വീടു പണിയാന്‍ പ്ലാനിങ് വേണം

ഓരോ സൈറ്റിനും വ്യത്യസ്ത സാധ്യതകളും ഓരോ ക്ലയന്റിനും ഒട്ടേറെ
താല്പര്യങ്ങളും, ഓരോ ആര്‍ക്കിടെക്റ്റിനും വ്യത്യസ്ത രീതികളും ഉണ്ടായിരിക്കും

ആര്‍ക്കിടെക്റ്റ് അബ്ദുള്ളക്കുട്ടി

ഒരു പാര്‍പ്പിടത്തിന്റെ നിര്‍മ്മാണഘട്ടത്തില്‍ ആദ്യം മുതലേ ആസൂത്രണം ചെയ്യേണ്ട ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഓരോ സൈറ്റിനും വ്യത്യസ്ത സാധ്യതകളും ഓരോ ക്ലയന്റിനും ഒട്ടേറെ താല്പര്യങ്ങളും, ഓരോ ആര്‍ക്കിടെക്റ്റിനും വ്യത്യസ്ത രീതികളും ഉണ്ടായിരിക്കും. വളരെ നിസ്സാരമെന്നു തോന്നുമെങ്കിലും ഗൗരവത്തോടെയും ദീര്‍ഘവീക്ഷണത്തോടെയും സമീപിക്കേണ്ട ചില കാര്യങ്ങളാണ് താഴെ പറയുന്നത്.

 • എലിവേഷന്റെ കാര്യത്തില്‍ ഫാഷന്‍ മാത്രമല്ല; കാലാവസ്ഥാ ഘടകങ്ങള്‍ അനുസരിച്ചുള്ള സാങ്കേതിക കാര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കേണ്ടത്. ചോര്‍ച്ച അല്ലെങ്കില്‍ വിള്ളല്‍ പോലുള്ള കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ നിര്‍മ്മാണ ഘട്ടത്തില്‍ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ടാവണം.
 • റൂഫില്‍ ഗ്ലാസിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. വെളിച്ചം അകത്ത് എത്തുവാന്‍ സഹായിക്കുമെങ്കിലും അതോടൊപ്പം ചൂടും വര്‍ദ്ധിക്കും എന്നോര്‍ക്കുക. ഗ്ലാസ് വൃത്തിയാക്കുവാനും മെയിന്റയിന്‍ ചെയ്യുവാനും വളരെ ബുദ്ധിമുട്ടാണ്.
 • സണ്‍ഷേഡുകള്‍ കൃത്യമായ സ്ഥാനത്തും അളവിലും ആയിരിക്കണം. ചോര്‍ച്ചയോ വെള്ളക്കെട്ടോ വരാന്‍ സാധ്യതയുണ്ടോയെന്ന് പരിശോധിച്ചിരിക്കണം.
 • ലാന്‍ഡ്‌സ്‌കേപ്പിനു വേണ്ടി മരങ്ങള്‍ മുറിക്കാതിരിക്കുക. ചെടികള്‍ നടുന്നുവെങ്കില്‍ പരമാവധി നാടന്‍ ചെടികളായ തെച്ചി, ചെമ്പരത്തി, ബൊഗൈന്‍വില്ല തുടങ്ങിയ പൂക്കളുണ്ടാവുന്നതും ഒപ്പം വല്ലികള്‍ പോലുള്ള നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങിയതുമായവ തെരഞ്ഞെടുക്കുക. പരിചരണം കുറയ്ക്കാം. ലാന്‍ഡ്‌സ്‌കേപ്പിനു സ്ഥല പരിമിതി ഇല്ലെങ്കില്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക
 • അകത്തളത്തിന്റെ ഡെക്കറേഷനില്‍ സോഫ്റ്റ് ഫര്‍ണിഷിങ്ങിന് വലിയ പ്രാധാന്യമുണ്ട്. ഇവയുടെ തെരഞ്ഞെടുപ്പ് ശ്രദ്ധാപൂര്‍വ്വം വേണം. ഓരോ തീമിനും റൂമിനും കളര്‍സ്‌കീമിനും ഇണങ്ങുന്നവ ശ്രദ്ധയോടെ തെരഞ്ഞെടുക്കുക. വീടിനുള്ളില്‍ ചെടികള്‍ നട്ടുവളര്‍ത്തിയാല്‍ തന്നെ ജീവന്‍ തുടിക്കുന്ന അകത്തളം സൃഷ്ടിക്കുവാന്‍ കഴിയും. പക്ഷേ, അവയുടെ പരിപാലനത്തില്‍ വീട്ടുകാര്‍ക്ക് താല്പര്യമുണ്ടോ എന്നറിഞ്ഞുവേണം ഇവ ഒരുക്കാന്‍.
 • വീടിനുള്ളില്‍ ഉപയോഗിക്കുന്ന ലൈറ്റുകള്‍, അവയുടെ പൊസിഷന്‍, കളര്‍സ്‌കീം ഇവയൊക്കെ ശ്രദ്ധയോടെ വേണം. വീടിന്റെ തീമിനും ഇന്റീരിയറിന്റെ ആംപിയന്‍സിനും ഓരോ ഏരിയയുടെ ആവശ്യകതയ്ക്കും കൂടാതെ ക്ലയന്റിന്റെ ബഡ്ജറ്റിനും കൂടിയനുസരിച്ച് വേണം ലൈറ്റിങ് ചെയ്യുവാന്‍.
 • വീടിന് പെയിന്റ് തെരഞ്ഞെടുക്കുമ്പോള്‍ കടക്കാരോ, കോണ്‍ട്രാക്ടറോ നല്‍കുന്ന ബ്രോഷറിലെ ഷേഡ് നോക്കി മാത്രം സെലക്ട് ചെയ്യാതെ സാംപിള്‍ ബോട്ടിലുകള്‍ വാങ്ങി ഭിത്തിയില്‍ അടിച്ചുനോക്കി ഷേഡിന്റെ നിറം ബോധ്യപ്പെട്ടശേഷം മാത്രം വാങ്ങുക.
 • പ്ലംബിങ് ഫിറ്റിങ്ങുകള്‍, സാനിട്ടറി ഫിറ്റിങ്ങുകള്‍ എന്നിവയെല്ലാം കൃത്യമായി വര്‍ക്ക് ചെയ്യുന്നുണ്ടോ, ലീക്കേജുണ്ടോ എന്നു പലതവണ പരിശോധിക്കേണ്ടതുണ്ട്.
 • ബാത്ത്‌റൂമുകളില്‍ സാനിട്ടറി ഉപകരണങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ വാഷ്‌ബേസിനും ക്ലോസറ്റും മറ്റും ഒരേ ബ്രാന്‍ഡുകള്‍ തന്നെ ഒരു ബാത്‌റൂമിലേക്ക് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. വ്യത്യസ്ത ബ്രാന്‍ഡുകള്‍ക്ക് കളര്‍ ഷേഡില്‍ മാറ്റമുണ്ടാവും. ഇത് പലപ്പോഴും ഇന്റീരിയറിന്റെ തീമിന് ഇണങ്ങാതെ വരും.
 • ഇലക്ട്രിക്കല്‍ ഫിറ്റിങ്ങുകള്‍, സ്വിച്ച്, വയര്‍ പോലുള്ള ബ്രാന്‍ഡഡ് സാധനങ്ങള്‍ തന്നെ തെരഞ്ഞെടുക്കുക. നിലവാരമനുസരിച്ചായിരിക്കും ഈടും ഊര്‍ജ്ജക്ഷമതയും. ലൈറ്റ് ഫിറ്റിങ്ങുകള്‍ ഒരേ തരമാകുന്നതായിരിക്കും നല്ലത്. ഇന്റീരിയര്‍ ഡക്കറേഷന് അനുസരിച്ചാവണം ലൈറ്റിങ്ങും.
 • ഫ്‌ളോറിങ് ചെയ്യുമ്പോള്‍ പ്രത്യേകിച്ച്-ബാത്‌റൂമില്‍-സ്‌പേസ് ഫില്ലര്‍ ഇട്ട് എപ്പോക്‌സി ഫില്ലു ചെയ്യുവാന്‍ ശ്രദ്ധിച്ചിരിക്കണം. ലീക്ക് ഒഴിവാക്കാന്‍ ഇത് സഹായിക്കും. ടൈലുകള്‍ക്കിടയിലൂടെ വെളളമിറങ്ങാതിരിക്കാന്‍ ഇത്തരം ഫില്ലിങ് രീതി നിര്‍ബന്ധമായും ചെയ്യണം. ടൈലുകളുടെ ജോയിന്റുകള്‍, കോര്‍ണര്‍ എന്നിവിടങ്ങളില്‍ ഫില്ലറുകള്‍ നിര്‍ബന്ധമാണ്. വീടിന്റെ മുകള്‍നിലയിലുള്ള ബാത്‌റൂമുകള്‍ക്ക് ചോര്‍ച്ച വരുന്നതുമൂലം താഴെ നിലയില്‍ വരുന്ന ബുദ്ധിമുട്ടുകള്‍ ഇങ്ങനെ ചെയ്യുന്നതു വഴി ഒഴിവാക്കാം.
 • ക്യൂരിയോസുകള്‍ വയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും വാള്‍ ഡെക്കറേഷന്‍ ചെയ്യുന്നുണ്ടെങ്കിലും അവ മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരിക്കണം. ഇത് ഇന്റീരിയര്‍ തീം, വീട്ടുകാരുടെ ഇഷ്ടം എന്നിവ പരിഗണിച്ചുകൊണ്ടു ചെയ്യുന്നതാകയാല്‍ മുന്‍കൂട്ടിയുള്ള പ്ലാനിങ്ങും പര്‍ച്ചേസും അത്യാവശ്യം.

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: ആര്‍ക്കിടെക്റ്റ് അബ്ദുള്ളക്കുട്ടി, കലൈഡോ ആര്‍ക്കിടെക്റ്റ്‌സ്, കൊണ്ടോട്ടി, മലപ്പുറം. ഫോണ്‍: 9995294853.

About vpadmin 141 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*