എല്ലാം ഒറ്റനിലയിലൊതുക്കി

ദിവസം മുഴുവന്‍ കാറ്റും, പകല്‍ മുഴുവന്‍ സൂര്യപ്രകാശവും നിറഞ്ഞു നില്‍ക്കുന്ന വീട്. അലങ്കാരങ്ങള്‍ പോലെ തന്നെ മുറികള്‍ക്കിടയിലെ വേര്‍തിരിവുകളും വളരെ പരിമിതം. ഒത്ത ചതുരാകൃതിയിലുള്ള 30 സെന്റ് പ്ലോട്ടില്‍ 2010 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഒറ്റ നിലയില്‍ എല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഈ ഭവനമൊരുക്കിയിട്ടുള്ളത്. അകംപുറം മോടിയില്‍ വെള്ള, ഡാര്‍ക്ക് ബ്രൗണ്‍ നിറങ്ങള്‍ എടുത്തു നില്‍ക്കുന്ന ഗേഹത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ചുക്കാന്‍ പിടിച്ചത് ആര്‍ക്കിടെക്റ്റ് നജ്മല്‍ ഹസ്സന്‍ (ഡിസൈന്‍ ഫാക്ടറി ആര്‍ക്കിടെക്റ്റ്‌സ്, കോട്ടക്കല്‍) ആണ്. തൃശൂര്‍ ജില്ലയില്‍ ചാവക്കാടിനടുത്ത് പാടൂരില്‍ പ്രധാനപാതയില്‍ നിന്ന് 50 മീറ്റര്‍ അകലെയാണ് ഈ വീട്.

സൗദി അറേബ്യയില്‍ ഡോക്ടറായ സുഹൈല്‍ ഉമ്മറിന്റെയും കുടുംബത്തിന്റേയുമാണ് ഈ വീട്. രണ്ടു മക്കളാണ് ഈ ഡോക്ടര്‍ ദമ്പതിക്കുള്ളത്.പേവിങ് ടൈല്‍ പാകിയൊരുക്കിയ വിശാലമായ മുന്‍മുറ്റത്തു നിന്ന് ചെടികള്‍ വച്ചലങ്കരിച്ച് ഹരിതാഭയാര്‍ന്ന പൂമുഖത്തേക്ക് കടക്കാം. സമകാലികശൈലി പിന്‍പറ്റിയ ഈ ഗേഹത്തില്‍ ഇരു പൂമുഖങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. പ്രധാന പൂമുഖത്തുനിന്ന് മിതത്വം മുഖമുദ്രയാക്കിയ ലിവിങ്ങിലേക്കും വശത്തെ പൂമുഖത്തുനിന്നും ഡൈനിങ്ങിലേക്കുമാണ് പ്രവേശനം. ലിവിങ്ങില്‍ ഡോര്‍ കം വിന്‍ഡോയും ഡൈനിങ്ങില്‍ സ്ലൈഡിങ് ഡോര്‍ കം വിന്‍ഡോയും സ്ഥാപിച്ചത് വ്യത്യസ്തതയാണ്. വീട്ടുകാരുടെ അഭിരുചിക്കും, ആവശ്യങ്ങള്‍ക്കും അനുസൃതമായി മെനഞ്ഞെടുത്ത ഫര്‍ണിച്ചറാണ് വീട്ടകത്ത് സ്ഥാനം പിടിച്ചത്.

കോര്‍ട്ട്‌യാര്‍ഡിനു ചുറ്റും

വർണ്ണശബളിമയും , കെട്ടുകാഴ്ചയും ഒഴിവാക്കണമെന്ന പോലെ പ്രകാശലഭ്യതയും വായു സഞ്ചാരവും പരമാവധി ഉറപ്പാക്കണമെന്നും നിഷ്‌കര്‍ഷയുണ്ടായിരുന്നു വീട്ടുടമയ്ക്ക്. അതുകൊണ്ടു തന്നെ ഇരിപ്പിട സൗകര്യത്തോടെ ഒരുക്കിയ കോര്‍ട്ട്‌യാര്‍ഡിനെ കേന്ദ്രീകരിച്ചാണ് അകത്തളങ്ങളുടെ വിന്യാസം. ലിവിങ്ങിന്റെ പുറകിലുള്ള പാസ്സേജിലൂടെ കോര്‍ട്ട്‌യാര്‍ഡിലേക്കെത്താം. ഓപ്പണ്‍ കോര്‍ട്ട്‌യാര്‍ഡായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും, മഴവെള്ളം അകത്തെത്തുമ്പോഴുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായി വായുസഞ്ചാരത്തിനുള്ള സൗകര്യം മാത്രം നല്‍കി മുകള്‍ഭാഗം അടയ്ക്കുകയായിരുന്നു. കോര്‍ട്ട്‌യാര്‍ഡിന്റെ ഭിത്തിയില്‍ ഗ്രില്ലിന്റെ നിഴല്‍ പതിക്കുമ്പോള്‍ വിരിയുന്ന സ്വാഭാവിക ഡിസൈനുകള്‍ വളരെ ആകര്‍ഷകമാണ്. ബ്ലാക്ക് ഗ്രനൈറ്റില്‍ നിര്‍മ്മിച്ച ഇരിപ്പിടത്തിനു പുറമെ പ്ലാന്റര്‍ ബോക്‌സിലെ ചെടികള്‍ പകരുന്ന ഹരിതഭംഗിയും കോര്‍ട്ട്‌യാര്‍ഡിന് അലങ്കാരമാകുന്നുണ്ട്.

കോര്‍ട്ട്‌യാര്‍ഡിനിടതു വശം ലൈബ്രറിയും വലതുവശം ഡൈനിങ്ങുമാണ് ഇടം പിടിച്ചിരിക്കുന്നത്. ഇവയ്ക്ക് അനുബന്ധമായാണ് മറ്റ് ഇടങ്ങള്‍. പ്രെയര്‍ ഏരിയ, സ്റ്റഡി ഏരിയ എന്നിങ്ങനെ വിവിധോദ്ദേശ്യപരമായി ഉപയോഗപ്പെടുത്തുന്ന ലൈബ്രറിക്കടുത്താണ് മാസ്റ്റര്‍ ബെഡ്‌റൂം. ഡൈനിങ്ങിനു പുറകില്‍ കിച്ചനും അതിന്റെ പുറകില്‍ വര്‍ക്കേരിയയുമാണുള്ളത്. മാസ്റ്റര്‍ ബെഡ്‌റൂം ഒഴികെയുള്ള രണ്ടു കിടപ്പുമുറികളും കോര്‍ട്ട്‌യാര്‍ഡിന്റെ പുറകിലാണ് വരുന്നത്.

അക്ഷരചാരുതയില്‍

ലിവിങ്ങിലെ കസ്റ്റംമെയ്ഡ് കോഫി ടേബിളിനും, മോഡുലാര്‍ കിച്ചനും ‘C’ ആകൃതിയാണ്. നല്ല വായനാശീലമുള്ള ഗൃഹനാഥന്റെ നിര്‍ബന്ധപ്രകാരം വുഡന്‍ ഫ്‌ളോറിങ്ങോടെ കോര്‍ട്ട്‌യാര്‍ഡിനും, മാസ്റ്റര്‍ ബെഡ്‌റൂമിനും ഇടയ്ക്ക് ഉള്‍ക്കൊള്ളിച്ച ലൈബ്രറിയിലും ഇംഗ്ലീഷ് അക്ഷരരൂപങ്ങളുണ്ട്. വായിക്കുക എന്നര്‍ത്ഥം വരുന്ന ‘READ’ എന്ന ഇംഗ്ലീഷ് പദരൂപത്തിലാണ് ഇവിടുത്തെ ഷെല്‍ഫ് രൂപകല്‍പ്പന ചെയ്തത്. ആര്‍ക്കിടെക്റ്റിന്റെ നിര്‍ദ്ദേശം ഗൃഹനാഥന്‍ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. കുടുംബാംഗങ്ങളുടെയും, അതിഥികളുടെയും വായനാശീലം പരിപോഷിപ്പിക്കുക എന്ന സദ്ദുദ്ദേശ്യവും ഇതിനു പിന്നിലുണ്ടായിരുന്നു.

ഉപയോഗമാണ് പ്രധാനം

പുറകുവശത്തുള്ള കിച്ചനില്‍ നിന്ന് ഉപയുക്തത ആധാരമാക്കി ഒരുക്കിയ ഡൈനിങ്ങിലേക്ക് സര്‍വ്വീസ് കൗണ്ടര്‍ നല്‍കിയത് ഏറെ സൗകര്യപ്രദമാണ്. ഇരുവശങ്ങളിലും ക്രോക്കറി ഷെല്‍ഫും, താഴെ സ്റ്റോറേജ് സൗകര്യവും നല്‍കി ഒരുക്കിയ സര്‍വീസ് കൗണ്ടറിനു പുറകില്‍ വളരെ ഒതുക്കത്തിലാണ് വാഷ് ഏരിയ ക്രമീകരിച്ചത്. ഇവിടെയും മതിയായ സ്റ്റോറേജ് സൗകര്യമുണ്ട്.
‘ഇ’ ഷേപ്പ് മോഡുലാര്‍ കിച്ചനില്‍ ബ്രൗണ്‍ ഗ്രനൈറ്റ് ഫ്‌ളോറിങ്ങാണ് ചെയ്തത്. ബ്ലാക്ക് ഗ്രനൈറ്റ് കൗണ്ടര്‍ടോപ്പും, സ്ലേറ്റ് കളര്‍ വാള്‍ടൈല്‍ പാകിയ ബാക്ക് സ്പ്ലാഷുമാണ് ഇവിടെയുള്ളത്. കിച്ചനു പുറകിലായി വര്‍ക്കേരിയയും ഒരുക്കിയിട്ടുണ്ട്.

ഉപയുക്തത ആധാരമാക്കി ഒരുക്കിയ മൂന്ന് ബാത്ത്അറ്റാച്ച്ഡ് കിടപ്പുമുറികളിലും ഫുള്‍ഹൈറ്റ് വാഡ്രോബുകളുണ്ട്. ഈ മൂന്നു മുറികളിലും വൈറ്റ് വിട്രിഫൈഡ് ടൈലാണ് ഫ്‌ളോറിങ്ങിനുപയോഗിച്ചത്. എല്‍ ഇ ഡി ലൈറ്റുകളുടെ ഉപയോഗവും പകല്‍ ഒരു ലൈറ്റു പോലും തെളിയിക്കേണ്ടി വരുന്നില്ല എന്നതും വൈദ്യുതിച്ചെലവ് കുറയ്ക്കാന്‍ സഹായകമാകുന്നുണ്ട്. വിശാലമായ പിന്‍മുറ്റം സമീപഭാവിയില്‍ തന്നെ പച്ചക്കറിത്തോട്ടമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് വീട്ടുകാര്‍. സ്വയംപര്യാപ്തമായ ജീവിതം ഇഷ്ടപ്പെടുന്നവര്‍ക്കിണങ്ങിയ വീടു തന്നെ, ഇത്.