പെയിന്റിങ് അഥവാ കലാസൃഷ്ടികള്‍

പെയിന്റിങ് അഥവാ കലാസൃഷ്ടികള്‍

ഇപ്പോള്‍ വാള്‍ പെയിന്റിങ് എന്നാല്‍ ‘വാള്‍ ആര്‍ട്ട്’ ആയിക്കഴിഞ്ഞു.
അതെ, പെയിന്റിങ് ഒരു കലയായിരിക്കുന്നു. വെള്ള പെയിന്റ് മറ്റു നിറമുള്ളപെയിന്റുകളുമായി നിശ്ചിത അനുപാതത്തില്‍ കൂട്ടിയോജിപ്പിച്ചാല്‍ കിട്ടുന്നപുതിയ നിറത്തിന്റെ പേര് ഒരിക്കലുംവെള്ള എന്നല്ല. മോണിംഗ് ഫോഗ്,കാന്‍ഡില്‍ വാക്‌സ്, കോട്ടന്‍ ബാള്‍, വുഡ് സ്‌മോക്ക്, എന്നിങ്ങനെ കേള്‍ക്കാന്‍ഇമ്പമുള്ള ഒട്ടേറെ പേരുകളിലാണ് പുത്തന്‍ കൂട്ടുകള്‍.

 ഇതുപോലെ ഏതു പെയിന്റിനൊപ്പവും മറ്റൊരു കളര്‍ ചേര്‍ത്ത് ഇതുപോലുള്ള ഒട്ടേറെ നിറക്കൂട്ടുകള്‍ ഉണ്ടാക്കുന്നത് ഇന്നൊരു പുതുമയല്ല. പെയിന്റിങ്ങിലെപുത്തന്‍ രീതികളെക്കുറിച്ചും, സാധാരണ ഉണ്ടാകാറുള്ള സംശയങ്ങളെക്കുറിച്ചുംപ്രമുഖ പെയിന്റിങ് കോണ്‍ട്രാക്ടറും ഈ രംഗത്ത് 57 വര്‍ഷത്തെപ്രവര്‍ത്തനപരിചയവുമുള്ള പി.കെ വിശ്വംഭരന്‍ കമ്പനി ഉടമ പി.കെ വിശ്വംഭരന്‍ വിശദീകരിക്കുന്നു.

 1957 മുതല്‍ ഞാന്‍ പെയിന്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നു. കുമ്മായം കൊണ്ട് ചുമര്‍ ഒരുക്കിയിരുന്ന ആ പഴയ കാലത്ത് നിന്ന് പെയിന്റ് കൊണ്ട് ചുമരില്‍ കലാസൃഷ്ടികള്‍ തന്നെ വരഞ്ഞിടുന്ന കാലത്താണ് നമ്മളെത്തിയിട്ടുള്ളത്. ചുമര്‍ചിത്രങ്ങള്‍ വഴിമാറി, അവിടെ സ്ഥാനം പിടിച്ചത് വിവിധതരം പെയിന്റുകള്‍ കൊണ്ടുള്ള കലാരൂപങ്ങളാണ്. അതിശയകരമായ മാറ്റമാണ് ഇവയെല്ലാം. സ്റ്റെന്‍സില്‍ പെയിന്റിങ്, ടെക്‌സ്ച്ചര്‍ പെയിന്റിങ്, ഡിജിറ്റല്‍ പ്രിന്റ് ഫിനിഷ് തുടങ്ങി ഇലയും പൊടിയും കരിയും കൊണ്ടുള്ള പെയിന്റിങ് രീതികള്‍ വരെ സാധാരണമായി കഴിഞ്ഞു. കാഴ്ചഭംഗിക്ക് പുറമേ ഗുണമേന്‍മയും കൂടുതലുണ്ട് ഇത്തരം നവരീതികള്‍ക്ക്.ഭിത്തി അലങ്കാരങ്ങള്‍ക്ക് പകരമായി പെയിന്റിന്റെ സാധ്യതകളെ എങ്ങനെ വിനിയോഗിക്കാം?

കുറച്ചു കാലം മുമ്പുവരെ പെയിന്റിങ് അതിന്റെ വഴിക്കു പോകും; അലങ്കാരങ്ങള്‍ പിന്നാലെ വരും- ഇതായിരുന്നു സ്ഥിതി. പെയിന്റിങ് കഴിഞ്ഞ ശേഷം അലങ്കാരങ്ങള്‍ക്കായി ചുമര്‍ചിത്രങ്ങളും വാള്‍ സ്റ്റിക്കറുകളും ഒക്കെ വേറെ ഉപയോഗിക്കണം. അടുത്തിടെയാണ് വാള്‍പേപ്പറുകള്‍ കടന്നു വന്നത്. ഡിസൈനര്‍ വാള്‍പേപ്പറുകള്‍ ഒരു പരിധി വരെ ചുമരലങ്കാരങ്ങള്‍ തന്നെയായി. ഇപ്പോള്‍ അത്യാവശ്യം ചിത്രം വര വശമുള്ള തൊഴിലാളി തന്നെ പെയിന്റു കൊണ്ട് ചുമരില്‍ ചിത്രം വരയ്ക്കുന്നിടത്തോളം പെയിന്റിങ്ങിന്റെ സാധ്യത വളര്‍ന്നു കഴിഞ്ഞു.

ഏതു നിറങ്ങളാണ് ഇപ്പോള്‍ ട്രെന്‍ഡ്? ഇന്റീരിയറിലും എക്‌സ്റ്റീരിയറിലും കടും നിറങ്ങള്‍ക്ക് പ്രസക്തി കുറഞ്ഞിട്ടുണ്ടോ?ഏതാനും വര്‍ഷങ്ങളായി ഇളം നിറങ്ങളാണ് പെയിന്റിങ്ങിലെ ട്രെന്‍ഡ്. അതു തന്നെയാണ് 2017-ലും തുടരുന്നത്. എക്സ്റ്റീരിയര്‍ വാള്‍ ക്ലാഡിങ്ങിന് പ്രചാരമേറി വരുന്നു. ഗ്രേ, വൈറ്റ് നിറങ്ങള്‍ക്ക് ആവശ്യക്കാരേറുന്നുണ്ട്.എക്സ്റ്റീരിയര്‍ റൂഫിങ്ങില്‍ ടൈല്‍, ഷിംഗിള്‍സ് എല്ലാം പ്രചാരം നേടിക്കഴിഞ്ഞു. മെയിന്റനന്‍സ് ഘട്ടങ്ങളില്‍ ഇവയുടെ നിറം മങ്ങലിന് പരിഹാരം കാണാനാവുമോ?

 റൂഫിങ്ങിലെ മെറ്റീരിയലുകള്‍ മിക്കവയ്ക്കും അറ്റകുറ്റപ്പണി ബാധകമാണ്.  നമ്മുടെ കാലാവസ്ഥയനുസരിച്ച് അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ നിറം മങ്ങല്‍ തുടങ്ങും. ഓടുകളാണ് മെയിന്റനന്‍സ് ചെയ്യാന്‍ എളുപ്പം. ഗുണമേന്‍മയുള്ള പെയിന്റ് ചെയ്താല്‍ ഓടുകള്‍ക്ക് പത്തു വര്‍ഷത്തിനു ശേഷമേ നിറം മങ്ങി തുടങ്ങുകയുള്ളു.പുതിയ തരം എക്സ്റ്റീരിയര്‍ പെയിന്റുകള്‍ക്ക് പൂപ്പല്‍ പിടിക്കാത്തത്, പായല്‍ പിടിക്കാത്തത്, കളര്‍ ഗാര്‍ഡ് തുടങ്ങിയ ഗുണങ്ങള്‍ ഉണ്ടോ? ഉപയോഗിച്ചുള്ള അനുഭവ പരിചയം വച്ച് എന്തു പറയുന്നു.?

ഇത്തരം അവകാശവാദങ്ങള്‍ക്ക് അത്ര ദീര്‍ഘകാല ഗ്യാരണ്ടി ഇല്ല. ഇപ്പോള്‍ വിപണിയില്‍ നല്ല ഗുണനിലവാരവും ചില പ്രത്യേക സവിശേഷതകളും ഒക്കെയുള്ള പെയിന്റുകള്‍ ലഭ്യമാണ്. പക്ഷേ എത്ര ഗുണമേന്‍മയുള്ള പെയിന്റും പത്ത് വര്‍ഷം വരെ മാത്രമേ പരമാവധി നില നില്‍ക്കുകയുള്ളൂ. അതിനോടകം ഏത് എക്‌സ്റ്റീരിയര്‍ പെയിന്റും നിറം മങ്ങാന്‍ തുടങ്ങുമെന്നാണ് എന്റെ അനുഭവം.