17 ലക്ഷത്തിന് 3 BHK വീട്‌

പുറംമോടിയില്‍ സമകാലിക ശൈലിക്കിണങ്ങുന്ന ശുഭ്ര, ശ്യാമവര്‍ണ്ണങ്ങളും, അകത്തളങ്ങളില്‍ വെണ്‍മയും,ചുവപ്പും നിറഞ്ഞു നില്‍ക്കുന്ന ഭവനം. ഇലക്ട്രീഷ്യനായ ജിഷിനും, ഭാര്യയ്ക്കും, മകനും വേണ്ടി 17 ലക്ഷം രൂപ,ചെലവില്‍ 8 മാസക്കാലയളവിലാണ് ഈ ഒറ്റനില വീടൊരുക്കിയത്. കുമ്പളങ്ങിയില്‍ 4.5 സെന്റ് ഭൂമിയില്‍ 738  ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലൊരുക്കിയ വീടിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കിയതാകട്ടെ ഗൃഹനാഥന്റെ സമീപവാസിയായ സാബു എന്ന കോണ്‍ട്രാക്ടറും.പ്ലാനും ഡിസൈനും തയ്യാറാക്കിയത് ഡിസൈനറായ മഹേശ്വരന്‍ ആര്‍.(പ്ലാന്‍ വൃന്ദാവനത്തിലെ, എരമല്ലൂര്‍, ആലപ്പുഴ) ആണ്.

 ആഡംബരത്തിലല്ല ഉപയുക്തതയിലാണു കാര്യം

തൻ്റെ ബന്ധുവിനു വേണ്ടി ഇതേ ഡിസൈനര്‍ രൂപകല്‍പ്പന ചെയ്ത ഭവനം ആകര്‍ഷകവും,സൗകര്യപ്രദവുമായി തോന്നിയതു കൊണ്ടാണ് ഗൃഹനാഥന്‍ മഹേശ്വരന്‍ എന്ന ഡിസൈനറെതന്നെ തന്റെ വീടുപണി വിശ്വസിച്ചേല്‍പ്പിച്ചത്. പടിഞ്ഞാറോട്ടു ദര്‍ശനമായാണ് വീട് സ്ഥിതിചെയ്യുന്നത്. ചെറുതെങ്കിലും മൂന്ന് കിടപ്പുമുറികള്‍ വീടിനകത്ത് ഉള്‍ച്ചേര്‍ക്കണം. കൂടാതെഒരു സ്‌കൂട്ടര്‍ പോര്‍ച്ചുംവേണം കിടപ്പുമുറികള്‍ക്കും,ഡൈനിങ്ങിനും പരിപൂര്‍ണ്ണ സ്വകാര്യതയുണ്ടായിരിക്കണം.മാസ്റ്റര്‍ ബെഡ്‌റൂം ബാത്ത് അറ്റാച്ച്ഡാവണം,മറ്റു രണ്ടു കിടപ്പുമുറികള്‍ക്കുമിടയ്ക്ക് പൊതു ടോയ്‌ലെറ്റും വേണം.

സമകാലിക ശൈലി പിന്‍പറ്റി കുറഞ്ഞ ചെലവില്‍ ലളിത സുന്ദരമായി വേണം അകത്തളമൊരുക്കാന്‍. ഇതൊക്കെ ആയിരുന്നു ആദ്യ സന്ദര്‍ശന വേളയില്‍ ഗൃഹനാഥന്റെ ആവശ്യങ്ങള്‍.ശുഭ്രശ്യാമവര്‍ണ്ണങ്ങളും, പിന്‍വാളിലെ സ്റ്റോണ്‍ ക്ലാഡിങ്ങും, ഓപ്പണ്‍ ടെറസിലെ ഹൊറിസോണ്ടല്‍ ഡിസൈനുമാണ് പുറംമോടിയില്‍ എടുത്തുനില്‍ക്കുന്നത്. പൂമുഖത്ത് ബ്ലാക്ക് ലപ്പോത്ര ഫിനിഷ് ടൈലും മറ്റിടങ്ങളില്‍ വൈറ്റ് വിട്രിഫൈഡ് ടൈലുമാണ് ഫ്‌ളോറിങ്ങിനുപയോഗിച്ചത്. ഗൃഹനാഥന്‍ ആവശ്യപ്പെട്ടതു പ്രകാരം പൂമുഖത്തിനിടതു വശത്ത് സ്‌കൂട്ടര്‍പോര്‍ച്ചിനും സ്ഥാനം നല്‍കിയിട്ടുണ്ട്. ലാളിത്യം തുളുമ്പുന്ന പൂമുഖത്തുനിന്ന് മിതമായ ഒരുക്കങ്ങളുള്ള സ്വീകരണമുറിയിലേക്കാണ് പ്രവേശനം.

വെള്ളനിറത്തിലുള്ള ടൈലുകള്‍ക്കിടയില്‍ പൊന്‍മാന്‍ നീലനിറത്തിലുള്ള ബോര്‍ഡര്‍ നല്‍കിയത് ആകര്‍ഷണമാണ്. ലിവിങ്ങിലെ ടിവിയൂണിറ്റും, നിഷും ചെറിറെഡ് നിറത്തില്‍ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ലിവിങ്ങിനു തൊട്ടുപുറകില്‍ ഉപയുക്തതയും സ്വകാര്യതയും ഉറപ്പാക്കി ഒരുക്കിയ ഡൈനിങ്ങാണ്. ചെറിറെഡ് കളര്‍ വിട്രിഫൈഡ് ടൈലാണ് ഡൈനിങ്ങിനു തൊട്ടുള്ള വാഷ് ഏരിയ ഒരുക്കാന്‍ ഉപയോഗിച്ചത്

ഡൈനിങ്ങിന്റെ വശത്താണ് കിച്ചന്‍. ബ്ലാക്ക് ഗ്രാനൈറ്റ് കൗണ്ടര്‍ ടോപ്പ്, ഡിജിറ്റല്‍ ടൈലുകള്‍ പാകിയ ബാക്ക് സ്പ്ലാഷ്,ചുവപ്പും വെളുപ്പും ഇഴ ചേര്‍ന്ന മള്‍ട്ടിവുഡ് ക്യാബിനറ്റുകള്‍ എന്നിവയാണ് ‘L’ ,ഷേപ്പില്‍ ഒരുക്കിയ കിച്ചനില്‍ ഇടംപിടിച്ചത്. മികച്ച വായു സഞ്ചാരം ഉറപ്പാക്കികൊണ്ട് ഉപയുക്തത മാത്രം ആധാരമാക്കിയാണ് ഇവിടുത്തെ മൂന്നുകിടപ്പുമുറികളും ഒരുക്കിയത്.സ്വീകരണമുറിയ്ക്ക് തൊട്ടടുത്ത് ബാത്ത് അറ്റാച്ച്ഡ് മാസ്റ്റര്‍ ബെഡ്‌റൂമും. ഡൈനിങ്, കിച്ചന്‍ എന്നിവയുടെ മദ്ധ്യത്തിലായി മറ്റു രണ്ടു കിടപ്പുമുറികളുമാണ് ഉള്‍ക്കൊള്ളിച്ചത്.ഊണുമുറിയുടെ മുന്‍വശത്താണ് പൊതുടോയ്‌ലറ്റിന് ഇടം കണ്ടത്. ഒരോ ഇഞ്ച് സ്ഥലവും പരമാവധി ഉപയുക്തമാക്കികൊണ്ട്, പാഴ്‌ചെലവുകളൊന്നുമില്ലാതെ വീടുപണി പൂര്‍ത്തിയാക്കിയതും കുറഞ്ഞ സമയം കൊണ്ടാണ്.

മഹേശ്വരന്‍ ആര്‍.