
ഇരുപതു വര്‍ഷം പഴക്കമുള്ള വീടിന്റെ ചോര്‍ച്ച മാറ്റി കാലത്തിനൊത്ത് പരിഷ്ക്കരിക്കണമെന്ന ആവശ്യവുമായാണ് ഹുസൈന് പള്ള്യാലിലും കുടുംബവും എഞ്ചിനീയര്‍ വിഷ്ണുപ്രസാദിനെ (വാസ് അസോസിയേററ്സ്, മലപ്പുറം) സമീപിച്ചത്.
വെള്ളക്കെട്ടിന് സാധ്യതയുള്ള കടലോരപ്രദേശമായ മലപ്പുറം അരിയല്ലൂരിലെ 30 സെന്റ് പ്ലോട്ടിലാണ് വീടിരിക്കുന്നത്. പഴയ വീടിനെ ഒരുതരത്തിലും ബാധിക്കാത്ത വിധം കോളംവര്‍ക്ക് ചെയ്താണ് ഈ വീടിന്റെ മുഖച്ഛായ മാറ്റിയത്.
പൂഴിമണല്‍ നിറഞ്ഞ പ്ലോട്ടിന് ഉറപ്പ് കുറവായതിനാല്‍ കോളം വാര്‍ത്താണ് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയത്.
ഡ്രൈവ്വേയില്‍ കരിങ്കല്ല് പാകി പുല്ലുപിടിപ്പിച്ചതിനൊപ്പം പൂമുഖത്തൂണുകളിലേതുപോലെ നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ് ചെയ്ത് കിണറിനെയും ലാന്‍ഡ്സ്കേപ്പിനോട് ഇണക്കിയിട്ടുണ്ട്.
മേല്‍ക്കൂര ഉയരം കൂട്ടി ചെരിച്ചുവാര്‍ത്ത് മുകളില്‍ ഷിംഗിള്‍സ് വിരിച്ചാണ് മേല്‍ക്കൂരയിലെ ചോര്‍ച്ച പരിഹരിച്ചത്. ഇതിനൊപ്പം സണ്‍ഷേഡും പുതുതായി നിര്‍മ്മിച്ചിട്ടുണ്ട്.
നവീകരണത്തിന്റെ നാള്‍വഴികള്‍
പുതുതായി നിര്‍മ്മിച്ച പൂമുഖത്തും ഫോര്‍മല്‍ ലിവിങ്ങിലും മാറ്റ് ഫിനിഷില്‍ ഉള്ള ഫ്ളോറിങ്ങാണ്. ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുള്ള വെള്ളക്കെട്ടിനെ അതിജീവിക്കാനായി നിലവിലെ തറനിരപ്പില്‍ നിന്ന് അല്പം ഉയര്‍ത്തിയാണ് പൂമുഖവും കാര്‍പോര്‍ച്ചും നിര്‍മ്മിച്ചത്.
പുതുതായി നിര്‍മ്മിച്ച ലിവിങ്ങിലേക്കും പുതുക്കിയെടുത്ത ഡൈനിങ്ങിലേക്കും നയിക്കുന്ന രണ്ട് കവാടങ്ങളാണ് പൂമുഖത്തുള്ളത്.
ഡൈനിങ് ഉള്‍പ്പെടെയുള്ള പഴയ ഇടങ്ങളില്‍ ഉണ്ടായിരുന്ന ഇറ്റാലിയന്‍ മാര്‍ബിള്‍ ഫ്ളോറിങ് നിലനിര്‍ത്തിക്കൊണ്ട് അവയ്ക്കിടയില്‍ ഗ്രനൈറ്റ് സ്ട്രിപ്പുകള്‍ നല്കി കൂടുതല്‍ ആകര്‍ഷകമാക്കി.
പൂമുഖവും ഡൈനിങ്ങും തമ്മിലുള്ള തറനിരപ്പിലെ വ്യതിയാനം പരിഹരിക്കാനാണ് ഡൈനിങ്ങിന്റെ കവാടത്തില്‍ വുഡ്, ടഫന്‍ഡ് ഗ്ലാസ് കോമ്പിനേഷനില്‍ നിര്‍മ്മിച്ച് പെബിള്‍സ് ഇട്ട് നിറച്ച പടവ് നല്‍കിയത്.
വിശാലം സൗകര്യപ്രദം
സീലിങ്ങിലും ഭിത്തിയിലും വെനീര്‍ പാനലുകള്‍ ഉള്ള ഫോര്‍മല്‍ ലിവിങ്ങിലും ജിപ്സം, ഗ്ലാസ് കോമ്പിനേഷന്‍ പര്‍ഗോളയും വെനീര്‍ പാനലിങ്ങുമുള്ള ഡൈനിങ്ങിലും ടി വി യൂണിറ്റുകള്‍ ഉണ്ട്.
മുമ്പുണ്ടായിരുന്ന കിടപ്പുമുറിയുടെ ഒരു ഭാഗം കൂട്ടിച്ചേര്‍ത്ത് ഫോര്‍മല്‍ ലിവിങ്ങും പഴയ പൂമുഖം കൂട്ടിച്ചേര്‍ത്ത് ഡൈനിങ്ങും വിസ്തൃതമാക്കി. ഈ ഏരിയകള്‍ തുറസ്സായ നയത്തിലാണ്.
മുമ്പ് കുത്തനെ ആയിരുന്ന ഗോവണിപ്പടവുകളുടെ ഉയരം 18 സെന്റി മീറ്ററില്‍ നിന്ന് 15 സെന്റിമീറ്ററായി കുറച്ചു. ടൈല്‍ മാര്‍ബിള്‍ കോമ്പിനേഷനിലാണ് ഗോവണിപ്പടവുകള്‍.
സ്റ്റെയിന്ലെസ്സ്റ്റീലില് നിര്‍മ്മിച്ച കൈവരി വുഡ്, ഗ്ലാസ് കോമ്പിനേഷനിലാക്കി മാറ്റി.
മുമ്പത്തെ അലുമിനിയം കിച്ചന് റെനവേഷന്റെ ഭാഗമായി അക്രിലിക് ഫിനിഷ് നല്കി. സ്റ്റോര്‍റൂം, വര്‍ക്കേരിയ എന്നിവ പുതുതായി നിര്‍മ്മിച്ചതിനൊപ്പം മുമ്പ് വിറക് സൂക്ഷിച്ചിരുന്ന മുറി അലുമിനിയം ഫിനിഷിങ്ങില്‍ വര്‍ക്കിങ് കിച്ചനായും മാറ്റി.
ഇരുനിലകളിലായി 4 കിടപ്പുമുറികളാണ് റെനവേഷന് മുമ്പുണ്ടായിരുന്നത്. മുമ്പ് ഇരുനിലകളിലെയും ഓരോ കിടപ്പുമുറികളെ ബാത്അറ്റാച്ച്ഡ് ആയിരുന്നുള്ളൂ.

റെനവേഷന്റെ ഭാഗമായി താഴത്തെ നിലയില്‍ ഒരു കിടപ്പുമുറി പുതുതായി നിര്‍മ്മിക്കുകയും കിടപ്പുമുറികളിലെല്ലാം ബാത്റൂം, ഡ്രസ്സിങ് ഏരിയ എന്നിവ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
പഴയ കിടപ്പുമുറികളിലെ തേക്കിന് തടിയില്‍ തീര്‍ത്ത വാഡ്രോബുകളില്‍ പ്ലൈവുഡ് വെനീര്‍ കോമ്പിനേഷന്‍ പാനലിങ് ചെയ്ത് പുതുക്കിയെടുത്തു. പഴയ കട്ടിലുകള്‍ പുതുക്കി എടുത്തതിനൊപ്പം ഹെഡ് ബോര്‍ഡുകളില്‍ ഫാബ്രിക് പാനലിങ്ങും ചെയ്തു.
തലഭാഗത്തെ ഭിത്തികളില്‍ വാള്‍പേപ്പര്‍ ഒട്ടിച്ചും വ്യത്യസ്ത പാറ്റേണുകളില്‍ ജിപ്സം വെനീര്‍ കോമ്പിനേഷന്‍ ഫാള്‍സ് സീലിങ് ചെയ്തുമാണ് കിടപ്പുമുറികള്‍ അലങ്കരിച്ചത്.
ലിവിങ് കം ഡൈനിങ് ഏരിയയിലെ വെനീര്‍ പാര്ട്ടീഷനപ്പുറത്തുള്ള ഇടനാഴിയിലൂടെയാണ് പുതുതായി നിര്‍മ്മിച്ച കിടപ്പുമുറിയിലേക്ക് പ്രവേശനം.
മുറ്റത്ത് പതിക്കുന്ന വെള്ളം കെട്ടിനില്‍ക്കാതെ വീടിനു പിന്നിലെ മഴവെള്ള സംഭരണിയിലേക്ക് എത്തുന്നതിനുവേണ്ട ചരിവും നവീകരണത്തിന്റെ ഭാഗമായി നല്കി.
3000 ചതുരശ്രയടി ഉണ്ടായിരുന്ന വീടിന്റെ വിസ്തീര്‍ണ്ണം പുതുക്കലിനുശേഷം 4500 ചതുരശ്രയടിയായി വര്‍ദ്ധിച്ചു.
റെനവേഷന്റെ ഭാഗമായി നിരീക്ഷണക്യാമറയും ഹോം ഓട്ടോമേഷന്‍ സംവിധാനങ്ങളും സ്ഥാപിച്ചതിനൊപ്പം വീട്ടകത്ത് മൂഡ് ലൈറ്റിങ്ങും ചെയ്തതിനാല്‍ അകത്തളാന്തരീക്ഷം കൂടുതല്‍ ഊഷ്മളമായി മാറി.
Be the first to comment