
കോര്‍ട്ട്യാര്‍ഡുകള്‍ ഒരേസമയം ഔട്ട്ഡോര്‍ സ്പേസിന്റെ ഗുണവും അകത്തളത്തിന്റേതായ സ്വകാര്യതയും ഉറപ്പു നല്കുന്നു.
കോര്‍ട്ട്യാര്‍ഡിന്റെ മുകള്ഭാഗം അടച്ചു കെട്ടിയതാണെങ്കില്‍ ഇരിപ്പിടസൗകര്യമൊരുക്കാം. ചൂടുവായു പുറന്തള്ളാവുന്ന രീതിയില്‍ ഓപ്പണ്‍ ആയിട്ടുള്ള കോര്‍ട്ട്യാര്‍ഡുകള്‍ നാച്വറല്‍ എയര്കീഷണറായി പ്രവര്‍ത്തിക്കും.
കോര്‍ട്ട്, യാര്‍ഡ് എന്നീ രണ്ടുവാക്കുകളും ഉണ്ടായിട്ടുള്ളത് ‘അടച്ചുകെട്ടിയ സ്ഥലം’ എന്ന ഒരൊറ്റ അര്‍ത്ഥത്തില്‍ നിന്നാണ്.കോര്‍ട്ട്യാര്‍ഡുകള്‍ വിനോദത്തിനും വിശ്രമത്തിനും പറ്റിയ ഇടങ്ങളാണ്.
ഒരു കെട്ടിടത്തിനകത്തു തന്നെയോ, അല്ലെങ്കില്‍ ഒന്നില്‍ക്കൂടുതല്‍ കെട്ടിടങ്ങള്‍ക്ക് നടുവിലായോ ഒരു അടച്ചുകെട്ടിയ സ്ഥലം ഉണ്ടാക്കുക എന്നത് കാലങ്ങള്‍ക്കു മുമ്പു മുതല്‍ ആരംഭിച്ച, ഇന്നും തുടരുന്ന ശൈലിയാണെങ്കിലും ഭിത്തികളാലോ കെട്ടിടങ്ങളാലോ അടച്ചുകെട്ടപ്പെടാതെ തന്നെയുള്ള ഒരു ശൈലിയിലും കോര്‍ട്ട്യാര്‍ഡ് ഒരുക്കാം.
അതായത് കോര്‍ട്ട്യാര്‍ഡ് കെട്ടിടത്തിനകത്തു തന്നെ വരണം എന്നു കരുതേണ്ടതില്ല.
നമ്മുടെ അഗ്രഹാരങ്ങളിലും വടക്കേയിന്ത്യയിലെ ചൗക്കുകളിലും ഒക്കെ കാണുംപോലെ ഒരു ചതുരത്തിനു ചുറ്റുമായി കുറെ ഒറ്റ വീടുകളാണ് പരമ്പരാഗത ചൈനീസ് ആര്‍ക്കിടെക്ചറിലും കാണാനാവുക.
ഒരു ഏരിയയെ മറ്റൊന്നുമായി ബന്ധിപ്പിച്ചുകൊണ്ടോ അല്ലെങ്കില്‍ അതിന്റെ എക്സ്റ്റന്‍ഷന്‍ പോലെയോ മറ്റൊരു കെട്ടിടഭാഗം വരുകയാണെങ്കില്‍ ഇടയ്ക്കുള്ള ഏരിയയെ നമുക്ക് കോര്‍ട്ട്യാര്‍ഡായി വിശേഷിപ്പിക്കാം.
കെട്ടിടത്തിന്റെ ലെവലില്‍ നിന്ന് ഉയര്‍ന്നു നില്ക്കുന്ന കോര്‍ട്ട്യാര്‍ഡ്, കെട്ടിടത്തിന്റെ ചില ഏരിയകള്‍ക്ക് ചുറ്റുമായി ക്രമീകരിക്കപ്പെട്ട നിലയിലുള്ള കോര്‍ട്ട്യാര്‍ഡ് ഇങ്ങനെയും ഡിസൈന്‍ ചെയ്യാവുന്നതാണ്.
പലവിധത്തിലാകാം കോര്‍ട്ട്യാര്‍ഡ്
രണ്ട് കെട്ടിടങ്ങളുടെ നടുക്കുള്ള ഭാഗം വാക്വേകളാലും ചെടികളാലും വേര്തിരിക്കപ്പെട്ടിരിക്കുന്നുവെന്നിരിക്കട്ടെ. ഇതിന് കോര്‍ട്ട്യാര്‍ഡിന്റെ പരിവേഷം നല്കാന് ഇവ കുറച്ച് പടികളുടെ ഉയരത്തില്‍ ഒരുക്കാവുന്നതാണ്.
തന്മൂലം റോഡില്‍ നിന്ന് വേറിട്ടു നില്ക്കും. രണ്ടുവശങ്ങളില്‍ മാത്രമേ അടച്ചുകെട്ടല്‍ വരുന്നുള്ളൂവെങ്കിലും ഒരു വേര്‍തിരിവ് തോന്നുകയും ചെയ്യും.
പൂര്‍ണ്ണമായും കെട്ടിടത്തിനകത്താക്കിയോ, അടച്ചുകെട്ടിയോ ഉള്ള ഒരു ഡിസൈനിന് സാധ്യതയില്ലാത്തിടത്ത് ഇങ്ങനെ ലെവലുകളും, പടികളും കൊണ്ട് കോര്‍ട്ട്യാര്‍ഡ് ഏരിയ വേര്‍തിരിക്കാം.
എലിവേറ്റഡ് കോര്ട്ട്യാര്ഡുകളാണിവ. ഇത് ഒരു വീടിനകത്തും ചെയ്യാവുന്ന രീതിയാണ്.

കോര്‍ട്ട്യാര്‍ഡിന്റെ രണ്ടുവശങ്ങള്‍ മാത്രം അടയ്ക്കുക, മൂന്നാമത്തെ വശം ഓപ്പണായി വിടുക. പണ്ടത്തെ നാലുവശവും കെട്ടുകള്‍ വരുന്ന നടുമുറ്റങ്ങളില്നിന്നും വ്യത്യസ്തമായി ഇപ്പോഴത്തെ ആധുനിക ഭവനങ്ങളില്‍ ഇത്തരം ഭാഗികമായി അടയ്ക്കപ്പെട്ട മുറ്റങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്.
ALSO READ: ക്യൂട്ട് & എലഗന്റ്
വളരെ തൊട്ടടുത്ത് അയല്പക്ക വീടുകളുള്ളപ്പോള്‍, ചെടികളും വേലിപ്പടര്‍പ്പും ഒക്കെകൊണ്ട് കെട്ടിടത്തിനോടു ചേര്‍ന്നുള്ള ഒരു ഭാഗം വേര്‍തിരിച്ചു നിര്‍ത്തുക. ഔട്ട്ഡോര്‍ സ്പേസ് ആണെങ്കിലും വേണ്ടത്ര സ്വകാര്യതയോടെ ഒരു ഓപ്പണ്‍ കോര്‍ട്ട്യാര്‍ഡ് ഒരുക്കാന്‍ ചെറുമതിലുകള്‍ മതിയാകും.
ഇത്തരം ഫെന്സ്കോര്ട്ട്യാര്ഡുകള് അര്‍ബന്‍ നാനോ ഹോമുകള്‍ക്ക് ഉചിതമാണ്. പണ്ടത്തെ പഴയ മാതൃകയിലുള്ള നടുമുറ്റങ്ങള്‍ – നാലുഭാഗത്തും മുറികള്‍ വരുന്ന തരത്തിലുള്ളവ – ഇപ്പോള്‍ കുറഞ്ഞുവരികയാണ്. എന്നാല്‍ ഇവയും വളരെ രസകരമായി ഇക്കാലത്തും ചെയ്യാവുന്നതേയുള്ളൂ.
എങ്ങനെ ഒരുക്കാം?
കോര്‍ട്ട്യാര്‍ഡുകള്‍ വീടിനകത്തോ പുറത്തോ ആയിക്കൊള്ളട്ടെ; ആയാസഭരിതമായ ഒരു പകലിനുശേഷം പൂക്കളുടെ സുഗന്ധമാസ്വദിച്ചും, കാറ്റേറ്റും, ചെടികളെ പരിചരിച്ചും, സന്ധ്യാപ്രകാശം കണ്ടും, സായാഹ്നവേളകളില്‍ കുടുംബാംഗങ്ങള്‍ക്ക് വിശ്രമിക്കാന്‍ പറ്റിയ ഒരിടമാകണം അവ.
പണ്ടൊക്കെ പാചകം, ഉറക്കം, ജോലി, വിനോദം, പൂന്തോട്ടനിര്‍മാണം എന്നു തുടങ്ങി എല്ലാറ്റിനും ഉതകുന്ന; വളര്‍ത്തു മൃഗങ്ങളെ കെട്ടിയിടാനുള്ള ഒരു ഇടമായി വരെ നടുമുറ്റങ്ങള്‍ ഉപയോഗിച്ചു പോന്നിരുന്നു.
കോര്‍ട്ട്യാര്‍ഡുകള്‍ കെട്ടിടത്തിന് കാഴ്ചഭംഗി കൂട്ടുന്ന ഒന്നാണ്. അതിലേക്ക് തുറക്കുന്ന തരത്തില്‍ മുറികള്‍ കൂടിയുണ്ടെങ്കില്‍ പ്രത്യേകിച്ചും.
ALSO READ: മിശ്രിതശൈലി
സ്വകാര്യതയും സ്വച്ഛതയും ഉറപ്പാക്കുന്ന തരത്തില്‍ ഓപ്പണ്‍ കോര്‍ട്ട്യാര്‍ഡില്‍ ഉദ്യാനമോ ജലാശയമോ ഒക്കെ ആലോചിക്കാവുന്നതാണ്. ഔഷധസസ്യങ്ങളും തുളസിയും മുല്ലയും മറ്റും വച്ചുപിടിപ്പിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.
വീടിനകത്ത് പോസിറ്റീവ് ആയ അന്തരീക്ഷം നിറയ്ക്കുകയും ചെയ്യും. നടുമുറ്റമുള്ള കേരളത്തിലെ വീടുകള്‍ കാലാവസ്ഥയ്ക്ക് ഇണങ്ങിയതും വളരെ പ്രൗഢവുമായിരുന്നു. വാസ്തുശാസ്ത്രമനുസരിച്ച് ഒരു വീടിന് കോര്‍ട്ട്യാര്‍ഡ് നല്കാന് ഏറ്റവും പറ്റിയ സ്ഥാനം മധ്യഭാഗമാണ്.
എന്നാല്‍ സ്ഥലപരിമിതിയുള്ളപ്പോള് കോര്‍ട്ട്യാര്‍ഡ് വീടിന്റെ വശങ്ങളിലോ പുറകിലോ കൊടുക്കുന്നതില്‍ തെറ്റില്ല. കോര്‍ട്ട്യാര്‍ഡില്‍ ഉദ്യാനമൊരുക്കാം; ഇരിപ്പിട സൗകര്യമൊരുക്കാം.
ചൂടുവായു പുറന്തള്ളാവുന്ന രീതിയില്‍ ഓപ്പണ്‍ ആയിട്ടുള്ള കോര്‍ട്ട്യാര്‍ഡുകള്‍ നാച്വറല്‍ എയര്കണ്ടീഷണറായി പ്രവര്‍ത്തിക്കും. ഓപ്പണ്‍ കോര്ട്ട്യാര്ഡുകള്ക്ക് സുരക്ഷാ കാരണങ്ങളാല്‍ മുകള്‍ഭാഗത്ത് ചില്ലിടുന്നതാണ് പതിവ്.
ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ
അല്ലെങ്കില്‍ സ്ലൈഡറുകള്‍ ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി തുറന്നടയ്ക്കാവുന്ന രീതിയിലാക്കാം. മഴവെള്ളം അകത്തു വീഴാവുന്ന രീതിയില്‍ ചെയ്ത കോര്‍ട്ട്യാര്‍ഡിനും കൊതുകുകളെ പ്രതിരോധിക്കാനുള്ള നെറ്റിടാന്‍ മറക്കരുത്.
വീടിനകത്തോ അരികിലോ ആയി ഒരു മരം ഉണ്ടെങ്കിലോ? വീടിന്റെ അന്തരീക്ഷം തന്നെ മാറിപ്പോകും. തണല്‍ നല്‍കാനും പച്ചപ്പു നിലനിര്‍ത്താനും മാത്രമല്ല, സൗന്ദര്യവര്‍ദ്ധക ഘടകമായി വരെ മരങ്ങളെ പ്രയോജനപ്പെടുത്താം.
ചെറിയ പ്ലോട്ടാണെങ്കില്‍ വീടിനകത്തേക്ക് വേരു പടര്‍ത്തുന്ന തരം മാവ്, ആല്, വേപ്പ് തുടങ്ങിയ മരങ്ങളൊന്നും നടാതിരിക്കാന്‍ ശ്രദ്ധിക്കുക- കാരണം അത് ഫൗണ്ടേഷന് നാശമുണ്ടാക്കും.
പൂമരങ്ങള്‍ നടുന്നത് നന്നല്ലെന്നു പറയാന്‍ കാരണം നമുക്ക് തണല്‍ ഏറ്റവും ആവശ്യമുള്ള വേനല്‍ക്കാലത്ത് അവ ഇലകള്‍ പൊഴിക്കുമെന്നതു കൊണ്ടാണ്. ഗുല്‍മോഹര്‍ മരങ്ങളും മറ്റും ചെറിയൊരു കാറ്റില്‍ പോലും ശിഖിരങ്ങള്‍ ഒടിഞ്ഞു വീണുള്ള അപകടം ക്ഷണിച്ചു വരുത്തും.
കോര്‍ട്ട്യാര്‍ഡ് എന്തിന് ഉപയോഗിക്കാന്‍ പോകുന്നുവെന്ന് തീരുമാനമെടുത്തശേഷം മാത്രം ഡിസൈന്‍ ചെയ്യുക. സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാനുള്ള ഇടമാക്കാം; കുട്ടികളുടെ കളിസ്ഥലമാക്കാം; പൂന്തോട്ടമാക്കാം.
കോര്‍ട്ട്യാര്‍ഡിന് നല്ല ലൈറ്റിങ്ങാവശ്യമാണ്. ചെടികള്ക്കരികില് ബോര്‍ഡര്‍ അഥവാ ഹാങ്ങിങ് ലൈറ്റുകള്‍ കൊടുക്കാം. കോര്‍ട്ട്യാര്‍ഡിന്റെ ഒരു ഭിത്തി തന്നെ ക്ലാഡിങ്ങിലൂടെയോ, ആര്‍ട്ട് വര്‍ക്കുകളിലൂടെയോ നന്നായി അലങ്കരിക്കാം.
ചെറു ചെടികള്‍, ഒരു കൂട്ടം ചെടിച്ചട്ടികള്‍, വലിയൊരു ചെടിച്ചട്ടി, ഒരു പൂന്തോട്ടം ഇതൊക്കെ വലിയ കോര്ട്ട്യാര്ഡുകള്ക്കിണങ്ങും. ഒരേ തരത്തിലുള്ള ചെടികള്‍ ഭിത്തിക്കരികില്‍ വയ്ക്കുന്നത് മനോഹരമായിരിക്കും.
പൂച്ചെടികള്‍ ഭിത്തിയില്‍ പടര്‍ന്നു കയറിക്കിടക്കുന്നതും ഒരു പ്രൗഢഭംഗി നല്‍കും. അധികം വേരോട്ടമില്ലാത്തവയാകണം ചെടികള്‍. അതുപോലെ കോര്‍ട്ട്യാര്‍ഡില്‍ പ്രകാശമെത്തില്ലെങ്കില് തണലില്‍ വളരുന്ന ചെടികളാണ് നല്ലത്.

കോര്‍ട്ട്യാര്‍ഡിന്റെ തറ കോണ്‍ക്രീറ്റ്, പെബിള്‍, സ്റ്റോണ്‍, ടെറാകോട്ട എന്നിവ കൊണ്ടൊരുക്കാം. കോര്‍ട്ട്യാര്‍ഡിന്റെ ടെറാകോട്ട ഫ്ളോറില്‍ കല്ലുകളും വലിയ പ്ലാന്റര്‍ ബോക്സുകളും വയ്ക്കുന്നത് പാരമ്പര്യശൈലിയ്ക്കിണങ്ങും.
You May Like: ഹൈടെക് വീട്
ട്രഡീഷണല്‍ കോര്‍ട്ട്യാര്‍ഡിന് മരത്തിന്റെയോ ചൂരലിന്റെയോ ഫര്‍ണിച്ചര്‍ നല്ല ഇണക്കമായിരിക്കും. കോര്‍ട്ട്യാര്‍ഡ് ഗാര്‍ഡനുകള്‍ നിങ്ങളുടെ വീടിന്റെ ഒരു എക്സ്റ്റന്‍ഷന്‍ ആണ്.
പ്രകാശപ്രതിഫലനവും ചൂടും കുറയ്ക്കാന്‍ കോര്‍ട്ട്യാര്‍ഡിലെ ചെടികളും ജലാശയവും സഹായിക്കും. കോര്‍ട്ട്യാര്‍ഡുകള്‍ മൂന്നുഭാഗവും ഭിത്തികെട്ടിയതായിരിക്കും, സാധാരണ. പുല്‍ത്തകിടി പിടിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.
ബേര്ഡ്ബാത്, ബേര്‍ഡ് ഫീഡര്‍ അല്ലെങ്കില്‍ ഒരു അലംകൃതമായ ഐവിപോള് എന്നിവയൊക്കെ കോര്‍ട്ട്യാര്‍ഡിലെ ഉദ്യാനത്തെ ആകര്‍ഷകമാക്കും. തൂക്കിയിടാവുന്ന തരം കാറ്റിലാടുന്ന അലങ്കാരവസ്തുക്കള്‍ സൂര്യപ്രകാശത്തില്‍ തിളങ്ങുകയും ശബ്ദമുതിര്ക്കുകയും ചെയ്യും.
ALSO READ: ഹരിത ഭംഗിയില്‍
നിങ്ങള്‍ക്കു തന്നെ ഉണ്ടാക്കാവുന്നതാണ് കോര്ട്ട്യാര്ഡുകളിലേക്കുള്ള ബഞ്ചുകളും കസേരകളും. ഉദ്യാനത്തില്‍ അതിഥികളെ സ്വീകരിക്കുമ്പോള്‍ സംസാരവിഷയമൊരുക്കാന് ഇത്തരം ഫര്‍ണിച്ചര്‍ സഹായിക്കും.
വീടിനകത്തു തന്നെയുള്ള ഒരു ഔട്ട്ഡോര്‍ സ്പേസാണ് കോര്‍ട്ട്യാര്‍ഡുകള്‍ എന്നതിനാല്‍ ഇവ ഒരുക്കുമ്പോള്‍ നിങ്ങളുടെ ഭാവനയ്ക്ക് പരിധികള്‍ വേണ്ട.
കോര്‍ട്ട്യാര്‍ഡുകള്‍ വളരെ റിലാക്സിങ് ഏരിയ ആണെന്നതില്‍ സംശയമില്ല- കാരണം ഒരേസമയം ഒരു ഔട്ട്ഡോര്‍ സ്പേസിന്റെ ഗുണവും വീടിന്റെ അകത്തളത്തിന്റേതായ സ്വകാര്യതയും ഇവയ്ക്ക് ഉറപ്പു നല്കാനാകുന്നു.
RELATED READING: ശൈലികള്‍ക്കപ്പുറം ഔട്ട്ഡേറ്റാവാത്ത ആഡംബര വീട്
അതുകൊണ്ടുതന്നെ ആര്‍ക്കിടെക്ചറല്‍ ഡിസൈനുകളില്‍ ഇവയുടെ പ്രസക്തി ഒരിക്കലും നഷ്ടപ്പെടാന്‍ സാധ്യതയില്ല. ഇനിയുള്ള കാലത്തും വിവിധ തരത്തിലും രൂപത്തിലും ഇവ നമ്മുടെ ഡിസൈനുകളിലുണ്ടാവും.
വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് : ആര്‍ക്കിടെക്റ്റ് അജിത് ആര് മേനോന്, മേനോന് ആര്‍ക്കിടെക്റ്റ്സ്, കൊച്ചി. ഫോണ്‍: 9847088989 വീട്: എ. എസ്. ഗോപിനാഥ്, മട്ടാഞ്ചേരി
വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment