ഹോം ഓട്ടോമേഷന്‍;ലോകം പുതിയ പാതയില്‍

ന്റര്‍നെറ്റ് ഓഫ് തിംഗ്‌സിന്റെ ആവിര്‍ഭാവത്തോടെ സാങ്കേതിക ലോകം പരസ്പരം ബന്ധപ്പെടുത്താവുന്ന ഗാഡ്ജറ്റുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്വാഭാവികമായും ഇക്കൂട്ടത്തില്‍ ഹോം അപ്ലയന്‍സസും വരും. ഇന്റര്‍നെറ്റിലൂടെ പരസ്പരം ബന്ധിതമായ ഉപകരണങ്ങളുള്ള സ്മാര്‍ട്ട് ഹോമുകള്‍ ഇന്ന് യാഥാര്‍ത്ഥ്യമാണെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വീട് നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. സക്കര്‍ബര്‍ഗിന്റെ പുതിയ വീട് നിയന്ത്രിക്കുന്നത് ജാര്‍വിസ്(ഖമൃ്ശ)എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനാണ്. വീട്ടില്‍ താമസിക്കുന്നവരുടെ അഭിരുചികള്‍ മനസിലാക്കി, അതിനനുസരിച്ച് പെരുമാറുന്ന വിവിധ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകള്‍ ഇന്ന് ലഭ്യമാണ്. ഫേസ്ബുക്കിന്റെ ജാര്‍വിസ്, ഗൂഗിള്‍ ഹോം, ആമസോണ്‍ എക്കോ, സാംസങ്ങ് സ്മാര്‍ട്ട് തിംഗ്‌സ്, ബെല്‍കിന്‍ വെമോ എന്നിവയെല്ലാം ആ ഗണത്തില്‍ വരുന്നവയാണ്. ജനറല്‍ ഇലക്ട്രിക് കമ്പനിയും ഹണി വെല്‍ സെക്യൂരിറ്റീസുമെല്ലാം ഹോം ഓട്ടോമേഷന് വേണ്ട ഡിവൈസുകളിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്.

ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വ്യാപകമായതും അതിന്റെ ചെലവ് കുറഞ്ഞതുമാണ് ഹോം ഓട്ടോമേഷന്റെ വളര്‍ച്ചക്ക് കാരണമായ പ്രധാന സംഗതികള്‍. സെന്‍സറുകളാലും വൈഫൈ പോലുള്ള വയര്‍ലെസ് നെറ്റ്‌വര്‍ക്കുകളാലും ബന്ധിപ്പിക്കാവുന്ന ഉപകരണങ്ങള്‍ ധാരാളമായി വിപണിയിലെത്തുന്നതും വളര്‍ച്ചയെ വേഗത്തിലാക്കുന്നു. സ്മാര്‍ട്ട് ഫോണുകളിലോ വെയറബിള്‍ ഡിവൈസുകളിലോ നിയന്ത്രിക്കാവുന്ന തരം സംവിധാനങ്ങളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഊര്‍ജ്ജോപയോഗം, സുരക്ഷാ സംവിധാനങ്ങള്‍, വിനോദം,

അടുക്കളയുടെ നിയന്ത്രണം എന്നിവയെല്ലാം സ്മാര്‍ട്ട് ഹോമുകളില്‍ ഓട്ടോണമസ് ആയിരിക്കും.

    പുക വന്നാല്‍ ചിമ്മിനി സ്വയം പ്രവര്‍ത്തനമാരംഭിക്കുകയും ഗ്യാസ് ലീക്കായാല്‍ സെന്‍സറുകള്‍ അലാം മുഴക്കുകയും ചെയ്യുന്നത് അടുക്കളയുടെ ഓട്ടോമേഷന്റെ ആദ്യപടികളില്‍ ചിലതാണ്. പരിചിതരേയും സ്ഥിരം സന്ദര്‍ശകരേയും തിരിച്ചറിയുന്ന ഗേറ്റുകളും, നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് അസ്വാഭാവികമായ എന്തിനേയും അഡ്മിന്റെ ശ്രദ്ധയില്‍പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങളുമാണ് സ്മാര്‍ട്ട് ഹോമുകളില്‍ ഉണ്ടാവുക. പാതി വഴിയെത്തുമ്പോള്‍ വീട് പൂട്ടിയോ എന്ന സംശയം പലര്‍ക്കുമുണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ സ്മാര്‍ട്ട് ഫോണിലെ ആപ്പ് തുറക്കുകയേ വേണ്ടൂ. വാതിലുകളും ജനാലകളും തുറന്നാണോ അടഞ്ഞാണോ കിടക്കുന്നത് എന്നറിഞ്ഞ് വിദൂരത്ത് നിന്ന്‌കൊണ്ട് തന്നെ അവക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ വീട്ടുടമക്ക് സാധിക്കും.

  വീട്ടിലെ ഓരോ പ്ലഗ് പോയന്റും സ്മാര്‍ട്ട് ഫോണുകളാല്‍ നിയന്ത്രിതമായിരിക്കും. ആളുകള്‍ മുറിയില്‍ ഇല്ലെന്ന് കണ്ടാല്‍ സ്വയം ഓഫാകുന്ന ലൈറ്റുകളും ഫാനുകളും ഓട്ടോമേറ്റഡ് വീടുകളില്‍ കാണാം. വീടിന്റെ താപനില ക്രമീകരിക്കുന്നതിലും എനര്‍ജി എഫിഷ്യന്റായ പുത്തന്‍ മാര്‍ഗങ്ങള്‍ വന്നുകഴിഞ്ഞു. വെയിലുള്ള പകലുകളില്‍ ജാലകങ്ങള്‍.

                സ്വയം അടച്ചും കര്‍ട്ടണുകള്‍ ക്രമീകരിച്ചും വീട് സ്വയം താപനില ക്രമീകരിക്കും. ഇതുവഴി എയര്‍ കണ്ടീഷണറുകളുടെ ഊര്‍ജ്ജോപയോഗം കുറക്കാം. വെളിച്ചം വേണ്ടപ്പോള്‍ തിരിച്ചുള്ള ക്രമീകരണവും വീട് ചെയ്തുകൊള്ളും. ഇരുട്ടാകുമ്പോള്‍ വീടിന് പുറത്തുള്ള ലൈറ്റുകള്‍ സ്വയം പ്രകാശിച്ച് തുടങ്ങും. കുട്ടികള്‍ ഉള്ള വീടുകളില്‍ അവരുടെ ചലനം ശ്രദ്ധിക്കുന്ന തരം സാങ്കേതിക വിദ്യയും ഇന്ന് ലഭ്യമായിക്കഴിഞ്ഞു. വീട്ടുകാര്‍ ദീര്‍ഘയാത്രയില്‍ ആയിരിക്കുമ്പോള്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ആവശ്യാനുസരണം ഭക്ഷണം നല്‍കാനും അവയെ പരിചരിക്കാനും വീട് സ്വയം ക്രമീകരണം ഏര്‍പ്പെടുത്തുന്നതും നിലവില്‍ വന്ന് കഴിഞ്ഞു. ബാത്ത് റൂമില്‍ നിന്നും ഒരാള്‍ പുറത്തിറങ്ങുന്നതോടെ ലൈറ്റുകളും എക്‌സ്‌ഹോസ്റ്റ് ഫാനുകളും സ്വയം ഓഫാകും. ഇങ്ങനെ നൂറുകണക്കിന് കാര്യങ്ങളെ ഓരോരുത്തരുടേയും ആവശ്യാനുസരണം ഏകോപിപ്പിച്ചാണ് ഒരു വീടിന്റെ ഓട്ടോമേഷന്‍ പൂര്‍ത്തിയാക്കുന്നത്.

ഒരു മാസ്റ്റര്‍ കണ്‍ട്രോള്‍ യൂണിറ്റാണ് ഓട്ടോണമസ് വീടിന്റെ പ്രധാന ഭാഗം. പലയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പലതരം സെന്‍സറുകളില്‍ നിന്നുള്ള ഡാറ്റ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷന്റെ സഹായത്തോടെ പ്രോസസ് ചെയ്താണ് വീട് സ്വയം തീരുമാനങ്ങള്‍ എടുക്കുന്നത്. വയറുകളുടെ സഹായത്തോടെയും വയര്‍ലെസ് ആയും സെന്‍സറുകളില്‍ നിന്ന് ഡാറ്റ കണ്‍ട്രോള്‍ യൂണിറ്റില്‍ എത്തിക്കാനാകും. ഭിത്തികളുടെ മറവോ മറ്റെന്തെങ്കിലും തടസങ്ങളോ ബാധിക്കാത്ത റേഡിയോ ഫ്രീക്വന്‍സി (ഞഎ) സിഗ്‌നലുകളാണ് പ്രധാനമായും വയര്‍ലെസ് സാങ്കേതികവിദ്യയില്‍ ഉപയോഗിക്കുന്നത്. വെളിച്ചം, ഇരുട്ട്, ചൂട്, തണുപ്പ്, മര്‍ദ്ദം, വാതകങ്ങളുടെ സാന്നിധ്യം, വൈദ്യുതിയുടെ അളവ്, ചലനം എന്നിങ്ങനെ പലവിധമായ കാര്യങ്ങളെ തിരിച്ചറിയാന്‍ കഴിയുന്ന വ്യത്യസ്ഥ സെന്‍സറുകളാണ് ഉപയോഗിക്കപ്പെടുക.

മാസ്റ്റര്‍ കണ്‍ട്രോള്‍ യൂണിറ്റ് വീടിന് മധ്യഭാഗത്ത് സ്ഥാപിക്കുന്നതാണ് സെന്‍സറുകളുമായുള്ള വിവര വിനിമയത്തിന് ഗുണകരമാവുക. ഈവിധം സ്ട്രക്ചറല്‍ ഡിസൈനിംങില്‍ വരെ ശ്രദ്ധിച്ചാലേ കുറ്റമറ്റതും കാര്യക്ഷമവുമായ ഒരു ഓട്ടോമേറ്റഡ് വീട് നിര്‍മ്മിക്കാനാവുക. വാതിലുകളും ജാലകങ്ങളും വരെ ആ ഗണത്തില്‍ വരും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷന്‍ ഏത് കമ്പനിയുടേത് വേണമെന്ന് തീരുമാനിക്കുന്നതാണ് ആദ്യ ചുവട്. അതിന് ആവശ്യമായ ഡിസൈനും വയറിംഗങ്ങും ഒഴിവാക്കാനാകില്ല. ആപ്ലിക്കേഷനില്‍ ഇന്റഗ്രേറ്റ് ചെയ്യാന്‍ കഴിയുന്ന തരം ഉപകരണങ്ങളാണ് എല്ലായിടത്തും സ്ഥാപിക്കേണ്ടത്. ടൈലുകളും മറ്റും വാങ്ങുമ്പോഴും പെയിന്റിംഗ് ജോലികള്‍ ചെയ്യുമ്പോഴും തെരഞ്ഞെടുക്കുന്ന നിറം സെന്‍സറുകളോട് ഇണങ്ങുന്നതാകണം.

       നമ്മുടെ നാട്ടില്‍ ഹോം ഓട്ടോമേഷന്‍ അതിന്റെ പ്രാഥമിക ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇന്റര്‍നെറ്റിന്റെ ചെലവ് കുറയാതിരുന്നതും കണക്ടിവിറ്റി കുറവായിരുന്നതും, ഡിവൈസുകള്‍ സ്മാര്‍ട്ടാകാത്തതുമായിരുന്നു ഇതുവരെയുള്ള പോരായ്മ. ആ സാഹചര്യം മാറിക്കഴിഞ്ഞു. നമ്മുടെ വീടുകളും ഓട്ടോമേറ്റഡ് എന്ന സങ്കല്‍പ്പത്തിലേക്ക് ഉണര്‍ന്നുകഴിഞ്ഞു. പുതിയ ബിസിനസ് മാതൃകകള്‍ക്ക് വഴിയൊരുക്കുക മാത്രമല്ല തൊഴില്‍ മേഖലയിലും ഇത് വലിയ വിപ്ലവമൊരുക്കുമെന്നതില്‍ സംശയമില്ല. 2020 ഓടെ ലോകമെങ്ങും 3000 കോടി ഡിവൈസുകള്‍ ഇന്റര്‍നെറ്റില്‍ ബന്ധിതമാകുമെന്നാണ് ‘ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്’ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. അക്കൂട്ടത്തില്‍ നമ്മുടെ വീടുകളില്‍ നിന്നുള്ള ഉപകരണങ്ങളുമുണ്ടാകുമെന്നുറപ്പ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: അവിനാഷ് മോഹന്‍ദാസ്, ഹെഡ് ഓപ്പറേഷന്‍സ്, എന്റണ്‍ ടെക്‌നോളജീസ്, ഏട2 ഹെവന്‍ലി പ്ലാസ, സ്യൂട്ട് നം: 453, കാക്കനാട്, കൊച്ചി-682021. ഫോണ്‍: 0484 2388253, 8281018111,
Email:info@enren.in,enrentech@gmail.com,
Web :www.enren.in