പ്രകൃതിയോടിണങ്ങി ഒരു മണ്‍കൂട്‌

എന്നെങ്കിലുമൊരു വീടു വയ്ക്കുന്നുവെങ്കില്‍, അത് പ്രകൃതിയോട് നീതി പാലിച്ചുകൊണ്ടുള്ള ഒന്നായിരിക്കണം എന്നത് വളാഞ്ചേരി സ്വദേശി വിനോദിന്റെയും കുടുംബത്തിന്റെയും കൂട്ടായ തീരുമാനമായിരുന്നു. അത്തരമൊരു വീടുനിര്‍മ്മാണത്തിനായി ഈ കുടുംബം നടത്തിയ അന്വേഷണങ്ങള്‍ക്കിടെയാണ്, ഇവര്‍ തൃശൂരിലെ വാസ്തുകം ഓര്‍ഗാനിക് ആര്‍ക്കിടെക്റ്റ്‌സിലെ മണ്ണ് കൂടുകളുടെ ശില്‍പിയായ എഞ്ചിനീയര്‍ ശ്രീനിവാസനെ പരിചയപ്പെടുന്നത്.

20 സെന്റിന്റെ ആകൃതിയൊത്ത ഒരു പ്ലോട്ടായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. അതിനാല്‍ നല്ല രീതിയില്‍ മുന്‍ മുറ്റമൊരുക്കുക സാധ്യമായിരുന്നു. മുറ്റത്തുണ്ടായിരുന്ന കുളം സംരക്ഷിക്കു മെന്നതായിരുന്നു എഞ്ചിനീയറും ക്ലയന്റും കൂട്ടായെടുത്ത ആദ്യ തീരുമാനം. നാലുകെട്ടിന്റെ മാതൃകയിലൊരു സ്ട്രക്ചറാണ് ഈ വീടിന്. സൈറ്റിന്റെ അടുത്ത പ്രദേശത്തു തന്നെ വെട്ടുകല്ല് ലഭ്യമായിരുന്നതിനാല്‍ സ്ട്രക്ചര്‍ നിര്‍മ്മാണത്തിനു മുഴുവന്‍ വെട്ടുകല്ലു തന്നെ ഉപയോഗിച്ചു. പുറമേക്ക് പ്ലാസ്റ്ററിങ് ഒന്നും ചെയ്യാതെ ചെങ്കല്ലിന്റെ സ്വാഭാവികഭംഗിയും തനിമയും നിലനിര്‍ത്തി. അകത്തുമാത്രം മണ്ണ് ഉപയോഗിച്ച് പ്ലാസ്റ്ററിങ് ചെയ്തു.

ണത്തിനു മുഴുവന്‍ വെട്ടുകല്ലു തന്നെ ഉപയോഗിച്ചു. പുറമേക്ക് പ്ലാസ്റ്ററിങ് ഒന്നും ചെയ്യാതെ ചെങ്കല്ലിന്റെ സ്വാഭാവികഭംഗിയും തനിമയും നിലനിര്‍ത്തി. അകത്തുമാത്രം മണ്ണ് ഉപയോഗിച്ച് പ്ലാസ്റ്ററിങ് ചെയ്തു.

മണ്ണിന്‍ ചന്തം

രണ്ടു നിറത്തിലുള്ള മണ്ണുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. മഞ്ഞയും, ചുവപ്പും. ഇതില്‍ ചുവന്ന മണ്ണ് സൈറ്റില്‍ നിന്നും മഞ്ഞനിറമുള്ള മണ്ണ് തൊട്ടടുത്ത പ്ലോട്ടില്‍ നിന്നും ലഭിച്ചതാണ്. പഴയ മര ഉരുപ്പടികള്‍ വാങ്ങി പുനരുപയോഗിക്കുകയായിരുന്നു. ഇരുനിലകളിലായാണ് വീട്. മേല്‍ക്കൂരയ്ക്കും പുനരുപയോഗിച്ച ഓടുകള്‍ തന്നെ.

കരിങ്കല്ലുകള്‍ പാകിയൊരുക്കിയ നടവഴിയിലൂടെ ചുറ്റിനുമുള്ള പച്ചപ്പിന്റെ കാഴ്ചകളാസ്വദിച്ചുകൊണ്ടാണ് പൂമുഖത്തേക്ക് പ്രവേശിക്കുന്നത്. ഇരിപ്പിട സൗകര്യവും സ്റ്റോറേജ് സൗകര്യവും ഒത്തിണങ്ങിയ അരമതിലില്‍ മരത്തിന്റെ ഉരുളന്‍ തൂണുകള്‍. ഓറഞ്ച്, കറുപ്പ് നിറത്തിലുള്ള ഓക്‌സൈഡ് പൂശിയാണ് തൂണുകള്‍ക്ക് ആകര്‍ഷണവും സംരക്ഷണവും നല്‍കിയിരിക്കുന്നത്. ഈ തൂണുകള്‍ വീടിന്റെ അന്തരീക്ഷത്തോടും പൂമുഖത്തെ മറ്റ് അലങ്കാരങ്ങളോടും ചേര്‍ന്നു നില്‍ക്കുന്നു.

പൂമുഖത്തുനിന്നും ഉള്ളിലേക്ക് കടന്നാല്‍ ലിവിങ്, ഡൈനിങ്, ഫാമിലി ഏരിയ, കോര്‍ട്ട്‌യാര്‍ഡ്, മുകളിലും താഴെയുമായി 4 കിടപ്പുമുറികള്‍ എന്നിങ്ങനെയാണ് അകത്തളങ്ങള്‍. ഇതില്‍ സൂര്യപ്രകാശവും മഞ്ഞും മഴയും എല്ലാം കടന്നുവരത്തക്കവിധം നടുവില്‍ തീര്‍ത്തിരിക്കുന്ന കോര്‍ട്ട്‌യാര്‍ഡിന്റെ ചുറ്റിനുമായാണ് മുറികളെല്ലാം ക്രമീകരിച്ചിരിക്കുന്നത്. പൂമുഖത്തെ അതേ മാതൃകയിലും രീതിയിലും നിറത്തിലുമുള്ള തൂണുകളാണ് നടുമുറ്റത്തിനു നാലു കോണുകളിലും നല്‍കിയിട്ടുള്ളത്. തൂണുകള്‍ക്കൊപ്പം ഇരിപ്പിടസൗകര്യവും നല്‍കിയിരിക്കുന്നു. ഉള്ളിലെ ഏരിയകള്‍ തമ്മില്‍ ഭിത്തിയുടെ മറവില്ല.

തടിപ്പണികള്‍ക്കു പ്രാധാന്യം

അകത്തളങ്ങളില്‍ തടിയുടെ ഉപയോഗത്തിനു മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. അതിലധികവും പുനരുപയോഗിച്ചവയും സൈറ്റില്‍ നിന്നും ലഭ്യമായ കരിമരുത് മരവും ആണ്. മണ്ണിന്റെയും തടിയുടെയും സ്വാഭാവിക നിറങ്ങളും ഒന്നിലധികം നിറത്തിലുള്ള ഓക്‌സൈഡുകള്‍ സമ്മാനിക്കുന്നനിറഭംഗിയും അലങ്കാരങ്ങളുമാണ് ഉള്ളിലെമ്പാടും. പ്ലാസ്റ്ററിങ്ങിന് ഉപയോഗിച്ചിരിക്കുന്ന മണ്ണിന്റെ നിറവ്യത്യാസം തന്നെ അകത്തളങ്ങളിലെ മുഖ്യാകര്‍ഷണങ്ങളില്‍ ഒന്നാകുന്നു. ഭിത്തിയിലെ വുഡുപയോഗിച്ച് നിര്‍മ്മിച്ച കൊത്തുപണികള്‍ നിറഞ്ഞ വെന്റിലേഷന്‍, പകുതി ഗ്ലാസും മറുപകുതി തടിയും ഉപയോഗിച്ചു നിര്‍മ്മിച്ച ജാലകങ്ങള്‍, സ്ഥല വിഭജനത്തിന് ഉപയോഗിച്ചിട്ടുള്ള ശില്പഭംഗിയൊത്ത തൂണുകള്‍, ഫര്‍ണിച്ചറിലെ പഴമയുടെ രീതി എന്നിവയെല്ലാമാണ് മറ്റ് അകത്തളങ്ങളിലെ അലങ്കാരങ്ങള്‍.

കൃത്രിമമായ അലങ്കാരങ്ങളൊന്നുമില്ല എന്നു തന്നെ പറയാം. വീട്ടുകാരുടേയും വീടിന്റെ ശില്പിയുടെയും അഭിപ്രായ ഐക്യത്തില്‍ നിന്നും ഉരുത്തിരിഞ്ഞ; പ്രകൃതിയോട് നീതി പൂര്‍വ്വകമായ സമീപനം സ്വീകരിച്ചുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന മണ്ണിന്റെ മണമോലുന്ന വാസ്തുശില്പം. വീടിന്റെ മുറ്റത്തുണ്ടായിരുന്ന കുളത്തെ മഴവെള്ള സംഭരണി കൂടിയാക്കി മാറ്റിയതോടെ മണ്ണും, കല്ലും, മരവും ചേര്‍ന്ന് പ്രകൃതിയോട് താദാത്മ്യം പ്രാപിച്ചുകൊണ്ടുള്ള ഗൃഹനിര്‍മ്മാണം അര്‍ത്ഥ സമ്പൂര്‍ണ്ണമായിരിക്കുന്നു.