വീടുകളാണ് വേണ്ടത് വാസസ്ഥലങ്ങളല്ല

പാരിസ്ഥിതിക സുസ്ഥിരതയുള്ള കെട്ടിടങ്ങളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവുമാണ് ഇവിടെ നടക്കേണ്ടത്. ഭാവിയില്‍ പുത്തന്‍ കെട്ടിടങ്ങള്‍ പണിയുമ്പോള്‍ നമുക്ക് തദ്ദേശീയമായി ലഭ്യമായതും പുനരുപയോഗിക്കാ
വുന്നതുമായ സാമഗ്രികള്‍ മാത്രം ഉപയോഗിക്കാം

എന്തുവന്നാലും പ്രകൃതിയെ മെരുക്കാന്‍ നമുക്കാവില്ല. എന്നിരുന്നാലും ചില ഘടകങ്ങളില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തിയാല്‍ പ്രകൃതിയുമായി താദാത്മ്യപ്പെട്ടു ജീവിക്കാന്‍ നമുക്കു കഴിയും.

പ്രത്യേക ശൈലികളുടേയും പദവികളുടേയും പിന്‍ബലമില്ലെങ്കിലും മേല്‍ത്തരം സാമഗ്രികളുപയോഗിച്ച് മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്തു പൂര്‍ത്തീകരിക്കപ്പെടുന്ന നിര്‍മ്മിതികള്‍ കേടുപാടുകളൊന്നും കൂടാതെ പതിറ്റാണ്ടുകളോളം നിലനില്‍ക്കും

കേരളത്തിലെ ചില പ്രദേശങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഒറ്റപ്പെടുത്തിയ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍, സ്വന്തം തലയ്ക്കു മുകളില്‍ സുരക്ഷിതമായൊരു മേല്‍ക്കൂര എന്നത് കൂടുതല്‍ സുപ്രധാനവും അമൂല്യവുമായി തീര്‍ന്നിരിക്കുകയാണ്. അടുത്തകാലത്തായി ശക്തമായ ചുറ്റുമതിലും പടുകൂറ്റന്‍ ഗേറ്റും അതിനൊത്ത മുഖപ്പുകളുമുള്ള വീടുകള്‍ പണിതുയര്‍ത്താന്‍ സാധാരണക്കാര്‍ മത്സരിക്കുകയായിരുന്നു. ഇന്ന് നഗരങ്ങളിലും, നഗരപ്രാന്തങ്ങളിലും, ഗ്രാമങ്ങളിലും ഒക്കെയുള്ള മിക്ക വീടുകള്‍ക്കും പരന്ന മേല്‍ക്കൂരകള്‍ക്ക് മുകളില്‍ മറ്റൊരു കൃത്രിമ മേല്‍ക്കൂര കൂടിയുണ്ട് (ട്രസ് മേല്‍ക്കൂരയോ മറ്റോ). ഇവ പ്രളയസമയത്ത് സഹായഹസ്തവുമായെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ഇത്തരം മേല്‍ക്കൂരകളും പടുകൂറ്റന്‍ ഗേറ്റുകളും മതിലുകളും തക്കസമയത്ത് ജീവന്‍ രക്ഷാഉപകരണങ്ങളുമായി ദുരന്തമുഖത്തേക്കോടിയെത്തിയ പ്രതിരോധ സേനാംഗങ്ങള്‍ക്കും മറ്റു പുനരധിവാസ പ്രവര്‍ത്തകര്‍ക്കും മുമ്പില്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രതിബന്ധമായി തീരുകയായിരുന്നു. സമീപകാലപ്രളയ ദുരന്തത്തെ മറ്റൊരു കോണില്‍ നോക്കി കാണുന്നതാണ് കൂടുതല്‍ അഭികാമ്യം. എന്തുവന്നാലും പ്രകൃതിയെ മെരുക്കാന്‍ നമുക്കാവില്ല. കൊടുങ്കാറ്റിനോ, ഭൂകമ്പങ്ങള്‍ക്കോ, കനത്ത മഴയ്‌ക്കോ, ആര്‍ത്തലച്ചു വരുന്ന കടലിനോ, പ്രക്ഷുബ്ധമായ നദികള്‍ക്കോ കടിഞ്ഞാണിടാനുമാകില്ല. എന്നിരുന്നാലും ചില ഘടകങ്ങളില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തിയാല്‍ പ്രകൃതിയുമായി താദാത്മ്യപ്പെട്ടു ജീവിക്കാന്‍ നമുക്കു കഴിയും. ശ്രദ്ധിക്കേണ്ട മൂന്നു ഘടകങ്ങള്‍ ഇവയാണ് 1. ഡിസൈന്‍, 2. ശില്പ വൈദഗ്ധ്യം, 3. നിര്‍മ്മാണ സാമഗ്രികളുടെ നിലവാരം.

ALSO READ: വരാന്‍ പോകുന്നത് ഗ്രീന്‍ ബില്‍ഡിങ്ങുകള്‍


ഡിസൈന്‍
യുക്തിപൂര്‍വ്വം രൂപകല്‍പ്പന ചെയ്ത ചില കെട്ടിടങ്ങള്‍ മാത്രമേ പ്രളയത്തെ അതിജീവിച്ചിട്ടുള്ളൂ എന്നു കാണാം. വെള്ളപ്പൊക്കത്തെ അതിജീവിക്കാവുന്ന വിധത്തിലാകണം കൃത്രിമ മേല്‍ക്കൂരകള്‍ നിര്‍മ്മിക്കുന്നതും, ആഴമേറിയ അടിത്തറ കെട്ടുന്നതും മുറ്റമൊരുക്കുന്നതും. ആധുനിക സാങ്കേതികവിദ്യ അനുസരിച്ച് സ്ലാബിനു മുകളില്‍ നേരിട്ട് കെട്ടിടം പണിയുമ്പോള്‍ ഭിത്തിയുടെ അടിഭാഗത്ത് ഈര്‍പ്പം തങ്ങിനില്‍ക്കാന്‍ സാധ്യത ഏറെയാണ്. ഈര്‍പ്പം മൂലമുണ്ടാകുന്ന വിള്ളല്‍ അതിവേഗം വ്യാപിക്കുകയും തല്‍ഫലമായി ഭിത്തി ഇടിഞ്ഞു വീഴുകയും ചെയ്യും. ഈ രീതിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ അധികകാലം നിലനില്‍ക്കുകയുമില്ല. പ്ലോട്ടിന്റെ കിടപ്പും അതാതിടത്തെ പാരിസ്ഥിതിക സാഹചര്യങ്ങളും കണക്കിലെടുത്തു വേണം കെട്ടിടം നിര്‍മ്മിക്കാന്‍. പൊതുവായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നിര്‍മ്മാണരീതികള്‍ നിര്‍വചിക്കുക എന്നത് അസാധ്യമാണ്. ആര്‍ക്കിടെക്റ്റും, കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ആര്‍ക്കിടെക്ചര്‍ വിഭാഗം മേധാവിയുമായ ഡോ. ബിനുമോള്‍ ടോം തിരുവല്ല, ചെങ്ങന്നൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം പറഞ്ഞത് ഇപ്രകാരമാണ്. ”അകത്തളങ്ങളില്‍ ഒരു തുള്ളിവെള്ളം പോലും കയറാത്ത ഒരേയൊരു വീടേ ആ പ്രളയഭൂമിയില്‍ തലയുയര്‍ത്തി നിന്നിരുന്നുള്ളൂ. അച്ചന്‍കോവിലാറിനു തൊട്ടടുത്ത് ആഴൂര്‍ എന്ന സ്ഥലത്തുള്ള മറ്റത്തില്‍ വീടായിരുന്നു അത്. പ്രളയജലമെത്തിയ സമതലങ്ങളും, പ്രളയജലം ഉയര്‍ന്ന തോതും കൃത്യമായി കണക്കുകൂട്ടി അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് 1924-ല്‍ കേരളത്തിലുണ്ടായ മഹാപ്രളയത്തിനു തൊട്ടുപിന്നാലെ നിര്‍മ്മിച്ച വീടായിരിക്കണം അത്. അല്ലെങ്കില്‍ പ്രളയത്തിനു ശേഷം അടിത്തറ ഒന്നുകൂടി ബലപ്പെടുത്തി പുനര്‍നിര്‍മ്മിച്ചതുമാകാം. അക്കാലത്ത് നിര്‍മ്മിതസ്ഥലങ്ങള്‍ തുലോം കുറവായിരുന്നു എന്നതും ശ്രദ്ധേയവും വിശകലനാത്മകവുമാണ്. നിര്‍മ്മിത സ്ഥലങ്ങള്‍ പോലെ റോഡ് ശൃംഖലകള്‍, പേവ്‌മെന്റുകള്‍ മുതലായ അടിസ്ഥാന സൗകര്യങ്ങളും ഇന്നത്തെയത്ര ഉണ്ടായിരുന്നില്ല. മറ്റത്തില്‍ വീടിന്റെ പൂര്‍ത്തീകരണത്തിനു ശേഷം അതിനു ചുറ്റും ഇന്നു കാണുന്നതുപോലെ പല കെട്ടിടങ്ങളും ഉയര്‍ന്നു വന്നു. എന്നാല്‍ എന്തുകൊണ്ട് ഈ ഒരു കെട്ടിടത്തിന്റെ അടിത്തറ മാത്രം ഇത്ര ഉയരത്തിലായി എന്ന് ഒരാളും ഈ പ്രളയമുണ്ടാകും വരെ ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം”..

ALSO READ: വെണ്‍മ നിറഞ്ഞ വീട്

ശില്പ വൈദഗ്ധ്യം
മനോഹരമായ ഡിസൈനുകള്‍ക്കൊപ്പം പ്രാധാന്യം അവയുടെ യുക്തിപൂര്‍വ്വമുള്ള പൂര്‍ത്തീകരണത്തിനുമുണ്ട്. ഒരു കെട്ടിടത്തിന്റെ അകവും പുറവും മനോഹരമായി അണിയിച്ചൊരുക്കുന്നതില്‍ അതാത് സൈറ്റുകളിലെ ആശാരിമാരും, മേസ്തിരിമാരും, ഇലക്ട്രീഷ്യന്‍മാരും, ടൈല്‍ വര്‍ക്കര്‍മാരും, പ്ലംബര്‍മാരും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വാട്ടര്‍ ടേബിളുകള്‍, കെട്ടിടത്തിനകത്തും പുറത്തും വെള്ളമൊഴുകി പോകാനുള്ള ചാലുകള്‍ എന്നിവയ്‌ക്കൊക്കെ പ്രാധാന്യമുണ്ട്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ജനലുകള്‍, വാതിലുകള്‍, റൂഫ് ലൈറ്റുകള്‍, വെന്റുകള്‍ മുതലായ ഫിറ്റിങ്ങുകള്‍ സ്ഥാപിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പാരിസ്ഥിതികാഘാതവും പരിപാലനച്ചെലവും കുറയ്ക്കാനുള്ള സാധ്യതകള്‍ ഏവരും പരമാവധി പ്രയോജനപ്പെടുത്തുകയും വേണം. കൃത്യമായ പരിശീലനത്തിന്റെയും അനുഭവസമ്പത്തിന്റെയും മേല്‍നോട്ടത്തിന്റേയും അഭാവം മൂലം തൊഴിലാളികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന കൃത്യവിലോപങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരും. നിര്‍മ്മാണത്തൊഴിലാളികളുടെ എണ്ണം നാള്‍ക്കുനാള്‍ ഗണ്യമായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. പരമ്പരാഗത തൊഴിലാളികള്‍ പലരും തൊഴില്‍രംഗത്തു നിന്ന് പിന്‍മാറിക്കഴിഞ്ഞു. പരിചയസമ്പന്നരായ പല വാസ്തുശില്പികളും നിര്‍മ്മാണമേഖലയും ഈ രാജ്യം തന്നെയും വിട്ടതും പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ടിരിക്കുന്നു.

YOY MAY LIKE:

നിര്‍മ്മാണസാമഗ്രികളുടെ നിലവാരം
നിര്‍മ്മാണസാമഗ്രികളുടെ നിലവാരം ഇന്ന് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ്. ഉദാഹരണത്തിന് സാധാരണ ജലം തന്നെ വിവിധ സാമഗ്രികളെ നശിപ്പിക്കാന്‍ ശക്തിയുള്ളതാണ്. ബാക്റ്റീരിയകള്‍, ഫംഗസുകള്‍, മറ്റു പ്രാണികള്‍ എന്നിവ ഈര്‍പ്പം തട്ടിയ തടി ഭക്ഷണമാക്കുകയും ചെയ്യും. മരപ്പശ, മറ്റു പ്രകൃതിദത്ത രാസവസ്തുക്കള്‍ എന്നിവയാല്‍ സമൃദ്ധമായ അത്ര പെട്ടെന്നൊന്നും നശിക്കാത്ത പഴയ തടിയാണ് പണ്ടുകാലത്ത് വീടുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്നത്. കല്ല്, ഇഷ്ടിക, ചെമ്പ്, സ്ലേറ്റ്, ഈടുറ്റതടി എന്നിവ തലമുറകളോളം നിലനില്‍ക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഈടുറ്റതും കുറഞ്ഞ പരിപാലനം മാത്രം ആവശ്യമുള്ളതുമായ നിര്‍മ്മാണ സാമഗ്രികള്‍ പണ്ടുമുതലേ പ്രചാരത്തിലുണ്ടായിരുന്നു. പ്രത്യേക ശൈലികളുടേയും പദവികളുടേയും പിന്‍ബലമില്ലെങ്കിലും മേല്‍ത്തരം സാമഗ്രികളുപയോഗിച്ച് മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്തു പൂര്‍ത്തീകരിക്കപ്പെടുന്ന നിര്‍മ്മിതികള്‍ കേടുപാടുകളൊന്നും കൂടാതെ പതിറ്റാണ്ടുകളോളം നിലനില്‍ക്കും. പ്രളയം എന്ന വിപത്തിനെ അനായാസം അതിജീവിച്ച താഴത്തങ്ങാടിയിലെ തടിവീടുകളുടെ ഉദാഹരണം ചൂണ്ടികാണിച്ചുകൊണ്ട് ആര്‍ക്കിടെക്റ്റ് ഡോ. ബിനുമോള്‍ ടോം പറഞ്ഞത് ഇപ്രകാരമാണ്: ”ഇന്നലെകളെ പഴിചാരുന്നതില്‍ കാര്യമില്ല. അവയില്‍ നിന്നും പഠിക്കുക. ശക്തമായ സന്ദേശങ്ങള്‍ അവയില്‍ അന്തര്‍ലീനമാണ്. ഇന്നലെകളുടെ പരിമിതികള്‍ പരിഹരിച്ചും മേന്മകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടും വേണം നമുക്ക് മുന്നോട്ടു പോകാന്‍”.

എങ്ങനെയാകണം വീടുനിര്‍മ്മാണം?
നമ്മുടെ ഹൃദയങ്ങളിലെന്ന പോലെ വീടുകളിലും ലാളിത്യമാണ് നിറഞ്ഞു നില്‍ക്കേണ്ടത്. പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരും പുത്തന്‍ വീടുകള്‍ പണിയാനുദ്ദേശിക്കുന്നവരും ലളിതസുന്ദരമായ വീടുകള്‍ നിര്‍മ്മിക്കാനിടവരട്ടെ. ”ലെസ് ഈസ് മോര്‍” എന്ന ഉദ്ധരണിയില്‍ ലുഡ്‌വിഗ് മിസ് വാന്‍ഡെര്‍ റോഹെ പറഞ്ഞുവെച്ചതും ഇതു തന്നെയാണ്. പഴയകാലത്തെ വീടുകള്‍ക്ക് കൂറ്റന്‍ ചുറ്റുമതിലുകളോ, പടുകൂറ്റന്‍ ഗേറ്റുകളോ ഉണ്ടായിരുന്നില്ല. ചെത്തിയും ചെമ്പരത്തിയും കോളാമ്പിയും പോലുള്ള പൂച്ചെടികള്‍ കൊണ്ടു തീര്‍ക്കുന്ന ജൈവവേലികളായിരുന്നു അന്നത്തെ അതിര്‍വരമ്പുകളും സുരക്ഷാഭിത്തികളും. ചുറ്റുപാടും സസ്യസമൃദ്ധമായിരുന്നത് കൊണ്ടുമാത്രമാണ് കഴിഞ്ഞ മാസമുണ്ടായ പ്രളയത്തില്‍ നിന്ന് പല വീടുകളും രക്ഷപ്പെട്ടത്. ഈ ഹരിതപോരാളികളാണ് ആര്‍ത്തിരമ്പിയെത്തിയ വെള്ളവും അതോടൊപ്പമുണ്ടായിരുന്ന മണ്ണും ചെളിയും കയറാതെ പല വീടുകളേയും കാത്തത്. വലിയ ജനാലകളും നാച്വറല്‍ വെന്റിലേഷനുകളും പോലുള്ള തുറസ്സുകള്‍ നീരൊഴുക്കിനെ തടയാതെ പ്രകൃതിയെ എതിരേല്‍ക്കുകയും ചെയ്തു. ജനവാതിലുകള്‍ മുഴുവനായും തുറന്നു കിടന്നിരുന്നുവെങ്കില്‍ പല വീടുകളിലും പ്രളയജലം വീടിന് അകത്തു കെട്ടികിടക്കുകയില്ലായിരുന്നു. പക്ഷേ, വെള്ളപ്പൊക്കം വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചറിയാത്തതിനാല്‍ നമ്മിലാരും തന്നെ അങ്ങനെ ചെയ്തിരുന്നുമില്ല.
വീടുകളുടെ ഈട് ഒരു കാലത്തും കൃത്യമായി കണക്കുകൂട്ടാനാകില്ലെങ്കിലും മികച്ച നിലവാരം ഉറപ്പാക്കി നിര്‍മ്മിക്കുകയും മികച്ച രീതിയില്‍ പരിപാലിക്കുകയും ചെയ്ത വീടുകള്‍ നൂറു വര്‍ഷത്തിലധികം നില നിന്ന ചരിത്രമാണുള്ളത്. പരസ്പരം ശ്രദ്ധിച്ചും എല്ലാം പങ്കുവെച്ചുമുള്ള സാമൂഹ്യ ജീവിതമാണ് ഇനിയുള്ള കാലം നമുക്ക് അഭികാമ്യം. ഒറ്റപ്പെട്ട ഒരു കൂറ്റന്‍ ആഡംബര വില്ലയല്ല ഒരുപോലുള്ള അനേകം വീടുകളായിരിക്കണം ഏതൊരു സമൂഹത്തിന്റേയും മുഖമുദ്ര. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അടുത്തടുത്ത് വീടുകളുണ്ടാകണം. ഒരു വീടും ഒറ്റപ്പെട്ടു നില്‍ക്കരുത്.

ഇന്നിന്റെ ആവശ്യം
മികച്ച നിലവാരത്തില്‍ നിര്‍മ്മിക്കപ്പെട്ടതും പരിപൂര്‍ണ്ണമായും പ്രകൃതിയോടിണങ്ങി നില്‍ക്കുന്നതുമായ വീടുകളാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. പാരിസ്ഥിതിക സുസ്ഥിരതയുള്ള കെട്ടിടങ്ങളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവുമാണ് ഇവിടെ നടക്കേണ്ടത്. ഭാവിയില്‍ പുത്തന്‍ കെട്ടിടങ്ങള്‍ പണിയുമ്പോള്‍ നമുക്ക് തദ്ദേശീയമായി ലഭ്യമായതും പുനരുപയോഗിക്കാവുന്നതുമായ സാമഗ്രികള്‍ മാത്രം ഉപയോഗിക്കാം. നിര്‍മ്മാണവേളയില്‍ ഉപയോഗിക്കുന്ന ഇന്‍സുലന്റുകളില്‍ പോലും ഓസോണ്‍പാളിയെ നശിപ്പിക്കുന്ന സാധനങ്ങള്‍ ഇല്ലാതിരിക്കട്ടെ. വോളറ്റൈല്‍ ഓര്‍ഗാനിക് കോംപൗണ്ടുകള്‍ കുറവുള്ളതോ ഒട്ടും ഇല്ലാത്തതോ ആയ പെയിന്റുകളും മറ്റ് വാള്‍ കവറിങ്ങുകളും വേണം ഉപയോഗിക്കാന്‍. വെള്ളപ്പൊക്കത്തെ തടയുകയും ശുദ്ധജലസ്രോതസ്സുകളെ സംരക്ഷിക്കുകയും ചെയ്യുന്ന വിധത്തില്‍ വേണം ഡ്രെയിനേജുകള്‍ നിര്‍മ്മിക്കാന്‍. നിര്‍മ്മാണവേളയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവുകുറയ്ക്കുന്നതില്‍ കോണ്‍ട്രാക്റ്റര്‍മാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് അഭികാമ്യമായിരിക്കും. നിര്‍മ്മാണം തുടങ്ങുന്നതിനു മുമ്പേ മാലിന്യമുണ്ടാകാനുള്ള സാഹചര്യങ്ങള്‍ തിരിച്ചറിയുകയും അവ പരമാവധി കുറയ്ക്കാന്‍ പരിശ്രമിക്കുകയും വേണം. നിര്‍മ്മാണ സാമഗ്രികള്‍ സുരക്ഷിതമായി സൂക്ഷിക്കാനും മാലിന്യങ്ങള്‍ യഥാസമയം കൃത്യമായി വേര്‍തിരിക്കാനും സ്ഥലമുണ്ടെങ്കില്‍ മാലിന്യത്തിന്റെ തോതും കുറയും.
ചുറ്റുപാടുകള്‍ക്കിണങ്ങുന്ന വീടുകളാണ് രൂപകല്‍പ്പന ചെയ്യപ്പെടേണ്ടത്. അതായത് അതാത് പ്രദേശങ്ങളുടെ വിശിഷ്യ, കെട്ടിടം നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പ്ലോട്ടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും, കാലാവസ്ഥാ ഘടകങ്ങളും മനസ്സിലാക്കി ഭൂമിയെ ബഹുമാനിച്ചു കൊണ്ടുവേണം കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍. ഭൂമിയെ മെരുക്കാനാകില്ലെങ്കിലും പരസ്പരബഹുമാനം പുലര്‍ത്തിക്കൊണ്ട് ഈ ഭൂമിയില്‍ സമാധാനമായി സഹവസിക്കാനാകുമെന്ന് ബുദ്ധിമാന്മാരായ നമ്മുടെ പൂര്‍വ്വികര്‍ കാണിച്ചു തന്നിട്ടുണ്ട്. അതുകൊണ്ട് നമുക്ക് ഭൂമിയെ നോവിക്കാതെ ആവശ്യങ്ങള്‍ മാത്രം മുന്നില്‍ കണ്ട് വീടുകള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കാം.

ലേഖിക: നിഷ നായര്‍, ഫാക്കല്‍റ്റി മെംബര്‍, ഡിഡൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയര്‍ ഡിസൈന്‍, കൊച്ചി.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഡോ. ബിനുമോള്‍ ടോം

About vpadmin 141 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*