മനമറിഞ്ഞ് വീട്‌

വീടിന്റെ രൂപഭംഗി നിര്‍ണ്ണയിക്കുന്നതില്‍ ഇന്റീരിയര്‍ ഡെക്കറേഷന് എത്രകണ്ട് പ്രാധാന്യമുണ്ടെന്നു തെളിയിക്കുന്ന, പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടുള്ള ഫിറോസ് ബാബുവിന്റെ വീട്, ചുറ്റിനുമുള്ള പരിസ്ഥിതിയോടും കാലാവസ്ഥയോടും ഇണങ്ങുന്ന വിധത്തിലുള്ളതും കൂടിയാണ്. തികച്ചും മോഡേണ്‍ ആശയങ്ങളുടെ ചുവടു പിടിച്ചാണ് വീടിന്റെ രൂപകല്പന. ഇന്റീരിയര്‍ ഡിസൈനര്‍ മുഹമ്മദ് മുനീറിന്റെ (ബ്രിക് ടൗണ്‍, കോഴിക്കോട്) നേതൃത്വത്തിലാണ് വീടിന്റെ പണികള്‍ മുഴുവന്‍ പൂര്‍ത്തിയായത്.

പ്ലോട്ടിനുമുണ്ട് പ്രത്യേകത

40 സെന്റ് സ്ഥലമുണ്ടായിരുന്നു പ്ലോട്ട് എന്നതിനാല്‍ ആവശ്യത്തിനു സ്ഥല വിസ്തൃതിയും ലാന്‍ഡ്‌സ്‌കേപ്പും മുറ്റവും എല്ലാമൊരുക്കുവാന്‍ പരിമിതികളൊന്നും നേരിടേണ്ടി വന്നില്ല. വീടു വയ്ക്കുവാന്‍ തെരഞ്ഞെടുത്ത ഭാഗത്ത് പ്ലോട്ടിന്റെ മുന്‍ഭാഗത്തായി 4 മീറ്റര്‍ താഴ്ചയുണ്ടായിരുന്നു. അതിനാല്‍ മുന്‍ഭാഗം മാത്രം മണ്ണിട്ടു പൊക്കി. പ്ലോട്ടിന്റെ പുറകിലുള്ള ഭാഗം അതേപടി നിലനിര്‍ത്തി വീടുപണിതപ്പോള്‍ പുറകില്‍ ഒരു ബേസ്‌മെന്റ് ഫ്‌ളോര്‍ കൂടി ലഭിച്ചു. 4500 സ്‌ക്വയര്‍ഫീറ്റിലുള്ള വീടിനെ മിതമായ അലങ്കാരങ്ങളും രീതികളുമാണ് ശ്രദ്ധേയമാക്കുന്നത്.

പച്ചപ്പിനു മുന്‍തൂക്കം

രണ്ടു കാറുകള്‍ക്ക് പാര്‍ക്കുചെയ്യുവാന്‍ തക്ക സൗകര്യമുള്ള കാര്‍പോര്‍ച്ചിനു സ്ഥാനം വീടിനു മുന്നില്‍ ഒരു ഭാഗത്തായി ഒതുക്കിയിട്ടാണ്. കാര്‍പോര്‍ച്ചിനെയും വീടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ഒരു പാലം വഴിയാണ്. ഈ പാലത്തിന്റെ രണ്ടുവശത്തും ചെടികളും പെബിളും കൊണ്ട് അലങ്കരിച്ച രണ്ട് കോര്‍ട്ട്‌യാര്‍ഡുകള്‍. മുറ്റത്തുനിന്നും വീടിന്റെ മുന്നിലുള്ള സിറ്റൗട്ടിലേക്ക് മറ്റൊരു പ്രവേശന മാര്‍ഗ്ഗവും ഉണ്ട്. ഇവിടുത്തെ പടിക്കെട്ടുകളുടെ ഇരുവശങ്ങളിലും രണ്ട് പ്ലാന്റര്‍ ബോക്‌സുകളും നല്‍കിയിരിക്കുന്നു. പടിക്കെട്ടുകള്‍ നനയാതിരിക്കാന്‍ പ്രത്യേകം റൂഫ് തയ്യാറാക്കിയിട്ടുണ്ട്. ഈ രണ്ട് പ്രവേശനമാര്‍ഗ്ഗങ്ങള്‍ക്കും പുറമെ വീടിന്റെ ഇടതുവശത്തായി ഒരു തുറന്ന സിറ്റൗട്ടും അവിടേയ്ക്ക് പ്രത്യേകം പ്രവേശന മാര്‍ഗ്ഗവും ഉണ്ട്. മുറ്റത്ത് കരിങ്കല്ലുകള്‍ പാകി അവയ്ക്കിടയില്‍ പുല്ലു പിടിപ്പിച്ചിരിക്കുന്നു. ഹരിത സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് വീടിന്റെ മുന്‍ഭാഗം മുഴുവന്‍.

വീടിന്റെ പുറംകാഴ്ചയെ ആകര്‍ഷകമാക്കുന്ന ഡിസൈന്‍ എലമെന്റുകള്‍ പലതുമുണ്ട്. കാര്‍പോര്‍ച്ചിനു മാത്രമേ ഫ്‌ളാറ്റ് റൂഫ് ഉള്ളൂ. ബാക്കി മുഴുവന്‍ ഏരിയകളിലും ഓടുകള്‍ പാകിയ സ്ലോപിങ് റൂഫും. ഇവിടുത്തെ ഓടുകള്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായി പരന്ന പ്രതലത്തോടു കൂടിയതാണ്. വീടിന്റെ ഇരുവശങ്ങളിലും നല്‍കിയിരിക്കുന്ന ക്ലാഡിങ്ങും, കോര്‍ണര്‍ വിന്‍ഡോയും, ജനാലകള്‍ക്ക് പഴയമട്ടില്‍ നല്‍കിയിട്ടുള്ള സണ്‍ഷേഡുകളും ബാല്‍ക്കണികളും എല്ലാം വീടിന്റെ പുറംകാഴ്ചയ്ക്ക് മാറ്റു കൂട്ടുന്ന ഘടകങ്ങളാകുന്നു.

ലളിതം സുന്ദരം

അകത്തേയ്ക്ക് കടന്നാല്‍ ഒരു വശത്ത് ഭംഗിയായി ഒരുക്കിയിരിക്കുന്ന ക്യൂരിയോസ് സ്റ്റാന്‍ഡും മറുവശത്ത് നല്‍കിയിരിക്കുന്ന ഡ്രൈ കോര്‍ട്ട്‌യാര്‍ഡുമാണ് നമ്മേ സ്വാഗതം ചെയ്യുന്നത്. ടെക്‌സ്ചര്‍ വര്‍ക്കിനാല്‍ ആകര്‍ഷകമായ ഭിത്തിയും സൂര്യപ്രകാശം കടന്നു വരുന്ന മേല്‍ക്കൂരയും ചെടികളും പച്ചപ്പും നിറഞ്ഞ കോര്‍ട്ട്‌യാര്‍ഡിന്റെ ഭിത്തിയിലെ തുറക്കാവുന്ന വിധമുള്ള സ്ട്രിപ്പ് വിന്‍ഡോകളും വുഡില്‍ ചെയ്തിരിക്കുന്ന ജാളി വര്‍ക്കും സീലിങ്ങും എല്ലാം ഒന്നിനൊന്ന് മികച്ചവ തന്നെ.

ഡ്രൈകോര്‍ട്ട്‌യാര്‍ഡിന്റെ എതിര്‍വശത്ത് ഉള്ളിലായാണ് ഗസ്റ്റ് ലിവിങ്. ക്യൂരിയോസ് ഷെല്‍ഫിന്റെ മറുവശം ഈ ലിവിങ്ങിന്റെ ഭാഗമാണ്. അതിഥികള്‍ക്ക് മുഷിപ്പ് ഉണ്ടാക്കാത്തവിധം മിതമായ ഒരുക്കങ്ങളാണ് ഗസ്റ്റ് ലിവിങ്ങിന്റെ ഹൈലൈറ്റ്. ഡൈനിങ് ഏരിയയും ഫാമിലി ലിവിങ്ങും മറ്റൊരിടത്ത് അല്പം സ്വകാര്യതയോടെയാണ്. ഡൈനിങ്ങിനും ഫാമിലി ലിവിങ്ങിനുമിടയില്‍ വുഡും പൊട്ടിയ ഗ്ലാസും ചേര്‍ത്ത് ഒരു ഡിസൈന്‍ എലമെന്റായി തീര്‍ത്തിരിക്കുന്ന മറയാണ് സ്വകാര്യത നല്‍കുന്നത്. ഫാമിലി ലിവിങ്ങിന് പുറത്തേക്ക് ഒരു ബാല്‍ക്കണിയുണ്ട്.

ഡൈനിങ്ങില്‍ നിന്നു തന്നെയാണ് സ്റ്റെയര്‍കേസ് ആരംഭിക്കുന്നത്. സ്റ്റെയര്‍കേസിന്റെ ഭാഗമായ ഭിത്തിക്കു മാത്രം ഡാര്‍ക്ക് കളര്‍ നല്‍കിയിരിക്കുന്നു. പ്രെയര്‍ ഏരിയയ്ക്കും സ്ഥാനം അടുത്തു തന്നെ. ഗ്ലാസും വുഡും ഉപയോഗിച്ചു തീര്‍ത്തിരിക്കുന്ന ഡിസൈന്‍ പാറ്റേണാണ് പ്രെയര്‍ ഏരിയയെ ഭാഗിക്കുന്നതും സ്വകാര്യത നല്‍കുന്നതും.

ഒരുപാട് അലങ്കാരങ്ങളൊന്നും കുത്തിനിറച്ചിട്ടില്ല ഒരിടത്തും. കണ്ണിനിമ്പമാര്‍ന്ന ഇളംനിറങ്ങളും, ഫര്‍ണിച്ചറിന്റെ ഡിസൈന്‍ മികവും, ഹൈലൈറ്റ് ചെയ്തിട്ടുള്ള സീലിങ്ങും, പ്രകാശം കടന്നു വരുന്ന ക്രോസ്‌വെന്റിലേഷനുകളും, ബാല്‍ക്കണികളും, പുറംകാഴ്ചകള്‍ ഉള്ളിലെത്തിക്കുന്ന കോര്‍ണര്‍ വിന്‍ഡോകളുമാണ് അകത്തളങ്ങൡലെ പ്രധാന ഡിസൈനിങ് ഘടകങ്ങള്‍.

ആളിനനുസരിച്ച് കിടപ്പുമുറി

നാലു കിടപ്പു മുറികള്‍ ഉള്ളതില്‍ മാസ്റ്റര്‍ ബെഡ്‌റൂമിനു മാത്രം ഒരു അറബിക് + ക്ലാസിക് ശൈലിയുടെ രീതികള്‍ അവലംബിച്ചു. വുഡ്, ഗ്രൂവുകള്‍ എന്നിവ കൊണ്ട് ശ്രദ്ധേയമാക്കിയ സീലിങ്. ഭിത്തിയിലെ വുഡന്‍ നിഷുകള്‍, പാനലിങ് വര്‍ക്കുകള്‍; വായനക്കുള്ള സൗകര്യം, കോസ്‌മെറ്റിക് ഏരിയ, ഡ്രസിങ് ഏരിയ, അതുകഴിഞ്ഞ് അറ്റാച്ച്ഡ് ബാത്‌റൂം എന്നിങ്ങനെയാണ് കിടപ്പുമുറികളുടെ അലങ്കാരങ്ങളും സൗകര്യങ്ങളും. ഓരോ മുറിയും അത് ഉപയോഗിക്കുന്നവരുടെ പ്രായത്തിനും സൗകര്യങ്ങള്‍ക്കും അനുസരിച്ചാണ് ഒരുക്കിയിരിക്കുന്നത്. വെളിച്ചത്തിനു പ്രാധാന്യം എല്ലായിടത്തുമുണ്ട്.

അപ്പര്‍ ലിവിങ് ഏറ്റവും ലളിതമായ ഒരുക്കങ്ങളോടെയാണ്. ടിവി ഏരിയയ്ക്കു സ്ഥാനം ഇവിടെയാണ്. പാന്‍ട്രി കിച്ചന്‍, വര്‍ക്കിങ് കിച്ചന്‍, വര്‍ക്കേരിയ എന്നിങ്ങനെയാണ് അടുക്കളയുടെ ക്രമം. ബ്രേക്ക്ഫാസ്റ്റ് സൗകര്യത്തോടെയാണ് പാന്‍ട്രികിച്ചന്‍. മോഡുലാര്‍ കിച്ചനും, വര്‍ക്കേരിയയും ഇതിനടുത്തു തന്നെ.

കെപിഎം ഗ്രൂപ്പിന്റെ സാരഥികളിലൊരാളും, പൊതു പ്രവര്‍ത്തകനുമായ ഗൃഹനാഥന്‍ ഫിറോസ് ബാബു മറ്റൊരു വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ വച്ചാണ് ഡിസൈനര്‍ മുനീറിനെ പരിചയപ്പെടുന്നത്. മുനീര്‍ ഡിസൈന്‍ ചെയ്ത ആ വീട് ചുറ്റി നടന്നു കണ്ട ഫിറോസ് അന്നേ മനസ്സില്‍ കരുതിവച്ചിരുന്നു, തന്റെ വീടുപണിയും മുനീറിനെത്തന്നെ ഏല്‍പ്പിക്കണമെന്ന്. തന്റെ മനസ്സിലുള്ള ഭവനസങ്കല്പങ്ങള്‍ മുനീറുമായി പങ്കുവച്ച ഫിറോസിന്റെ മനസ്സറിഞ്ഞു തന്നെ പണിത ലളിതവും, കണ്ടുമടുക്കാത്തതും, കാലാവസ്ഥയ്ക്ക് ഇണങ്ങിയതുമായ വീട്.