മിനിമലിസ്റ്റിക് ഇന്റീരിയര്‍

പ്രവാസി ബിസിനസ്സുകാരനായ അസ്‌ലമിന്റെ കോഴിക്കോട് – കണ്ണൂര്‍ നാഷണല്‍ ഹൈവേയ്ക്കു സമീപം പാവങ്ങാടിനടുത്ത് സ്ഥിതി ചെയ്യുന്ന വീട് അതിന്റെ സ്ട്രക്ച്ചര്‍ ഘടനയിലെ വൈവിധ്യം കൊണ്ടുതന്നെ ശ്രദ്ധേയമാണ്. വീടിന്റെ ഒരു പകുതിയ്ക്ക് ഫ്‌ളാറ്റ് റൂഫാണെങ്കില്‍ മറുപകുതി ഒരു ഓവല്‍ ഷേയ്പ്പിലാണ്. ഷിംഗിള്‍സിട്ട റൂഫിങ്ങും ഡിജിറ്റല്‍ ടൈല്‍ കട്ട് ചെയ്‌തെടുത്ത് ക്ലാഡ് ചെയ്തതും ഗ്രേ, വൈറ്റ് കളര്‍തീമും എല്ലാം ചേര്‍ന്ന് പ്രൗഢിയെഴുന്ന ഈ വീടിന്റെ ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് ഡിസൈനറായ ഷാഫി മാളിയേക്കലാണ്. (ഫൈന്‍സ്പം ആര്‍ക്കിടെക്ചര്‍ പ്ലസ് ഇന്റീരിയര്‍, കോഴിക്കോട്).

പ്രധാനപാതയ്ക്കു സമീപം 14 സെന്റില്‍ റെക്ടാംഗുലര്‍ ആകൃതിയിലായിരുന്നു പ്ലോട്ട്. വീതി കുറവും നീളം കൂടുതലുമായിരുന്നു പ്ലോട്ട്. ഇത്തരം ഒരു പ്ലോട്ടില്‍ എങ്ങനെ ഒരു വീട് വയ്ക്കുമെന്ന ആശങ്ക വീട്ടുടമസ്ഥനുണ്ടായിരുന്നു. ഈ പരിമിതികളെയെല്ലാം ഇല്ലായ്മ ചെയ്തുകൊണ്ടും റോഡിനോടു ചേര്‍ന്നുള്ള നിര്‍മ്മിതിക്കു ബാധകമായ കെട്ടിടനിര്‍മ്മാണ നിയമങ്ങള്‍ പാലിച്ചുകൊണ്ടും, ആരു കണ്ടാലും ഒന്നു നോക്കിപ്പോകുന്ന എലിവേഷനോടെയാണ് വീടൊരുക്കിയത്. 3300 സ്‌ക്വയര്‍ഫീറ്റില്‍ കന്റംപ്രറി – മിക്‌സഡ് ശൈലിയിലുള്ള വീടിന്റെ എക്സ്റ്റീരിയറിനോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയിലാണ് കോമ്പൗണ്ട് വാളിന്റെയും ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. പോര്‍ച്ചും ബാല്‍ക്കണിയും സിറ്റൗട്ടുമടക്കം ഒരൊറ്റ റൂഫിലാണ് ചെയ്തിരിക്കുന്നത്. അപ്പര്‍ ലെവലില്‍ വെന്റിലേഷനു പ്രാധാന്യം നല്‍കിക്കൊണ്ട് കോര്‍ണര്‍വിന്‍ഡോയും സ്‌ക്വയര്‍ ട്യൂബും ഗ്ലാസും ഉപയോഗിച്ച് നീളത്തില്‍ മറ്റൊരു വിന്‍ഡോയും നല്‍കിയത് ആകര്‍ഷകമാണ്. വീടിന്റെ രണ്ടു ഷേയ്പ്പുകള്‍ക്കും ഇടയിലുള്ള വിഭജനമെന്ന നിലയിലാണ് ഇത് വര്‍ത്തിക്കുന്നത്.

മിതത്വം മാത്രം

വളരെ മിനിമലിസ്റ്റിക് രീതിയിലാണ് അകത്തള ഒരുക്കങ്ങള്‍. പ്രധാന വാതില്‍ കടന്ന് നേരെ പ്രവേശിക്കുന്നത് ഫോര്‍മല്‍ ലിവിങ്ങിലേക്കാണ്. ഗ്രേ കളറിലുള്ള ‘ L ‘ ഷേയ്പ്പ് കസ്റ്റമൈസ്ഡ് സോഫയാണ് ഫോര്‍മല്‍ ലിവിങ്ങിലെ പ്രധാന ആകര്‍ഷണം. വളരെ ചെറിയ ഒരു സ്‌പേസിലാണ് ഈ ഏരിയ. അവിടെ നിന്നും ഉള്ളിലേക്കു കടന്നാല്‍ ഫാമിലി ലിവിങ്ങാണ്. പ്ലൈവുഡ്, മൈക്ക കോമ്പിനേഷനില്‍ മള്‍ട്ടിവുഡിന്റെ ജാളിവര്‍ക്കോടുകൂടിയ പാര്‍ട്ടീഷന്‍ ഫോര്‍മല്‍ – ഫാമിലി ലിവിങ്ങ് ഏരിയകള്‍ക്ക് ഭാഗിക വിഭജനം തീര്‍ക്കുന്നു്. മുകള്‍ നിലയിലേക്കുള്ള സ്റ്റെയറിന്റെ അടിഭാഗത്തായാണ് ഫാമിലി ലിവിങ്ങിന് സ്ഥാനം. ഇതിനോട് ചേര്‍ന്നുതന്നെ ഒരു പ്രെയര്‍ ഏരിയയ്ക്കും സ്ഥാനം നല്‍കിയിട്ടുണ്ട്. ഫോര്‍മല്‍ ലിവിങ്ങിന്റെ ഇടതു ഭാഗത്തായി അല്പം ഒതുങ്ങിയ സ്വകാര്യമായ ഒരു സ്‌പേസിലാണ് ഡൈനിങ്് ഏരിയയ്ക്കു സ്ഥാനം നല്‍കിയത്. ഫോര്‍മല്‍ ലിവിങ്ങില്‍ നിന്നും കാഴ്ച സാധ്യമായതു കൊണ്ട് ഡൈനിങ് സ്‌പേസിനോട് ചേര്‍ന്നുള്ള വാഷ് ഏരിയയുടെ ഭിത്തി ഡിജിറ്റല്‍ ടൈലുകൊണ്ട് ക്ലാഡ് ചെയ്ത് ആകര്‍ഷകമാക്കിയിരിക്കുന്നു. ഡൈനിങ്ങിനോട് ചേര്‍ന്ന ഭിത്തിയില്‍ മൂന്ന് നിഷുകള്‍ക്കും ഇടം നല്‍കിയിട്ടുണ്ട്. വാംതീമിലുള്ള ഹാങ്ങിങ്, സ്ട്രിപ്പ് ലൈറ്റുകള്‍ ലിവിങ് – ഡൈനിങ് ഏരിയകളുടെ ആംപിയന്‍സ് കൂട്ടുന്നുമുണ്ട്. ഫാള്‍സ് സീലിങ്ങിന് ജിപ്‌സമാണ് ഉപയോഗിച്ചിരിക്കുന്നത്. ഫാമിലി ലിവിങ്ങില്‍ നിന്നാണ് മുകള്‍ നിലയിലേക്കുള്ള സ്റ്റെയര്‍കേസിനു സ്ഥാനം നല്‍കിയത്. സ്റ്റെയര്‍കേസിന്റെ പടികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ മാര്‍ബണൈറ്റും ഹാന്റ് റെയിലിന് വുഡും സ്റ്റെയിന്‍ലെസ് സ്റ്റീലുമാണ് നല്‍കിയത്. അപ്പര്‍ ലിവിങ്ങിലാണ് ടിവി യൂണിറ്റിന് സ്ഥാനം നല്‍കിയത്.

വ്യത്യസ്ത നിറങ്ങളില്‍

ലിന്റെ ഹെഡ്‌ബോര്‍ഡിന്റെ ഭാഗമായ ഭിത്തിയില്‍ നിന്ന് സീലിങ്ങിലേക്ക് പകരുന്ന രീതിയില്‍ മറൈന്‍ പ്ലൈയും വെനീറും ഉപയോഗിച്ച് ബ്ലാക്ക് കളറില്‍ പാനലിങ് ചെയ്തത് ഈ മുറിയുടെ ഭംഗി കൂട്ടുന്നുണ്ട്. ഇതില്‍ സ്ട്രിപ്പ് ലൈറ്റുകളും കൊടുത്തിരിക്കുന്നു. ഉപയുക്തത അനുസരിച്ച് വാഡ്രോബ് യൂണിറ്റിനും ചെറിയ ഡ്രസിങ് ഏരിയയ്ക്കുമെല്ലാം സ്ഥാനം നല്‍കിയിരിക്കുന്നു. ബ്രൗണ്‍ തീമില്‍ ഒരുക്കിയ മുറിയില്‍ കട്ടിലിന്റെ ഹെഡ്‌ബോര്‍ഡിന്റെ ഭാഗത്ത് വിന്‍ഡോയ്ക്കാണ് സ്ഥാനം. നീളത്തില്‍ ഉള്ള സൈഡ് ടേബിളാണ് ഇവിടുത്തെ മുഖ്യാകര്‍ഷണം. റെഡ്, ബ്ലാക്ക്, വൈറ്റ് തീമില്‍ ചെയ്ത മറ്റൊരു കിടപ്പുമുറിയിലും ഹെഡ്‌ബോര്‍ഡ് ഭാഗത്ത് പാരലല്‍ ആയി പാനലിങ് നല്‍കി ഉചിതമായ ലൈറ്റ് എഫക്റ്റ് നല്‍കിയിട്ടുണ്ട്. ഈ ബെഡ്‌റൂമില്‍ മാത്രം ഫ്‌ളോറിങ്ങിന് മാര്‍ബണൈറ്റാണ് ഉപയോഗിച്ചത്. ഗ്രീന്‍ & വൈറ്റ് തീമില്‍ ചെയ്ത കിടപ്പുമുറിയില്‍ വെളിച്ചത്തിന് പ്രാധാന്യം നല്‍കി ജനാലകള്‍ യഥേഷ്ടം നല്‍കിയിട്ടുണ്ട്. എല്ലാ മുറികളിലെയും കട്ടിലിന്റെ ഡിസൈനും ശ്രദ്ധേയമാണ്. ഒരു ബാല്‍ക്കണി ഏരിയയ്ക്കും കൂടി മുകള്‍ നിലയില്‍ സ്ഥാനമുണ്ട്.

ബ്ലാക്ക്, ഐവറി കളര്‍ തീമില്‍ ‘ L ‘ ഷേയ്പ്പിലാണ് അടുക്കള ഡിസൈന്‍ ചെയ്തിരിക്കുന്നത്. കബോര്‍ഡുകള്‍ ഓട്ടോമോട്ടീവ് പെയിന്റ് അടിച്ചതാണ്. കൗണ്ടര്‍ടോപ്പിന് ബ്ലാക്ക് ഗ്രനൈറ്റും ബാക്ക്‌സ്പ്ലാഷിന് കളര്‍ തീമിനോട് ചേരുന്ന വാള്‍ടൈലുമാണ്. ക്രോക്കറി ഇനത്തിനായി നീളത്തില്‍ ഒരു ഷെല്‍ഫ് കൂടി കിച്ചനില്‍ നല്‍കിയിരിക്കുന്നു. വീടിന്റെ അകവും പുറവും ഒരുപോലെ മനോഹരമാക്കുന്നതില്‍ ഡിസൈനര്‍ വഹിച്ച പങ്ക് പ്രശംസനീയമാണ്. മിനിമലിസത്തിനു പ്രാധന്യം നല്‍കുകയും, അനാവശ്യഅലങ്കാരങ്ങള്‍ ഒഴിവാക്കിയും ഡിസൈന്‍ ചെയ്തപ്പോള്‍ പ്ലോട്ടിനൊത്ത ഭംഗിയിലുള്ള വീടും അതിനൊത്ത ഇന്റീരിയറും വീട്ടുകാര്‍ക്ക് സ്വന്തമായിരിക്കുന്നു.