോള്‍ ട്രെന്‍ഡ് ആകുന്നുണ്ട്.
മുറിയുടെ അതേ ഉയരത്തില്‍ ഒരു ചുമര്‍ ഭാഗം നിറഞ്ഞു നില്‍ക്കുന്ന തരത്തിലാണ് ഇവയുടെ ഡിസൈന്‍.