തിരൂരിന്റെ മലയാളപ്പെരുമ

മേല്‍പ്പത്തൂരിന്റെയും തുഞ്ചത്തെഴുത്തച്ഛന്റെയും ജന്മനാട്, മാമാങ്കം അരങ്ങേറിയിരുന്ന ചരിത്രഭൂമി-ഒട്ടേറെ ചരിത്ര കഥകളുടെ പശ്ചാത്തലമായ തിരൂരിനടുത്തുള്ള കൂട്ടായി ഗ്രാമത്തിന്റെ മടിത്തട്ടില്‍ പണ്ടത്തെ തറവാടു വീടുകളെ അനുസ്മരിപ്പിക്കുന്ന മാതൃകയില്‍ തനതു കേരളീയ ശൈലിയില്‍ പണിത ഒരു വീട്. വീടിന് ചുറ്റുമുള്ള വരാന്തയും, മരത്തൂണുകളും, ചെരിഞ്ഞ മേല്‍ക്കൂരയും, മരയഴികള്‍ കൊണ്ടുള്ള മേല്‍ക്കൂടുമെല്ലാം പരമ്പരാഗതശൈലിയുടെ മാറ്റു കൂട്ടുന്നവയാണ്. 16.81 സെന്റില്‍ 4272 സ്‌ക്വയര്‍ഫീറ്റില്‍ കമറുദ്ദീനും തസ്ലീമയ്ക്കുമായി ഒരുക്കിയ ഈ വീടിന്റെ രൂപകല്പന നിര്‍വ്വഹിച്ചിരിക്കുന്നത് ആര്‍ക്കിടെക്റ്റ് ആസിഫ് അഹമ്മദാണ് (എ. ആര്‍. ആര്‍ക്കിടെക്റ്റ്‌സ്, കൊച്ചി)

”വളരെ വിശാലമാകണം; കാറ്റും വെളിച്ചവും സമൃദ്ധമായി കയറി ഇറങ്ങുന്നതുമാവണം വീട്. ട്രഡീഷണല്‍ ശൈലിക്കു മുന്‍തൂക്കം നല്‍കണം; പക്ഷേ മോഡേണ്‍ ഡിസൈനിങ് നയങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയും ചെയ്യണം” എന്നിങ്ങനെയായിരുന്നു വീട്ടുടമസ്ഥന്റെ ആവശ്യങ്ങള്‍. ”ചെറിയ കുട്ടികള്‍ക്ക് ഓടിക്കളിക്കാവുന്ന രീതിയിലും മാതാപിതാക്കള്‍ക്ക് പെട്ടെന്ന് നോട്ടമെത്തുന്ന രീതിയിലുമുള്ള സുരക്ഷിതമായ ഓപ്പണ്‍ ഏരിയകള്‍ ഉണ്ടാവണം” എന്ന ആവശ്യം ഗൃഹനാഥയും കൂട്ടിച്ചേര്‍ത്തിരുന്നു. ”തങ്ങളുടെ വീട് എന്തായിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു പ്ലാന്‍ വീട്ടുകാര്‍ക്കുണ്ടായിരുന്നു. വീട്ടുകാരുടെ ആഗ്രഹമനുസരിച്ചുള്ള ആധുനിക സൗകര്യങ്ങള്‍ കേരളീയ ശൈലിയില്‍ എക്സ്റ്റീരിയര്‍ ഒരുക്കിയ വീട്ടില്‍ അണിനിരത്തുകയായിരുന്നു. ഇന്റീരിയറിലും ലാന്‍ഡ്‌സ്‌കേപ്പിലുമാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. ഇവിടെയുള്ള ഫര്‍ണിച്ചര്‍, പെയിന്റിങ്‌സ്, ലൈറ്റിങ് എല്ലാം ഡിസൈന്‍ നല്‍കി ചെയ്‌തെടുത്തവയാണ്. ക്ലയന്റ് എന്റെ ബന്ധുകൂടിയായതിനാല്‍ ഡിസൈനിങ്ങില്‍ നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു” ആര്‍ക്കിടെക്റ്റ് ആസിഫ് പറഞ്ഞു.

പുറംകാഴ്ച കേരളത്തനിമയില്‍

കേരളീയ ശൈലിയെ കൂട്ടുപിടിക്കുന്ന ഫ്രണ്ട് എലിവേഷനും പടിപ്പുരയും വീട്ടിലേക്ക് സുസ്വാഗതമരുളുന്ന രീതിയില്‍ ആണ്. ലാറ്ററൈറ്റ് ഫിനിഷില്‍ ചെയ്ത കോമ്പൗണ്ട് വാളില്‍ ലൈറ്റിങ് സജ്ജീകരണങ്ങളും നല്‍കിയിട്ടുണ്ട്. പടിപ്പുര കടന്നെത്തുന്നത് പച്ചപ്പിനു പ്രാധാന്യം നല്‍കി ഒരുക്കിയ വിശാലമായ ലാന്‍ഡ്‌സ്‌കേപ്പിലേക്കാണ്. കരിങ്കല്ലുപയോഗിച്ച് കെട്ടിയുണ്ടാക്കിയ കിണറും ലാന്‍ഡ്‌സ്‌കേപ്പിന്റെ ഭാഗമായുണ്ട്. വീടിന്റെ മുന്‍പില്‍ നേരെ തന്നെയാണ് കാര്‍പോര്‍ച്ച്. സ്ലോപ് റൂഫിനു മുകളിലായി റൂഫ് ടൈലുകള്‍ വിരിച്ചിട്ടുണ്ട്. റൂഫില്‍ പുറകിലുള്ള ഭാഗത്ത് കൂട് പോലെ വുഡന്‍ ട്രല്ലീസ് നല്‍കി ഭംഗിയാക്കിയ ഇവിടം ട്രഡീഷന്‍ ശൈലിയുടെ പ്രതീതി എടുത്തു കാട്ടുന്നവയാണ്. കാര്‍പോര്‍ച്ചിലും മറ്റും ബാംഗ്ലൂര്‍ ചെപ്പടി സ്റ്റോണാണ് വിരിച്ചിരിക്കുന്നത്. വളരെ വീതി കൂടിയ ചുറ്റുവരാന്തയാണ് ഈ വീട്ടിലുള്ളത്. ‘ ഡ ‘ ഷേപ്പില്‍ കിടക്കുന്ന ചുറ്റുവരാന്തയില്‍ നല്‍കിയിരിക്കുന്ന ഈട്ടിയില്‍ നിര്‍മ്മിതമായ മരത്തൂണുകളെല്ലാം തമിഴ്‌നാട്ടിലെ കാരക്കുടിയില്‍ നിന്ന് കൊണ്ടുവന്നതാണ്.

മിശ്രിത ശൈലിയില്‍

വീടിന്റെ ശൈലിയ്ക്കിണങ്ങിയാണ് പ്രധാനവാതില്‍ ചെയ്തിരിക്കുന്നത്. ഇന്റീരിയറില്‍ കന്റംപ്രറിയുടെയും കേരളീയ ശൈലിയുടെയും ഒരു ഫ്യൂഷനാണ് കാണാന്‍ സാധിക്കുന്നത്. പ്രധാന വാതില്‍ കടന്ന് ആദ്യം കാണുന്ന കാഴ്ച ഒരു ഇന്റേണല്‍ കോര്‍ട്ട്‌യാര്‍ഡാണ്. വീടിന്റെ പ്രധാന ഹൈലൈറ്റായ കോര്‍ട്ട്‌യാര്‍ഡ് കാറ്റും വെളിച്ചവും പരമാവധി ലഭ്യമാകണം എന്ന ലക്ഷ്യത്തോടെ ഓപ്പണ്‍ ടു സ്‌കൈ മാതൃകയിലാണ് ചെയ്തിട്ടുള്ളത്. ഈ കോര്‍ട്ട്‌യാര്‍ഡിനു ചുറ്റുമായാണ് ഡൈനിങ്, ഫാമിലി ലിവിങ്, ഫോര്‍മല്‍ ലിവിങ്, കിച്ചന്‍, വാഷ് ഏരിയ, സ്റ്റെയര്‍, ആട്ടുകട്ടില്‍ എന്നിവയെല്ലാം സജ്ജമാക്കിയിട്ടുള്ളത്. ഇവിടെ നിന്നാല്‍ വീടിന്റെ നാലുഭാഗത്തേക്കും നോട്ടമെത്തുകയും ചെയ്യും. കോര്‍ട്ട്‌യാര്‍ഡിന്റെ റൂഫില്‍ സുരക്ഷ മുന്‍നിര്‍ത്തി ഗ്രില്ലിട്ടിട്ടുണ്ട്. പ്രധാന വാതിലിന്റെ ഇടതു ഭാഗത്ത് ഒരു മൂലയിലാണ് ഫോര്‍മല്‍ ലിവിങ്.

വെളിച്ചത്തിനു പ്രാധാന്യം ലഭിക്കാന്‍ വലിയ ജനാലകളും, സ്വകാര്യതയ്ക്കായി ബ്ലൈന്‍ഡ്‌സും കൊടുത്തിട്ടുണ്ട് . ഹാങ്ങിങ് ലൈറ്റ്‌സും, എല്‍ഇഡി ലൈറ്റ്‌സുമെല്ലാം ഇന്റീരിയറിന്റെ ശൈലിക്കും ആവശ്യത്തിനുമനുസരിച്ച് വൈറ്റ്, വാം, ന്യൂട്രല്‍ എന്നിങ്ങനെ ഏതു ടോണിലും പ്രകാശം ക്രമീകരിക്കാന്‍ സാധിക്കും വിധത്തിലാണ്. ഫോര്‍മല്‍ ലിവിങ്ങിന്റെ നേരെ എതിര്‍ഭാഗത്താണ് ഡൈനിങ് സജ്ജീകരിച്ചിരിക്കുന്നത്. ഡൈനിങ്ങിന്റെ വാഷ് ഏരിയ ഇതിനോട് ചേര്‍ന്ന് സ്വകാര്യതയോടെ ഒരു ബോക്‌സിനുള്ളിലെന്ന പോലെ നല്‍കിയിരിക്കുന്നു.

തുറന്ന നയത്തില്‍

ഡൈനിങ്ങിനടുത്തായി തുറന്ന നയത്തിലാണ് കിച്ചന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ‘ ഡ ‘ ഷേപ്പിലാണ് കിച്ചന്റെ കൗണ്ടര്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഇവിടെ ഒരു വര്‍ക്ക്ഏരിയയ്ക്കും സ്ഥാനമുണ്ട്. കിച്ചന് സ്വകാര്യത ആവശ്യമുള്ളപ്പോള്‍ വുഡന്‍ തീം വരുന്ന ഒരു റോളര്‍ ബ്ലൈന്‍ഡ്‌സ് താഴ്ത്തിയിട്ടാല്‍ മതിയാകും.

കോര്‍ട്ട്‌യാര്‍ഡിന്റെ നേരേ പുറകിലായാണ് ഫാമിലി ലിവിങ് സജ്ജീകരിച്ചിരിക്കുന്നത്. ഫാമിലിലിവിങ്ങിലെ വുഡന്‍ പര്‍ഗോളകള്‍ക്കിടയില്‍ കസ്റ്റമൈസ് ചെയ്‌തെടുത്ത ഹാങ്ങിങ് ലൈറ്റും മറ്റും സജ്ജീകരിച്ചു. ആട്ടുകട്ടില്‍ വരുന്നത് ഈ ഭാഗത്താണ്. അപ്പര്‍ ലെവലിലേക്കും ബേസ്‌മെന്റ് ഫ്‌ളോറിലേക്കുമുള്ള സ്റ്റെയര്‍ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. സ്റ്റെയറിന്റെ ഹാന്റ് റെയിലിന്റെ ഭാഗത്തായി വെനീര്‍ ഫിനിഷില്‍ കണ്‍സീല്‍ഡായി ഒരു ടിവി യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്.

മാസ്റ്റര്‍ ബെഡ്‌റൂമും കിഡ്‌സ് ബെഡ്‌റൂമും ഗ്രൗണ്ട് ഫ്‌ളോറിലാണ് സജ്ജീകരിച്ചത്. മാസ്റ്റര്‍ ബെഡ്‌റൂമില്‍ ബെഡിന്റെ രണ്ടു ഭാഗത്തും സൈഡ് ടേബിളിനും വാഡ്രോബ്‌സിനും സ്ഥാനം കൊടുത്തു. ഹെഡ്‌റെസ്റ്റ് വരുന്ന ഭാഗത്ത് ജനാലകളാണ്. അവയ്ക്ക് ബ്ലൈന്‍ഡ്‌സ് ഇട്ടാണ് മറ തീര്‍ത്തിരിക്കുന്നത്. പഴയ കാല വീടുകളുടെ മച്ചിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇവിടെ ഫാള്‍സ് സീലിങ്. ലിവിങ്-ഡൈനിങ് ഏരിയകളിലെല്ലാം ലിന്റല്‍ ലെവലില്‍ നിന്നും ഹൊറിസോണ്ടലായി ഒരു ബാന്‍ഡ് പോകുന്നുണ്ട്. ഇത് മൊത്തത്തിലുള്ള ഹൈറ്റിനെ ബാലന്‍സ് ചെയ്യാന്‍ വേണ്ടിയുള്ളതാണ്. ഇവിടെ വച്ചിട്ടുള്ള പെയിന്റിങ്‌സുകളെല്ലാം ഒറ്റയൊരു പേപ്പറില്‍ വെട്ടി ഒട്ടിച്ച് ഫ്രെയിം ചെയ്തിരിക്കുന്നവയാണ്.

കിഡ്‌സ് റൂം കുട്ടിക്കളിയല്ല

കിഡ്‌സ്‌റൂം വളരെ വ്യത്യസ്തമായാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. കുട്ടികളുടെ പ്രായത്തിനും അവരുടെ ശൈലിക്കുമനുസരിച്ചാണ് ബെഡിന്റെ സൈസുപോലും ഡിസൈന്‍ ചെയ്തിട്ടുള്ളത്. 4 മീറ്ററാണ് ഇവിടെ ഹൈറ്റ് ഉണ്ടായിരുന്നത്. മാത്രമല്ല വളരെ ചെറിയ സ്‌പേസിലുള്ള മുറിയുമായതിനാല്‍ ഒരു മെസനില്‍ ഫ്‌ളോര്‍ കൂടി ഇവിടെ ഉള്‍പ്പെടുത്തി. നാലുകുട്ടികള്‍ക്കുള്ള ബങ്ക് ബെഡുകളാണ് താഴെ. ബങ്ക് ബെഡിലേക്കും മുകളിലെ നിലയിലേക്കും കയറാനുള്ള ലാഡര്‍ കൊടുത്തിട്ടുണ്ട. മുകളില്‍ ലൈബ്രറി, സ്റ്റോറേജ്, സ്റ്റഡി സ്‌പേസ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ കുട്ടികള്‍ക്കായി ഒരു വാഷ് ഏരിയയും ബാത്ത്‌റൂമും ഉണ്ട്.

ഫസ്റ്റ് ഫ്‌ളോറിലേക്കു കയറുമ്പോള്‍ കാണുന്നത് വുഡന്‍ ട്രല്ലീസ് വച്ച് ചെയ്ത കൂട് പോലെയുള്ള ഭാഗമാണ്. ഇവിടെ ഇരിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ രണ്ട് ബെഡ്‌റൂമുകളും സ്റ്റോറേജും മറ്റും ഉണ്ട്. രണ്ട് ബെഡ്‌റൂമുകളെയും ബന്ധിപ്പിക്കുന്ന രീതിയില്‍ ഒരു ബ്രിഡ്ജ് പോലെയുള്ള ഇടനാഴിയുണ്ട്. ഇവിടുന്ന് ലിവിങ്ങിലേക്ക് ബാല്‍ക്കണി പോലെ നോട്ടമെത്തുകയും ചെയ്യും. ഇവിടുന്നുള്ള സ്റ്റെയര്‍കേസ് താഴെ ബേസ്‌മെന്റ് ഫ്‌ളോറില്‍ വരെ എത്തുന്നു. സ്റ്റോറേജിനായിട്ടാണ് ഈ സ്‌പേസ് പ്ലാന്‍ ചെയ്തിരുന്നതെങ്കിലും ഇവിടെ ഇപ്പോള്‍ ഗസ്റ്റ് ബെഡ്‌റൂം, കോമണ്‍ ടോയ്‌ലറ്റ്, ഹോം തീയേറ്റര്‍ എന്നിവയെല്ലാം ആയിട്ടാണ് സജ്ജീകരിച്ചിട്ടുള്ളത്. അക്വസ്റ്റിക് ചെയ്ത ആധുനിക സൗകര്യങ്ങളൊത്തു ചേര്‍ന്നതാണ് ഹോം തീയേറ്റര്‍.
പാരമ്പര്യമൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന വീട്ടുകാര്‍ക്കുവേണ്ടി തനതു വാസ്തുകലയുടെ പരമാവധി അംശങ്ങള്‍ ആധുനിക സാഹചര്യങ്ങള്‍ക്കിണങ്ങിയ വിധം സ്വാംശീകരിച്ചു കൊണ്ടുള്ള ഡിസൈന്‍ തന്നെ നല്‍കുക വഴി ആര്‍ക്കിടെക്റ്റ് ആസിഫ് അഹമ്മദിന് പാരമ്പര്യത്തോട് പ്രതിബദ്ധത പുലര്‍ത്താനായിരിക്കുന്നു.

Project Details

Architect /Interior Designer/ Landscaping consultant/Landscaping Contractor :Ar. Asif Ahmed P.B
                                                                                                                                                            A R Architects
                                                                                                                                                  41/353 Basement -1
                                                                                                                                        Oberon Mall, NH-Bypass
                                                                                                                                       Edappaly, Kochi – 682024
                                                                                                                                                            0484 4024226

Owner                                                                                                                                 :Kamarudheen P K                                                                                                                                                                             Palakkavalappil
                                                                                                                                      Kuttayi P O – 676562
                                                                                                                                              9388110049