പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള വീട്‌

ജീവിതമെന്നാല്‍ ഉല്ലാസപൂര്‍വ്വം ആസ്വദിക്കാനുള്ളതാണെന്ന പക്ഷക്കാരനായ മനോജ് പ്രഭുവിനുംകുടുംബത്തിനും വേണ്ടി തികച്ചും ഉല്ലാസഭരിതമായ അന്തരീക്ഷത്തിലൊരുക്കിയ ക്രിയാത്മക ഭവനമാണിത്.കളമശ്ശേരി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ വള്ളത്തോള്‍ ജംഗ്ഷനില്‍ നോയല്‍ ഗ്രൂപ്പിന്റെ ഫ്രാഗ്രന്‍സ്വില്ലാ പ്രോജക്റ്റിലാണ് 8 സെന്റ് പ്ലോട്ടില്‍ 4500 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തിലൊരുക്കിയ ഈ വീട്.

ടാറ്റാ സ്റ്റീലിന്റെ കേരളത്തിലെ സ്റ്റോക്കിസ്റ്റായ മനോജ് പ്രഭുവും, ജീവിതത്തിലെന്ന പോലെ ബിസിനസ്സിലുംഅദ്ദേഹത്തിന് സജീവ പിന്തുണ നല്‍കുന്ന ഭാര്യ രാജശ്രീ മനോജും, വിദ്യാര്‍ത്ഥികളായ മക്കള്‍ വിരാജ്, മനീഷഎന്നിവരുമാണ് ഈ വീട്ടിലെ താമസക്കാര്‍. വീട്ടുകാരുടെ ഉയര്‍ന്ന ജീവിതശൈലിയ്ക്കും പ്രൗഢിക്കും ഒത്തവണ്ണം  അന്തര്‍ദേശീയ നിലവാരത്തില്‍, പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ ഈ വീടൊരുക്കിയത് ആര്‍ക്കിടെക്റ്റ് കരോളിന്‍ സേവ്യര്‍,ഇന്റീരിയര്‍ ഡിസൈനര്‍ സേവ്യര്‍ ആലുങ്കല്‍, പ്രോജക്ട് മാനേജര്‍ പ്രതിഭ സുനീത് (ആക്ടീവ് ഡിസൈന്‍സ്, കൊച്ചി) എന്നിവരാണ്.

“തങ്ങളുടെ കഴിവ് മുഴുവന്‍ പുറത്തു കൊണ്ടുവന്ന, ഏതു കഴിവും പ്രകടമാക്കാന്‍ സാധ്യത ഒരുക്കിത്തന്ന ഭാവനാശാലിയായ ക്ലയന്റ്” എന്നാണ് സംഭാഷണമദ്ധ്യേ ഡിസൈനറായ സേവ്യര്‍ ആലുങ്കല്‍ ഈ ഗൃഹനാഥനെ വിശേഷിപ്പിച്ചത്.പ്രൗഢമായ അകത്തളം ഗൃഹനാഥന്റെ പ്രൗഢി വ്യക്തമാക്കത്തക്കവിധം അതിവിശാലമായാണ് ഇവിടുത്തെ ഫോര്‍മല്‍ ലിവിങ് ഒരുക്കിയത്. വാസ്തുശാസ്ത്രപ്രകാരമാണ് ഇവിടുത്തെ ഓരോ ഏരിയയും. ഫാള്‍സ് സീലിങ്ങുള്ളതും വിശാലവുമായ അകത്തളങ്ങള്‍ ഇരുനിലകളിലായി ഉള്‍ക്കൊള്ളിച്ചതിനൊപ്പം മൂന്നാമത്തെ നിലയില്‍ ആധുനിക സൗകര്യങ്ങളുള്ള ജിംനേഷ്യവും പാര്‍ട്ടി ഏരിയയും ഒരുക്കിയിട്ടുണ്ട്.

 പൂമുഖത്തിനിടതുവശത്ത് കാര്‍പോര്‍ച്ചും വലതുവശത്ത് ഓഫീസ് ഏരിയയുമാണ്.ബിസിനസ്സ് കാര്യങ്ങളില്‍ ഗൃഹനാഥനെ സഹായിക്കുന്ന വീട്ടമ്മയുടെ സൗകര്യാര്‍ത്ഥമാണ് കുടുംബാന്തരീക്ഷത്തിനു തെല്ലും അലോസരമുണ്ടാക്കാത്ത വിധം ഓഫീസ് ഏരിയ. ഇതിന്റെ വലതുവശത്താണ് ഫോര്‍മല്‍ ലിവിങ്. ലിവിങ്ങിന്റെ മുകള്‍ഭാഗത്ത് ഇരുവശവും ഫാബ്രിക് സീലിങ്ങില്‍ നിന്ന് ലൈറ്റുകള്‍ നല്‍കിയതും ഒമാനിയ ബീജ് ഇറ്റാലിയന്‍ മാര്‍ബിള്‍ ഫ്‌ളോറില്‍ ബ്രൗണ്‍ സ്ട്രിപ്പുകള്‍ നല്‍കിയതും ആകര്‍ഷകമാണ്. ഇറക്കുമതി ചെയ്ത നീലനിറത്തിലുള്ള ഗ്ലാസ് കൊണ്ടാണ് ഇവിടുത്തെ ടിവി യൂണിറ്റ് ഹൈലൈറ്റ് ചെയ്തത്.

ഫാബ്രിക് സീലിങ്ങിനു പുറമേ ടെന്‍സൈല്‍ സീലിങ്ങും അകത്തളങ്ങളില്‍
ഇടംപിടിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ ഇഷ്ടനിറങ്ങള്‍ ചോദിച്ചറിഞ്ഞാണ് അകത്തളം ഒരുക്കിയത്. കോമണ്‍ ഏരിയകളില്‍ റോമന്‍, സീബ്രാ ബ്ലൈന്‍ഡുകളും കിടപ്പുമുറികളില്‍ ഐലെറ്റ് കര്‍ട്ടനുകളും ഉപയോഗിച്ചുകൊണ്ട് ഫോര്‍മല്‍-പ്രൈവറ്റ് ഏരിയകള്‍ക്ക് പ്രകടമായ വ്യത്യാസം കൊണ്ടുവരാനായി.ലിവിങ്ങിനോടു ചേര്‍ന്ന് പൂമുഖത്തിന്റെ പുറകിലുള്ള ഫോയറിന്റെ വലതുവശത്താണ് പൂജാമുറി. ഗുജറാത്തില്‍ നിന്ന് ഇറക്കുമതി ചെയ്ത വൈറ്റ് മാര്‍ബിള്‍ ഉപയോഗിച്ചാണ് പൂജാമുറിയുടെ അകത്തളം അലങ്കരിച്ചത്.