ഗൃഹവാസ്തുകല വഴിത്തിരിവില്‍

ഗൃഹവാസ്തുകലയെക്കുറിച്ചും താല്പര്യങ്ങളെക്കുറിച്ചും
പ്രമുഖ ആര്‍ക്കിടെക്റ്റും അദ്ധ്യാപകനുമായ മനോജ് കിണി പറയുന്നു

കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം?
ഗൃഹവാസ്തുകലയില്‍ കാലാനുസൃതമായ ഏറെ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു സമയമാണിത്. കേരള ഗൃഹവാസ്തുകല ഒരു വഴിത്തിരിവിലാണ് എന്നു പറയാം. ഇവിടുത്തെ ഉയര്‍ന്ന സാക്ഷരത, ഗ്ലോബലൈസേഷന്റെ ഫലമായുണ്ടായ ഉദാരവത്കരണവും വിജ്ഞാനവികസനവും, പുതിയ മെറ്റീരിയലുകളുടെ ലഭ്യത, വിദ്യാസമ്പന്നരും വിദേശങ്ങളില്‍ പഠിച്ചു വന്നിട്ടുള്ളതുമായ യുവവാസ്തുശില്പികള്‍ ഇവയെല്ലാം വച്ചു നോക്കുമ്പോള്‍ വളരെ സ്ഫുടമായ അല്ലെങ്കില്‍ പ്രബുദ്ധമായ ഒരു വാസ്തുകലാശൈലി ഇവിടെ ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുകയാണ് എന്നു പറയാം. അതുകൊണ്ടുതന്നെ വളരെ പോസിറ്റീവ് ആയ ഒരു മാറ്റം, ശോഭനവും ഊര്‍ജ്ജസ്വലവും പ്രസരിപ്പാര്‍ന്നതുമായ ഒരു ഭാവി ഗൃഹവാസ്തുകലയില്‍ പ്രതീക്ഷിക്കാവുന്നതാണ്.

പ്രിയപ്പെട്ട ഡിസൈന്‍ ശൈലി?
ട്രോപ്പിക്കല്‍ കന്റംപ്രറി ശൈലിയാണ് ആണ് എനിക്ക് പ്രിയപ്പെട്ടത്. ട്രോപ്പിക്കല്‍ ക്ലൈമറ്റിനു ചേരുന്ന വീടുകളുടെ പ്രധാന സവിശേഷതകളില്‍ ഒന്ന് ചരിഞ്ഞ മേല്‍ക്കൂര തന്നെയാണ്. വാസ്തുകലയുടെ വളരെ സംസ്‌കാര സമ്പന്നമായ ഒരു പാരമ്പര്യശൈലി ഇവിടെ നിലനിന്നിരുന്നു. അതനുസരിച്ചുള്ള ഒരു കെട്ടിട നിര്‍മ്മാണരീതിയും ഉണ്ടായിരുന്നു. അതില്‍ പലതും നാം കൈവിട്ടു കളഞ്ഞിരിക്കുന്നു. പ്രകൃതിക്ക് യോജ്യമായ ഗൃഹവാസ്തുകലയായിരുന്നു അന്നുണ്ടായിരുന്നത്. അതിന്റെ ഘടകങ്ങളെയും അതിനൊപ്പം ഇന്നത്തെ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളെയും ഉള്‍ക്കൊണ്ട്, ഇപ്പോഴത്തെ തലമുറയുടെ ആവശ്യങ്ങളും മനസ്സിലാക്കിയുള്ള ഒരു ഗൃഹനിര്‍മ്മാണ രീതി-ട്രോപ്പിക്കല്‍ കന്റംപ്രറി. അതാണ് എനിക്കു പ്രിയം.

ഒരു വീടിന്റെ ഡിസൈനില്‍ നിര്‍ബന്ധമായും വേണ്ടത്?
കാര്യക്ഷമമായ രീതിയിലുള്ള സ്ഥല ഉപയുക്തത; അതാണ് ഒരു വീടിന്റെ ഡിസൈനില്‍ ഉണ്ടാവേണ്ടത്. അല്ലാതെ വെറും കാഴ്ചഭംഗി മാത്രമല്ല. വീടിന് ഭംഗി വേണം; പക്ഷേ, വീട് ഭംഗിക്കു വേണ്ടി മാത്രമാകരുത്. മികച്ച ഡിസൈനിങ്ങിന്റെ ഉപ ഉല്പന്നമാണ് ഭംഗി.


എന്തായിരിക്കും ഈ രംഗത്ത് ഇനി വരാന്‍ പോകുന്ന ട്രെന്‍ഡ്?
ഇനിയുള്ള കാലം കാലാവസ്ഥ ഒരു പ്രധാന ഘടകമാണ്. നമുക്ക് പ്രവചിക്കാനാകാത്ത തരത്തിലാണ് കാലാവസ്ഥ മാറുന്നത്. പൊടുന്നനെയുള്ള മഴ, പെട്ടെന്നുയരുന്ന താപനില, മെറ്റീരിയലുകളുടെ ലഭ്യതക്കുറവ്. ഇനി വരുന്ന കാലത്തെ ട്രെന്‍ഡ് മിനിമലിസം ആയിരിക്കും. നിര്‍മ്മാണശൈലി പ്രാദേശികം അതായത് അതത് പ്രദേശത്തിനിണങ്ങിയത് ആയിരിക്കും. വളരെ സെല്ക്റ്റീവും ഒപ്പം പ്രകൃതിക്ക് ഇണങ്ങിയതുമായിരിക്കും ഇനി വരാന്‍ പോകുന്ന ഡിസൈന്‍ ട്രെന്‍ഡ്.


ഒരു വീടിന്റെ ഡിസൈനില്‍ ഒരിക്കലും ചെയ്യരുതാത്തത്?
സ്ഥലം പാഴാക്കാതിരിക്കുക എന്നതാണ് ഏതൊരു വീടിന്റെയും ഡിസൈനില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തത്. പണം, ഗൃഹനിര്‍മ്മാണ വസ്തുക്കള്‍, മറ്റ് വിഭവങ്ങള്‍ ഇവയോരോന്നും വിലപ്പെട്ടതു തന്നെയാണ്. ഇവയൊന്നും ഇനി തിരിച്ച് കിട്ടുകയില്ല. ഒരിഞ്ച് സ്ഥലം പോലും പഴാവരുത്. നിര്‍മ്മാണ വസ്തുക്കളും.


ബഡ്ജറ്റിന് പരിമിതിയില്ല; പരിപൂര്‍ണ്ണ ഡിസൈന്‍ സ്വാതന്ത്ര്യമുണ്ട്. എങ്കില്‍ ഏതു തരം വീടായിരിക്കും ചെയ്യുക?
എത്ര സ്വാതന്ത്ര്യവും ബഡ്ജറ്റും ഉണ്ടായാലും ശരി ഞാന്‍ ചെയ്യുക സസ്റ്റയനബിള്‍ ഇക്കോ ഫ്രണ്ട്‌ലി വീടായിരിക്കും. തനതു വാസ്തുകലയെ അടിസ്ഥാനമാക്കി ഇന്നിന്റെ ജീവിതരീതിക്ക് ഇണങ്ങിയ ഒന്ന്.

പരിമിത ബഡ്ജറ്റുള്ള ക്ലയന്റിനു വേണ്ടി?
പരിമിത ബഡ്ജറ്റുള്ള ആര്‍ക്കും ഇണങ്ങുക ‘ഓപ്പണ്‍ കോംപാക്റ്റ് ഹൗസ്’ ആണ്. നൂറുശതമാനം സ്ഥല ഉപയുക്തതയും വീട്ടുകാര്‍ക്ക് എളുപ്പം പരിപാലിക്കുവാനും കഴിയുന്ന തരത്തിലുള്ള വീട്.

ഉപയോഗിച്ചിട്ടുള്ളതില്‍ വച്ച് ആധുനികമായ മെറ്റീരിയല്‍?
അലൂമിനിയം അലോയ് മെറ്റല്‍

ഏതെങ്കിലും പ്രോജക്റ്റില്‍ പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഉല്‍പ്പന്നം?
മണ്ണാണ് ഞാന്‍ ഇനിയുമിനിയും പരീക്ഷിക്കണമെന്നാഗ്രഹിക്കുന്ന നിര്‍മ്മാണസാമഗ്രി. മണ്ണ് ആണ് മനുഷ്യന് ഏറ്റവും ഇണങ്ങുന്ന
നിര്‍മ്മാണ വസ്തു. നമ്മള്‍ എല്ലാവരും മണ്ണിലേക്ക് ചേരേണ്ടവരാണ്. എല്ലാവര്‍ക്കും മണ്ണ് ഇഷ്ടമാകണമെന്നോ, ഉപയോഗിക്കണമെന്നോ ഇല്ല. പക്ഷേ, ഭാവിയില്‍ നമുക്ക് എല്ലാത്തരത്തിലും ഉപയോഗിക്കാന്‍
യോജ്യമായ പ്രകൃതിക്കിണങ്ങിയ സാമഗ്രി ഒരു പക്ഷേ മണ്ണു
മാത്രമാണ്.


സ്വന്തം വീടിനെക്കുറിച്ച്?
ഞാന്‍ ഒരു വീടുവയ്ക്കുമ്പോള്‍ പരമാവധി ഏരിയ 1200 – 1500
സ്‌ക്വയര്‍ഫീറ്റ് ആയിരിക്കും. അതിന്റെ ഉള്ളില്‍ എല്ലാം മിനിമം
മാത്രമായിരിക്കും ഉണ്ടാകുക. ചുരുക്കിപ്പറഞ്ഞാല്‍ മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമം പോലെയുള്ള ഒന്ന്- അതാണ് എന്റെ ആഗ്രഹം.


ലേഖകന്‍: ആര്‍ക്കിടെക്റ്റ് മനോജ് കിണി, സിഇടി, തിരുവനന്തപുരം.
Email: kinimanoj@gmail.com
ചിത്രങ്ങള്‍ക്ക് കടപ്പാട്: ആര്‍ക്കിടെക്റ്റ് മനോജ് കിണി

വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
About vpadmin 141 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*