
കൊളോണിയല്‍ ശൈലിയിലുള്ള എക്സ്റ്റീരിയര്‍ ഒന്നുകൊണ്ടു മാത്രം ശ്രദ്ധയാകര്‍ഷിക്കുന്ന വീടാണിത്. 20 സെന്റ്പ്ലോട്ടില്‍ 2980 സ്ക്വയര്‍ഫീറ്റിലാണ് വീടൊരുക്കിയിരിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ വളഞ്ഞവഴിയില്‍ സിയാദിനും കുടുംബത്തിനും വേണ്ടി ഈ വീട് ഡിസൈന്‍ ചെയ്തത് ഹരീഷ്കുമാറാണ് (തേജസ് ബില്‍ഡേഴ്സ്, അമ്പലപ്പുഴ).
പൊലിമയോടെ അകവും പുറവും
ഒട്ടേറെ ഡിസൈന്‍ പാറ്റേണുകള്‍ ചേര്‍ത്ത് പൊലിമ കൂട്ടിയാണ് എക്സ്റ്റീരിയറും ഇന്റീരിയറും ഒരുക്കിയത്. മുഖപ്പിന് ഉയരം തോന്നിപ്പിക്കുന്നത് പല തട്ടുകളായുള്ള ഷിംഗിള്‍സ് മൂടിയ ചെരിഞ്ഞ റൂഫുകളാണ്.
ബാഹ്യരൂപത്തിന്റെ മുഖ്യ ആകര്‍ഷകമായ വൈറ്റ് ഫിനിഷില്‍ രണ്ടു തരം നാച്വറല്‍ സ്റ്റോണ്‍ പാനലിങ്ങുകളും പില്ലറുകളും എടുത്തറിയാം.
ഇതോടൊപ്പം റൂഫിലെ ഡോര്‍മര്‍- ഗോഥിക്ക് വിന്‍ഡോകള്‍ കൂടി ചേരുമ്പോള്‍ എക്സ്റ്റീരിയര്‍ പ്രൗഢമാകുന്നു. കന്റംപ്രറി സ്റ്റൈല്‍ പാറ്റേണ്‍ കൂടി ഉള്‍പ്പെടുത്തി, ബാല്‍ക്കണി റൂഫായി പര്‍ഗോളയും ഗ്ലാസും കൂടി ചേര്‍ത്തു.
പര്‍ഗോള പാറ്റേണുകളിലും എക്സ്റ്റീരിയറിലും നല്കിയ സ്പോട്ട് ലൈറ്റുകളും ഡിസൈനിങ്ങിന്റെ ഭാഗമാകുന്നുണ്ടിവിടെ. മുറ്റത്ത് വിപുലമായ ലാന്‍ഡ്സ്കേപ്പ് ഒരുക്കങ്ങളൊന്നുമില്ല.
സിറ്റൗട്ട്, ഫോര്‍മല്‍- ഫാമിലി ലിവിങ് ഏരിയകള്‍, ബാത്ത് റൂം അറ്റാച്ച്ഡ് ആയ രണ്ടു ബെഡ്റൂമുകള്‍ വീതം ഗ്രൗണ്ട് ഫ്ളോറിലും ഫസ്റ്റ് ഫ്ളോറിലും, കിച്ചന്, വര്‍ക്കേരിയ, ഡൈനിങ് സ്പെയ്സ്, അപ്പര്‍ ലിവിങ് ഏരിയ, ബാല്‍ക്കണി എന്നിവയാണ് ഈ വീട്ടിലെ ഇടങ്ങള്‍.
സിറ്റൗട്ട്, ഗോവണി എന്നിവിടങ്ങളില്‍ ഗ്രനൈറ്റ് ഫ്ളോറിങ്ങും മറ്റിടങ്ങളില്‍ വൈറ്റ് വിട്രിഫൈഡ് ടൈല്‍ ഫ്ളോറിങ്ങും തെരഞ്ഞെടുത്തു.
ബ്ലാക്ക് ആന്‍ഡ് വൈറ്റ്
ഇന്റീരിയറിലെങ്ങും വിവിധ ഡിസൈന്‍ പാറ്റേണുകള്‍ ഹൈലൈറ്റ് ചെയ്യും വിധമാണ് അകത്തളത്തിലെ ഒരുക്കങ്ങള്‍. പ്രൊജക്റ്റഡ് പാനലിങ്ങുകള്‍, വാള്‍പേപ്പറുകള്‍, സീലിങ് വര്‍ക്കുകള്‍ എന്നിവയുടെ തുടര്‍ച്ച കാണാം.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറങ്ങള്‍ക്കാണ് ഇന്റീരിയറില്‍ ആധിപത്യം. ഒന്നു കൂടി വ്യക്തമാക്കിയാല്‍ വൈറ്റ്-വുഡന്‍ കളര്‍ കോമ്പിനേഷനാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.
ഇതേ കളര്‍ കോമ്പിനേഷനില്‍ തന്നെ ഫര്‍ണിച്ചറും വാഡ്രോബുമെല്ലാം കസ്റ്റമൈസ് ചെയ്ത് ഒരുക്കിയിരിക്കുന്നു. മറൈന്‍ പ്ലൈവുഡും -വെനീര്‍ ഫിനിഷും ആണ് വാഡ്രോബുകള്‍ക്ക്.
ഹെഡ്സൈഡ് പാനലിങ്ങുകളും കിച്ചന് കബോഡുകളും പ്ലൈവുഡ് – വെനീര്‍ കോമ്പിനേഷനിലാണ് ഒരുക്കിയത്. ഗോവണിയ്ക്ക് മുകളില്‍ സ്കൈലൈറ്റ് സംവിധാനവും ഗോവണിയ്ക്ക് ചുവടെ പെബിള്‍ കോര്ട്ട്യാര്ഡും ചെയ്തു.
ജിപ്സത്തിനൊപ്പം പ്ലൈവുഡ് പാറ്റേണ്‍ ഡിസൈന്‍ കൂടി ചേരുന്നതാണ് സീലിങ് വര്‍ക്കുകള്‍. ഹെഡ്സൈഡ് പാനലിങ്ങിന്റെ തുടര്‍ച്ച പോലെയാണ് ബെഡ്റൂമുകളില്‍ സീലിങ് വര്‍ക്കുകള്‍ ചെയ്തത്.
ലിവിങ് ഏരിയകളിലും ബെഡ്റൂമുകളിലും പ്രധാന സാന്നിധ്യമാണ് വാള്‍പേപ്പറുകള്‍. പ്ലൈവുഡ് കൊണ്ട് പണിത ഷോ ഷെല്‍ഫുകളാണ് കോമണ്‍ ഏരിയകളില്‍.
തുറന്ന മട്ടിലുള്ള കിച്ചനും ഡൈനിങ്ങിനും ഇടയില്‍ പാന്‍ട്രി സ്പെയ്സാണ് പാര്‍ട്ടീഷനാകുന്നത്. സൗകര്യങ്ങള്‍ ഉറപ്പാക്കിയതിനൊപ്പം കാഴ്ചാഘടകങ്ങള്ക്കും പൊലിമയ്ക്കും കൂടി പ്രാധാന്യം നല്കിയിരിക്കുന്നു ഈ പ്രോജക്റ്റില്‍.
Be the first to comment