പ്രകൃതിയിലേക്ക് കണ്‍തുറക്കാം

 

വീടിന്റെ ഉള്ളിലിരുന്നും പ്രകൃതിയുടെ ഹരിത സമൃദ്ധി ആവോളം ആസ്വദിക്കത്തക്കവിധംപൂന്തോട്ടത്തിലേക്ക് തുറക്കുന്ന പൊതുഇടങ്ങളാണ് ഈ ഗേഹത്തിന്റെ സവിശേഷത.ബിസിനസ്സുകാരനായ വിജു ജോസഫ് മുണ്ടാടനും, ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിനു വേണ്ടി 20 സെന്റ് പ്ലോട്ടില്‍ 3700 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ രണ്ടു തട്ടുകളിലായി ഒരുക്കിയ വീടാണിത്. പല തട്ടുകളായി കിടന്നിരുന്ന പ്ലോട്ടിന്റെ മുന്‍ഭാഗം മാത്രം മണ്ണിട്ട് ഉയര്‍ത്തിയെടുക്കുകയായിരുന്നു. പ്ലോട്ടിനനുസരിച്ച് ഈ ഭവനമൊരുക്കിയത് ആര്‍ക്കിടെക്റ്റ് സെബാസ്റ്റ്യന്‍ ജോസ് (ശില്‍പ്പി ആര്‍ക്കിടെക്റ്റ്‌സ്, കൊച്ചി) ആണ്.

 ബ്ലാക്ക് & വൈറ്റ് കോമ്പിനേഷനിലെ വാള്‍ക്ലാഡിങ് ആണ് ഈ ഭവനത്തിന്റെ പുറംമോടിയില്‍ എടുത്തു നില്‍ക്കുന്നത്. വിശാലമായ മുന്‍മുറ്റത്ത് ഡ്രൈവ്‌വേയില്‍ ഇന്റര്‍ലോക്ക് പേവിങ് ടൈല്‍ പാകിയതിനൊപ്പം വലതുവശത്ത് ഗ്രാസ് ജോയിന്റഡ് പേവറുകളും നല്‍കിയിട്ടുണ്ട്. അതിരുകളില്‍ ബാംബൂ നട്ടുപിടിപ്പിച്ചിരിക്കുന്നു. ചുറ്റുമതിലില്‍ സ്റ്റോണ്‍ ക്ലാഡിങ് ചെയ്തതിനൊപ്പം സ്വകാര്യത മുന്‍ നിര്‍ത്തി ഷെറാ ബോര്‍ഡുകളും നല്‍കിയിട്ടുണ്ട്. താഴെ ചെരിവുള്ള ഭാഗത്ത് ഗ്യാരേജ് പ്ലാന്‍ ചെയ്തിരിക്കുന്നു. മനോഹരമായി ഒരുക്കിയ പൂന്തോട്ടത്തിലേക്ക് ഫാമിലി ലിവിങ്, ഡൈനിങ് എന്നിവിടങ്ങളില്‍ നിന്നു കൂടി പ്രവേശന സൗകര്യമുണ്ട്.

 ഇതിനു പുറമേ കൃത്രിമ പുല്‍ത്തകിടിയും, ബ്ലാക്ക് & വൈറ്റ് കോമ്പിനേഷനിലുള്ള വിട്രിഫൈഡ് ടൈല്‍ ഫ്‌ളോറിങ്ങും, പാരപ്പറ്റ് വാളും ഉള്‍ച്ചേര്‍ത്ത റൂഫ് ഗാര്‍ഡനും ഈ ഭവനത്തിലുണ്ട്.

        പ്രകൃതിയോട് സംവദിക്കുന്ന അകത്തളങ്ങള്‍

ഡബിള്‍ ഹൈറ്റില്‍ മുന്നിലും വശങ്ങളിലും പെബിളുകള്‍ ഇട്ട് ഒരുക്കിയ പൂമുഖത്തിന്റെ റൂഫ് സ്ലാബ് കട്ട് ചെയ്ത് ടഫന്‍ഡ് ഗ്ലാസിട്ടതിനാല്‍ പൂമുഖവാതില്‍ക്കലെത്തുന്ന സന്ദര്‍ശകരെ റൂഫ്  ഗാര്‍ഡനില്‍ നിന്നു തന്നെ കാണാനാകും. പൂമുഖത്തുള്‍പ്പെടെ അകത്തളങ്ങളിലുടനീളം ഐവറി വൈറ്റ് വിട്രിഫൈഡ് ടൈല്‍ ഫ്‌ളോറിങ്ങാണ്. ഇതിനൊപ്പം എല്ലാ മുറികള്‍ക്കും ബ്ലാക്ക് ഗ്രനൈറ്റ് കൊണ്ട് ബോര്‍ഡറും നല്‍കിയിട്ടുണ്ട്. മറ്റിടങ്ങളേക്കാള്‍ രണ്ടടി താഴ്ത്തി പ്ലെയിന്‍ ജിപ്‌സം സീലിങ് നല്‍കി ഒരുക്കിയ ഫോര്‍മല്‍ ലിവിങ്ങിലേക്കാണ് പൂമുഖത്തു നിന്ന് പ്രവേശനം. ഇവിടെ ഉള്‍പ്പെടെ അകത്തളങ്ങളിലുടനീളമുള്ള  ഫര്‍ണിച്ചറും, ക്യൂരിയോസും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തതാണ്. ഫോര്‍മല്‍
ഗ്ലോസി ഫിനിഷ് ലാമിനേറ്റ്, പ്ലൈവുഡ്, ജിപ്‌സം എന്നിവ ഉപയോഗിച്ച് ഫാള്‍സ് സീലിങ് ഒരുക്കിയിട്ടുള്ള ഡൈനിങ് സ്‌പേസാണ്. ഡൈനിങ്ങിന് അഭിമുഖമായി പാഷ്യോയും വുഡന്‍ ഡെക്കുമുണ്ട്. ഡൈനിങ്ങില്‍ നിന്ന് പാഷ്യോയിലേക്ക് ഗ്ലാസ് ഡോര്‍ നല്‍കിയതിനൊപ്പം സുരക്ഷയ്ക്കായി ഡോറിനു പുറത്ത് റോളിങ് ഷട്ടറും, സ്വകാര്യത ഉറപ്പാക്കാനായി ഈ ഭാഗത്തെ ചുറ്റുമതിലില്‍ ഷെറാബോര്‍ഡും നല്‍കിയിട്ടുണ്ട്. ഡൈനിങ്ങില്‍ നിന്നാരംഭിക്കുന്നഇടനാഴി ഫാമിലി ലിവിങ്ങിലേക്കാണ് നയിക്കുന്നത്. ഇടനാഴിയില്‍ ഒരു കോമണ്‍ ബാത്‌റൂമിനും സ്ഥാനമുണ്ട്.

വീട്ടുകാരുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ലിവിങ്, ഡൈനിങ് സ്‌പേസുകള്‍ക്കിടയ്ക്ക് ഒതുക്കത്തിലാണ് പ്രെയര്‍ ഏരിയ സജ്ജീകരിച്ചത്. ഭിത്തിയില്‍ നിന്ന് പുറത്തേക്കു തള്ളി നില്‍ക്കുന്ന നിഷില്‍ ചുമരു മുഴുവന്‍ മറച്ചു കൊണ്ട് സീലിങ്ങില്‍ എത്തിനില്‍ക്കുന്ന വിധത്തില്‍ വുഡന്‍ റീപ്പറുകള്‍ നല്‍കിയാണ് ഇവിടം ഹൈലൈറ്റ് ചെയ്തത്.പ്രെയര്‍ യൂണിറ്റിനു താഴെ സ്റ്റോറേജ് സ്‌പേസും, ഇരുവശത്തും ലൂവര്‍ വിന്‍ഡോകളും നല്‍കിയിട്ടുണ്ട്.മൈല്‍ഡ് സ്റ്റീലില്‍ നിര്‍മ്മിച്ച സ്റ്റെയര്‍കേസ് ഡൈനിങ്ങില്‍ നിന്നാണ് ആരംഭിക്കുന്നത്. മറ്റിടങ്ങളിലെ പോലെ ഗോള്‍ഡന്‍ കളര്‍ ടെക്‌സ്ചര്‍ പെയിന്റ് സ്റ്റെയര്‍വാളിലും ഇടം നേടിയിട്ടുണ്ട്. വുഡന്‍ ലാമിനേറ്റഡ് ഫ്‌ളോറിങ് നല്‍കി തേക്കിന്‍ പലകയില്‍ തീര്‍ത്ത പടിക്കെട്ടുകളും, വുഡ്, ഗ്ലാസ് കോമ്പിനേഷനിലുള്ള കൈവരിയും ഉള്‍ച്ചേര്‍ത്താണ് സ്റ്റെയര്‍ കേസിന്റെ നിര്‍മ്മാണം.