ബഡ്ജറ്റുണ്ടെങ്കിലും ആര്‍ഭാടമരുത്‌

ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും ആര്‍ക്കിടെക്റ്റ് ഷബാന നുഫേല്‍ പറയുന്നു

കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം?
വാസ്തുവിദ്യയും കെട്ടിടങ്ങളും എന്നെ എപ്പോഴും ആകര്‍ഷിക്കുന്ന കാര്യങ്ങളാണ്. കാറ്റ്, വെളിച്ചം തുടങ്ങിയ ഘടകങ്ങളുടെ ശ്രദ്ധാപൂര്‍വ്വകമായ പ്രയോഗവും ആസൂത്രണവും എങ്ങനെയാണ് ഒരു സ്‌പേസിന്റെ ഗുണഗണങ്ങളെ മെച്ചപ്പെടുത്തുക എന്നത് സാഹചര്യത്തിനനുസരിച്ച് സ്വന്തമായി ഉണ്ടാകേണ്ട കണ്ടെത്തലുകളാണ്. വാസ്തുവിദ്യയുടെ ഭാവി പ്രോത്സാഹജനകമാണെന്നു തന്നെ പറയാം; സര്‍ഗ്ഗാത്മകതയുടെ ഈ മേഖല ജനസാമാന്യത്തിനിടയില്‍ വികാസം പ്രാപിക്കുന്നതു കാണുമ്പോള്‍.


എന്തായിരിക്കും ഈ രംഗത്ത് ഇനി വരാന്‍ പോകുന്ന ട്രെന്‍ഡ്?
കേരളത്തില്‍ ഇന്ന് പൊതുവേ കാണപ്പെടുന്ന വാസ്തുവിദ്യാശൈലികള്‍ പരമ്പരാഗത ശൈലി മുതല്‍ അര്‍ദ്ധ സമകാലിക ശൈലിയും കൊളോണിയല്‍ ശൈലിയും ഒക്കെയായി വ്യത്യസ്തങ്ങളായി കാണുന്നു. മധ്യകിഴക്കന്‍-യൂറോപ്യന്‍ ശൈലികളുടെ സ്വാധീനം കടന്നുവരാന്‍ കാരണം ഇവിടുത്തെ ക്ലയന്റുകള്‍ അവയാല്‍ സ്വാധീനിക്കപ്പെട്ടവരാണെന്നതാണ്. എന്നാല്‍ ഒരു സാധാരണ ഉപഭോക്താവ് ഇത്തരത്തിലുള്ള സ്വാധീനങ്ങളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ ശ്രമിക്കുന്നു; തന്റെ അഭിരുചിക്കും ആവശ്യകതയ്ക്കും ചേരുന്നതും സൈറ്റിന് ഏറ്റവും അനുയോജ്യമായതുമായ ഒരു വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു.

RELATED PROJECT: വരാന്‍ പോകുന്നത് ഗ്രീന്‍ ബില്‍ഡിങ്ങുകള്‍


പ്രിയപ്പെട്ട ഡിസൈന്‍ ശൈലി?
വ്യക്തിപരമായി എന്റെ എല്ലാ ഡിസൈനുകളിലും ഒരു സെമി-കന്റംപ്രറി ശൈലി നിലനിര്‍ത്താനാണ് എനിക്കിഷ്ടം-ആ ശൈലി സൈറ്റിനനുയോജ്യമായതും ക്ലയന്റിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ളതുമാണെങ്കില്‍. ഞങ്ങളെ സമീപിക്കുന്ന മിക്ക ഉപഭോക്താക്കളും അവരുടെ ആവശ്യങ്ങളെക്കുറിച്ചും സ്വപ്‌നഭവനത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ളവരാണ്. ഒരു ആര്‍ക്കിടെക്റ്റിന് ക്ലയന്റിന്റെ എല്ലാ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു സ്‌പേസ് ഉണ്ടാക്കി നല്‍കാനാകണം.


ഒരു വീടിന്റെ ഡിസൈനില്‍ നിര്‍ബന്ധമായും വേണ്ടത്?
ഇന്ന് ഏതൊരു സാധാരണ ഉപഭോക്താവിനും വ്യത്യസ്തങ്ങളായ ഒരുപാട് ആവശ്യകതകളും സാധ്യതകളും പങ്കുവയ്ക്കാനുണ്ടാകും. കാലാവസ്ഥാ ഘടകങ്ങള്‍, ഗ്രീന്‍ കെട്ടിടങ്ങള്‍, വളരെ ലളിതമായ ആസൂത്രണം എന്നിങ്ങനെ ചില പ്രത്യേക ആവശ്യകതകളും ചിലര്‍ക്ക് സ്വപ്‌നഭവനത്തെക്കുറിച്ച് ഉണ്ടാവും. ബഡ്ജറ്റിന്റെ കാര്യത്തിലാണെങ്കില്‍ പോലും അവരുടെ ബഡ്ജറ്റിനുള്ളില്‍ എന്താണ് ഉള്‍പ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ച് ഇന്ന് എല്ലാവര്‍ക്കും വ്യക്തമായ അറിവുണ്ടെന്ന് ഞാന്‍ കരുതുന്നു.

YOU MAY LIKE: നല്ല ഡിസൈന്‍ കാലാതീതമാണ്


ബഡ്ജറ്റിന് പരിമിതിയില്ല; പരിപൂര്‍ണ്ണ ഡിസൈന്‍ സ്വാതന്ത്ര്യമുണ്ട് എങ്കില്‍ ഏതു തരം വീടായിരിക്കും ചെയ്യുക?
ഇത്തരം ഒരു ക്ലയന്റിനെ ലഭിക്കുക എന്നത് ഏതൊരു ആര്‍ക്കിടെക്റ്റിന്റെയും സ്വപ്‌നമാണ്! ഇത്തരമൊരു സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അധികമായി ഉപയോഗിക്കാവുന്ന തുകയ്ക്കനുസരിച്ച് കാവിറ്റി വാളുകള്‍, ബഫറുകള്‍ തുടങ്ങി കാലാവസ്ഥയെ അനുകൂലമാക്കാന്‍ സഹായകരമായ ചില ഫീച്ചറുകള്‍ ഉള്‍ച്ചേര്‍ക്കാന്‍ ശ്രമിക്കും; സോളാര്‍ എനര്‍ജിയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കും. ബഡ്ജറ്റിന് പരിമിതിയില്ലെന്നു കരുതി ആഡംബര ഘടകങ്ങള്‍ കൂട്ടാന്‍ ഒരിക്കലും ശ്രമിക്കുകയില്ല.


പരിമിത ബഡ്ജറ്റുള്ള ക്ലയന്റിനു വേണ്ടി?
കൃത്യമായ നിയന്ത്രണങ്ങളോടെ ഒരു ക്ലയന്റ് ഞങ്ങളെ സമീപിക്കുകയാണെങ്കില്‍ ക്ലയന്റിന്റെ ആവശ്യങ്ങള്‍ക്കുചിതമായി ഒട്ടും അധികച്ചെലവ് ഉണ്ടാകാത്തവിധം നിശ്ചിത ബഡ്ജറ്റിനുള്ളില്‍ നിലനിര്‍ത്തി വീട് രൂപകല്‍പ്പന ചെയ്യാന്‍ ശ്രമിക്കും. പരിമിതികള്‍ ഏര്‍പ്പെടുത്തുക നിര്‍മ്മാണസാമഗ്രികളുടെയും ഡിസൈന്‍ ശൈലികളുടെയും തെരഞ്ഞെടുപ്പിലൂടെയാണ്.


ഏതെങ്കിലും പ്രോജക്റ്റില്‍ പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഉല്‍പ്പന്നം?
ഗ്രീന്‍ ബില്‍ഡിങ്ങുകളുടെ കാര്യത്തില്‍ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. ഉദാഹരണത്തിന് തെര്‍മോ റെസ്‌പോണ്‍സീവ് മെറ്റീരിയലുകള്‍.


സ്വന്തം വീടിനെക്കുറിച്ച്?
ഞാന്‍ ഇതുവരെ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. എനിക്കു ലഭിക്കുന്ന പ്രോജക്റ്റുകള്‍ എല്ലാം എന്റേതെന്ന മട്ടില്‍ വളരെയധികം ആസ്വദിച്ച് ചെയ്തുകൊണ്ടിരിക്കുന്നു.


വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: ആര്‍ക്കിടെക്റ്റ് ഷബാന നുഫേല്‍, ഡിഫോറം ആര്‍ക്കിടെക്റ്റ്‌സ്, മാഹി, കണ്ണൂര്‍. ഫോണ്‍: 8086188885.

വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
About vpadmin 141 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*