ഹരിതാഭമായ പ്ലോട്ടിലെ സമകാലികഭവനം

സ്വകാര്യതയ്ക്ക് പ്രാമുഖ്യം നല്‍കി അതിവിശാലമായി ഒരുക്കിയ വീട്

പ്രകൃതി രമണീയമായ അന്തരീക്ഷത്തിലായിരിക്കണം വീട്. വീട്ടകം വിശാലവും, സ്വകാര്യത ഉറപ്പാക്കുന്നതുമായിരിക്കണം.

ഈ ആവശ്യങ്ങളാണ് മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഹസൈനാര്‍ ചിറയ്ക്കക്കാട്ടില്‍ തന്‍റെ വീടു നിര്‍മ്മാണത്തിന്‍റെ ചുമതല ഏല്‍പ്പിച്ച ഡിസൈനര്‍മാരായ റിയാസ് ചെറയക്കുത്ത്, സജീര്‍ ചെറയക്കുത്ത് (കോവോ ആര്‍ക്കിടെക്ചര്‍ സ്റ്റുഡിയോ, മലപ്പുറം) എന്നിവര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്.

അകത്തും പുറത്തും സമകാലികശൈലി പിന്തുടര്‍ന്നിരിക്കുന്നു വീടിന്‍റെ ശില്‍പ്പികള്‍. ബോക്സ് മാതൃകകള്‍, ഗ്രൂവുകള്‍, സ്റ്റോണ്‍ ക്ലാഡിങ്, വുഡന്‍ പാനലിങ് എന്നിവ ഉള്‍പ്പെടുത്തി ഒരുക്കിയ വീടിന് പരന്ന മേല്‍ക്കൂരയാണെങ്കിലും മേല്‍ക്കൂരയില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാനും കാഴ്ചഭംഗിക്കുമായി ചെരിവുള്ള രണ്ടാമതൊരു മേല്‍ക്കൂര കൂടി നല്‍കിയിട്ടുണ്ട്.

മികച്ച വെളിച്ച സംവിധാനം ഉറപ്പാക്കാനായി ഡൈനിങ്ങിന്‍റെ ഡബിള്‍ഹൈറ്റ് ഭിത്തിയില്‍ ചെറിയ നിഷുകള്‍ നല്‍കി അതിനുള്ളില്‍ ഗ്ലാസ് വച്ച് ഡൈനിങ്ങില്‍ വെളിച്ചമെത്തിച്ചിരിക്കുന്നു.

കിടപ്പുമുറിയുടെ ഭാഗമായ വലിയ ജനാലയും എലിവേഷന്‍റെ മോടിയേറ്റാന്‍ ഉതകുന്നുണ്ട്. പൂമുഖത്തും കാര്‍പോര്‍ച്ചിന്‍റെ ഒരു ഭാഗത്തും ഭിത്തി ഒഴിവാക്കിക്കൊണ്ട് വശങ്ങളില്‍ ജി ഐ പൈപ്പ് ഉപയോഗിച്ച് ചെയ്ത ഗ്രില്‍ വര്‍ക്ക് ആകര്‍ഷകവും സുതാര്യവുമാണ്.

പോര്‍ച്ചില്‍ ഒരേ സമയം രണ്ട് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകും.
എലിവേഷന്‍റെ കാഴ്ചയില്‍ പ്രാധാന്യമര്‍ഹിക്കുന്ന അടുക്കളയുടെ ചുമരിന് നാച്വറല്‍ സ്റ്റോണ്‍ക്ലാഡിങ് നല്‍കി ഷോ വാള്‍ ആക്കി മാറ്റിയിരിക്കുന്നു. ഇത് അടുക്കളയ്ക്ക് സ്വകാര്യതയും നല്‍കുന്നു.

സമകാലികശൈലിയില്‍ ഏറെ അനുയോജ്യമായ വൈറ്റ് ഗ്രേ നിറക്കൂട്ടാണ് വീടിന് നല്‍കിയത്. ‘ഘ’ ഷേപ്പ് പൂമുഖത്തിന്‍റെ ഭാഗമായ വീതിയേറിയ വരാന്ത വിവിധയിടങ്ങളെ കൂട്ടിയിണക്കുന്ന ഫോയറിലേക്കാണ് നയിക്കുന്നത്.

ഫോര്‍മല്‍ ലിവിങ്ങിന്‍റെ ഭിത്തിയില്‍ മൂവബിള്‍ ഗ്ലാസ് പാര്‍ട്ടീഷന്‍ നല്‍കിയത് ആകര്‍ഷകമാകുന്നു .

ചെറുചടങ്ങുകള്‍ നടത്താവുന്നത്ര വിശാലമായൊരുക്കിയ ഫോര്‍മല്‍ ലിവിങ്ങിന്‍റെ ഭിത്തിയില്‍ മൂവബിള്‍ ഗ്ലാസ് പാര്‍ട്ടീഷന്‍ നല്‍കിയത് ആകര്‍ഷകമാകുന്നു. ഈ വീട്ടില്‍ ഫാള്‍സ് സീലിങ്ങിന് ജിപ്സത്തിനൊപ്പം പേപ്പര്‍ വെനീറും ഉപയോഗിച്ചിട്ടുണ്ട്.

ഇവിടുത്തെ ടിവി യൂണിറ്റിന്‍റെ ഭിത്തിയിലേതു പോലെ ഡൈനിങ്ങിന്‍റെ ഭിത്തിയിലും വാള്‍പേപ്പറൊട്ടിച്ചിട്ടുണ്ട്. എം ഡി എഫില്‍ ചെയ്ത സി എന്‍ സി പാര്‍ട്ടീഷനാണ് ലിവിങ് ഡൈനിങ് ഏരിയകളുടെ സ്വകാര്യത ഉറപ്പാക്കുന്നത്.

ഒരേ സമയം പത്തുപേര്‍ക്കിരിക്കാവുന്ന ഡൈനിങ് ടേബിളാണ് ഇവിടെയുള്ളത്. അബ്ലുഷന്‍ ഏരിയ, പ്രെയര്‍ റൂം, ടോയ്ലറ്റ് എന്നിവയും ഡൈനിങ്ങിന് അനുബന്ധമായാണ് ക്രമീകരിച്ചത്.
സ്റ്റെയര്‍ ഏരിയ സ്കൈലിറ്റാക്കി പര്‍ഗോള നല്‍കി ഗ്ലാസിട്ടിരിക്കുകയാണ്.

കൃത്രിമ പുല്‍ത്തകിടിയും പ്ലാന്‍റര്‍ ബോക്സുമാണ് ഗോവണിച്ചുവട്ടില്‍. ടെക്സ്ചര്‍ പെയിന്‍റ് ചെയ്താണ് സ്റ്റെയര്‍വാള്‍ ഹൈലൈറ്റ് ചെയ്തത്.
വുഡ് – ഗ്ലാസ് കോമ്പിനേഷന്‍ കൈവരിയും തേക്കിന്‍ പടവുകളുമുള്ള ഗോവണി അപ്പര്‍ലിവിങ്ങിലേക്കാണ് നയിക്കുന്നത്.

ഈ പടവുകളുടെ തുടര്‍ച്ചയെന്നോണം വുഡന്‍ടൈല്‍ ഫ്ളോറിങ്ങാണ് അപ്പര്‍ലിവിങ്ങില്‍ ചെയ്തത്. ഇരിപ്പിടസൗകര്യത്തിനു പുറമേ സ്റ്റഡി ഏരിയ, ലൈബ്രറി എന്നിവയുമുണ്ട് അപ്പര്‍ലിവിങ്ങില്‍.

ബ്രേക്ക് ഫാസ്റ്റ് ടേബിളാണ് നെടുനീളത്തിലൊരുക്കിയ കിച്ചനേയും വര്‍ക്കേരിയയേയും വേര്‍തിരിക്കുന്നത്. കിച്ചന്‍ ക്യാബിനറ്റുകളെല്ലാം മെറ്റല്‍ ഷീറ്റ് കൊണ്ട് നിര്‍മ്മിച്ചത് ശ്രദ്ധേയമാണ്.

അപ്പര്‍ലിവിങ് ഒഴികെയുള്ളിടത്തെല്ലാം വിട്രിഫൈഡ് ടൈല്‍ ഫ്ളോറിങ്ങാണ്. വിവിധ വര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് വ്യത്യസ്ത തീമിലൊരുക്കിയ അഞ്ച് ബാത് അറ്റാച്ച്ഡ് ബെഡ്റൂമുകളാണ് ഇവിടെയുള്ളത്.

രണ്ടിടത്ത് വാള്‍പേപ്പറൊട്ടിച്ചും മറ്റിടങ്ങളില്‍ പെയിന്‍റ് ഫിനിഷ് നല്‍കിയുമാണ് ഇവയുടെ ബാക്ക്ഡ്രോപ്പുകള്‍ ഹൈലൈറ്റ് ചെയ്തത്.

മക്കള്‍ വിദ്യാര്‍ത്ഥികളായതിനാല്‍ മാസ്റ്റര്‍ ബെഡ്റൂം ഒഴികെയുള്ളിടത്തെല്ലാം ബുക്ക് ഷെല്‍ഫും സ്റ്റഡി ഏരിയയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച വായുസഞ്ചാരം ഉറപ്പാക്കി ഒരുക്കിയ ഈ മുറികളിലെല്ലാം പ്രത്യേക ഡ്രസിങ് ഏരിയകളുമുണ്ട്.

5200 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീട് 45 സെന്‍റ് പ്ലോട്ടില്‍ പരമാവധി പുറകോട്ടിറക്കി പണിതതിനാല്‍ ലാന്‍ഡ്സ്കേപ്പിങ്ങും വീടിനൊത്ത പ്രൗഢിയില്‍ പൂര്‍ത്തീകരിക്കാനായി.

പ്രകൃതിദത്ത കല്ലുകള്‍ക്കിടയില്‍ പുല്ലുപിടിപ്പിച്ചൊരുക്കിയ ഡ്രൈവ് വേ ഒഴികെയുള്ള ഭാഗത്ത് കര്‍വ്വ് ആകൃതിയിലാണ് ലാന്‍ഡ്സ്കേപ്പിങ് ചെയ്തത്. ഹരിതാഭമായി പ്ലോട്ടില്‍ നിലകൊള്ളുന്നതിനാല്‍ വീട്ടകത്ത് ചൂടും വളരെ കുറവാണ്.

About vpadmin 141 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*