ലളിതം; പ്രൗഢം

അല്‍പം ചരിവുള്ള പ്ലോട്ടിനനുസരിച്ച് രൂപകല്‍പ്പന ചെയ്ത വളരെ ലളിതവും സാധാരണവുമായ പുറംകാഴ്ചയോടെ നിലകൊള്ളുന്ന ഇരുനിലഭവനം. തൃശൂര്‍ നഗരത്തില്‍ പുതുക്കാട് എന്ന സ്ഥലത്താണ് പോള്‍സന്റെയും കുടുംബത്തിന്റെയും ഈ വീട്. 40 സെന്റില്‍ 5000 സ്‌ക്വയര്‍ഫീറ്റിലായുള്ള വീടിന്റെ പ്രത്യേകത ലാളിത്യം നിറയുന്ന പുറംകാഴ്ചയും ആഡംബരം നിറയുന്ന ഇന്റീരിയറുമാണ്. റോഡ് ലെവലുമായി താരതമ്യം ചെയ്യുമ്പോള്‍ ഏതാണ്ട് 12-13 അടി താഴ്ന്ന് കിടക്കുന്ന വിധമായിരുന്നു പ്ലോട്ട്. പ്ലോട്ടിന്റെ പരിമിതികളെയെല്ലാം ഉള്‍ക്കൊണ്ട് ഈ വീടിന്റെ ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് ആര്‍ക്കിടെക്റ്റ് ആല്‍ബിന്‍ പോളും (ഡിഇ സ്റ്റുഡിയോ, കാക്കനാട്) സതീഷ് അസോസിയേറ്റ്‌സും ചേര്‍ന്നാണ്.

ലാളിത്യത്തിന്റെ പരിവേഷത്തോടെ കന്റംപ്രറി ശൈലിയിലാണ് ഈ വീടിന്റെ ഡിസൈന്‍ നിര്‍വ്വഹണം. റോഡ് ലെവലിനനുസൃതമായി ബേസ്‌മെന്റ് അല്‍പ്പം ഉയര്‍ത്തിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. വൈറ്റ് & ഗ്രേ കളര്‍ കോമ്പിനേഷനില്‍ മൂന്നു മുഖപ്പുകളോടെയാണ് എലിവേഷന്‍. വളരെ മിനിമലായിട്ടാണ് ലാന്‍ഡ്‌സ്‌കേപ്പ് ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നും ചെറിയൊരു വാട്ടര്‍ ബോഡിയ്ക്കു മുകളിലൂടെ നടന്നാണ് വരാന്തയിലേക്കു പ്രവേശിക്കുന്നത്. പൂളിലേക്കുള്ള കാഴ്ച സാധ്യമാക്കാനായി ഗ്ലാസാണ് നടപ്പാതയില്‍ ഉപയോഗിച്ചത്.

ആഡംബരത്തോടെ

വരാന്തയില്‍ നിന്നും നേരെ പ്രവേശിക്കുന്നത് ചെറിയൊരു ഫോയര്‍ സ്‌പേസിലേക്കാണ്. പ്ലോട്ടിന്റെ ആകൃതിക്കനുസരിച്ച് മൂന്നു ലെവലുകളിലായാണ് വീടിന്റെ അകത്തളം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫസ്റ്റ് ഫ്‌ളോറില്‍ ഫോയര്‍ സ്‌പേസിനിടതു ഭാഗത്തായാണ് ഫോര്‍മല്‍ ലിവിങ് റൂം. ഇതിന്റെ വലതുവശത്തായി ഒരു ബെഡ്‌റൂമും സജ്ജീകരിച്ചിരിക്കുന്നു. ‘ ഇ ‘ ഷേയ്പ്പുള്ള ക്രീം കളര്‍ ഇംപോര്‍ട്ടഡ് സോഫാസെറ്റാണ് ഫോര്‍മല്‍ ലിവിങ്ങിലെ ഹൈലൈറ്റ്. ഫര്‍ണിച്ചര്‍ എല്ലാം തന്നെ മൂവബിള്‍ ആണെന്നതാണ് പ്രത്യേകത. സോഫാസെറ്റിയോടു ചേര്‍ന്ന ഭിത്തിയില്‍ നിന്ന് സീലിങ്ങിലേക്ക് പടരുന്ന രീതിയില്‍ വുഡുകൊണ്ട് പാനലിങ് ചെയ്തിട്ടുണ്ട്. ഇതിനഭിമുഖമായുള്ള ടിവി ഏരിയയുടെ ഭിത്തിയും വുഡ് പാനലിങ് ചെയ്ത് ആകര്‍ഷകമാക്കിയിരിക്കുന്നു. കണ്‍സീല്‍ഡ് ലൈറ്റിങ്ങും ഹാങ്ങിങ് ലൈറ്റും മറ്റും ഈ ഏരിയയുടെ ആംപിയന്‍സ് കൂട്ടുന്നുണ്ട്.

ഫോര്‍മല്‍ ലിവിങ്ങില്‍ നിന്നും രണ്ടുപടി ഉയരത്തിലാണ് ഡൈനിങ്, കിച്ചന്‍, പ്രയര്‍ ഏരിയ, മാസ്റ്റര്‍ ബെഡ്‌റൂം, വര്‍ക്കേരിയ എന്നീ ഏരിയകള്‍ വിന്യസിച്ചിരിക്കുന്നത്. ഇവിടെ നിന്നും അഞ്ച് അടി ഉയരത്തിലാണ് ഫാമിലി ലിവിങ് ഏരിയ. ഡൈനിങ്-ഫാമിലി ലിവിങ് ഏരിയകള്‍ ഡബിള്‍ ഹൈറ്റിലാണ്. വുഡ്, ഗ്ലാസ് കോമ്പിനേഷനില്‍ മൂന്ന് സ്ട്രിപ്പുകളായി ചെയ്ത ക്രോക്കറി ഷെല്‍ഫ് ഡൈനിങ്-പ്രയര്‍ ഏരിയകള്‍ക്കിടയില്‍ വിഭജനം തീര്‍ക്കുന്നുണ്ട്. ഫ്‌ളോറിങ്ങിന്

എല്ലായിടത്തും വൈറ്റ് വിട്രിഫൈഡ് ടൈലും ഏരിയകളെ വേര്‍തിരിക്കാനായി ഗ്രനൈറ്റും ഉപയോഗിച്ചിട്ടുണ്ട്. പ്രയര്‍ ഏരിയയില്‍ വുഡന്‍ ടൈലാണ് നല്‍കിയത്.

സീലിങ്ങാണു ഹൈലൈറ്റ്

വെളിച്ചത്തിനു പ്രാധാന്യം നല്‍കി ഡൈനിങ് ഏരിയയില്‍ വലിയ ഗ്ലാസ് വിന്‍ഡോകള്‍ക്കു സ്ഥാനം നല്‍കിയിട്ടുണ്ട്. അതിന്റെ ഇരുഭാഗങ്ങളിലുമായി ലൂവേഴ്‌സും കൊടുത്തിരിക്കുന്നു. വലിയ കാര്‍പ്പറ്റ് ഫ്രെയിം ചെയ്തു വച്ചിരിക്കുന്നതാണ് ഡൈനിങ് സ്‌പേസിലെ ഏകചുമരലങ്കാരം. ഓവല്‍ ഷേയ്പ്പില്‍ ജിപ്‌സംകൊണ്ട് ഡൈനിങ്ങിന്റെ സീലിങ്ങില്‍ ചെയ്ത ഡിസൈന്‍ ശ്രദ്ധേയമാണ്. ഉചിതമായ ലൈറ്റ് എഫക്റ്റും നല്‍കിയിട്ടുണ്ട്.
ബ്ലാക്ക് കളറിലുള്ള റെഡിമെയ്ഡ് സോഫാസെറ്റാണ് ഫാമിലി ലിവിങ്ങില്‍ സജ്ജീകരിച്ചത്. സോഫാസെറ്റിയോടു ചേര്‍ന്ന ഭിത്തിയില്‍ ഇംപോര്‍ട്ടഡായ ഗ്രനൈറ്റിന്റെ വലിയ ഒറ്റ പീസുകൊണ്ട് ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഇവിടെ നിന്നാണ് മുകള്‍ നിലയിലേക്കുള്ള ഗോവണി ആരംഭിക്കുന്നത്. ഫസ്റ്റ് ഫ്‌ളോറിന്റെ ബാല്‍ക്കണിയും മുകള്‍ നിലയിലെ ബെഡ്‌റൂമിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിധം മധ്യഭാഗത്തു കൂടി ഒരു ബ്രിഡ്ജ് കടന്നുപോകുന്നുണ്ട്. ഫാമിലി ലിവിങ്ങിന്റെയും ഡൈനിങ്ങിന്റെയും മധ്യഭാഗത്തായി വരുന്ന ബ്രിഡ്ജ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം തന്നെയാണ്. ടീക്ക് വുഡിന്റെ പാനലിങ്ങാണ് ബ്രിഡ്ജിന് ചെയ്തത്. കൈവരികള്‍ക്ക് ലാമിനേറ്റഡ് ഗ്ലാസും ഉപയോഗിച്ചിരിക്കുന്നു.

മിനിമലിസ്റ്റിക് നയത്തില്‍

ഫസ്റ്റ് ഫ്‌ളോറില്‍ രണ്ട് ബെഡ്‌റൂമിനും ബാല്‍ക്കണി ഏരിയയ്ക്കും ടെറസിനും സ്ഥാനം നല്‍കിയിരിക്കുന്നു. ചെറിയ പാര്‍ട്ടികളും മറ്റും നടത്താനുള്ള സൗകര്യാര്‍ത്ഥം ടെറസ് ഏരിയ ഒരുക്കിയിട്ടിരിക്കുന്നു. ഉപയുക്തതയ്ക്കു പ്രാധാന്യം നല്‍കി മിനിമലായ ഒരുക്കങ്ങള്‍ മാത്രമേ കിടപ്പുമുറികളില്‍ നല്‍കിയിട്ടുള്ളൂ. ബെഡ്‌റൂമിന്റെ ഓരോ ഭിത്തി വീതം വാള്‍പേപ്പറിനാല്‍ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. അത്യാവശ്യ സ്റ്റോറേജ് സൗകര്യങ്ങളോടെ ‘ ഇ ‘ ഷേയ്പ്പില്‍ ഓപ്പണ്‍ നയത്തിലാണ് കിച്ചന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബ്ലാക്ക് & വൈറ്റ് കളര്‍ തീമില്‍ ഒരു ബ്രേക്ക് ഫാസ്റ്റ് സൗകര്യം കൂടി ഉള്‍പ്പെടുത്തിയ കിച്ചന്റെ കൗണ്ടര്‍ടോപ്പിന് നാനോ ക്രിസ്റ്റല്‍ ഗ്ലാസും കബോര്‍ഡുകള്‍ക്ക് ഓട്ടോമോട്ടീവ് പെയിന്റ് ഫിനിഷും ആണ്.
ഭൂമിയുടെ സ്വഭാവിക ചരിവിനനുസൃതമായും അമിതമായ ഡിസൈന്‍ എലമെന്റുകള്‍ ഉള്‍പ്പെടുത്താതെയും സിംപിളായി എക്സ്റ്റീരിയര്‍ ഒരുക്കിയപ്പോള്‍ ഇന്റീരിയര്‍ ഗംഭീരമാക്കിത്തന്നെ ചെയ്ത വീടാണിത്.